ഫിര്‍ദൗസ് കായല്‍പ്പുറം

December 23, 2020, 5:05 pm

”പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സിനിമയിലൂടെയല്ല; ഒടുവില്‍ എന്റെ ഉദ്ദേശശുദ്ധിയെ പ്രകീര്‍ത്തിച്ച് വേഷം ചെയ്യാന്‍ ടീച്ചര്‍ സമ്മതിച്ചു, ടീച്ചറെ അഭിനയിക്കാന്‍ ക്ഷണിച്ചത് ഓര്‍ത്തെടുത്ത് ഗാനരചയിതാവ്

'ഭൂമിയുടെ മക്കളെ' ചേര്‍ത്തുപിടിച്ച ടീച്ചറമ്മ
Janayugom Online

പരിസ്ഥിതിയുടെ പര്യായമായിരുന്നു സുഗതകുമാരി ടീച്ചര്‍. അതുകൊണ്ടാകാം. ‘ഭൂമിയുടെ മക്കള്‍’ എന്ന പേരില്‍ കുട്ടികള്‍ക്കു വേണ്ടി ഒരു പരിസ്ഥിതി സിനിമയുടെ തിരക്കഥ രചിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ ആദ്യ പേര് സുഗതകുമാരി ടീച്ചറുടേതായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയുടെ വേഷം ചെയ്യാമോ എന്ന് അഭ്യര്‍ത്ഥിക്കാന്‍ തിരുവനന്തപുരത്തെ വസതിയിലെത്തുമ്പോള്‍ കാലിന് പരിക്കേറ്റ് ടീച്ചര്‍ വിശ്രമത്തിലായിരുന്നു. വിഷയം അവതരിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി ടീച്ചര്‍ പൊട്ടിത്തെറിച്ചു, ശകാരിച്ചു- ”പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സിനിമയിലൂടെയല്ല, കാടും നാടും നശിപ്പിക്കുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ രംഗത്തിറങ്ങണം. അതിനു നിങ്ങള്‍ തയാറുണ്ടോ?. ഞാന്‍ എത്രകാലമായി പറയുന്നു, എല്ലാവര്‍ക്കും അവരവരുടെ കാര്യം. കാടും നാടും നശിപ്പിക്കുന്നവര്‍ക്ക് ഇവിടെ എല്ലാവരും ഒത്താശ ചെയ്യുകയാണല്ലോ”…?

ടീച്ചര്‍ നേതൃത്വം നല്‍കിയ സൈലന്റ് വാലി പ്രക്ഷോഭം ഉള്‍പ്പെടെ ഫലം കണ്ടതിന്റെ തെളിവാണ് എന്നെപ്പോലുള്ള പുതുതലമുറ എഴുത്തുകാര്‍ ഇപ്പോള്‍ ടീച്ചറെ തേടിവന്നതെന്ന് ഞാന്‍ പറഞ്ഞു. അല്‍പനേരത്തെ മൗനത്തിന് ശേഷം എന്റെ ഉദ്ദേശശുദ്ധിയെ പ്രകീര്‍ത്തിച്ച് വേഷം ചെയ്യാന്‍ ടീച്ചര്‍ സമ്മതിച്ചു. ഷൂട്ടിംഗ് ദിവസം തിരുവനന്തപുരം കരകുളം സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ടീച്ചറുടെ വീട്ടിലെത്തി. അവിടെ തന്നെയായിരുന്നു ലൊക്കേഷന്‍. പതിവിലും പ്രസന്നതയോടെ ടീച്ചര്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചു വാത്സല്യം പകര്‍ന്നു. അധ്യാപകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും ഒപ്പം ടീച്ചര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ആക്ഷനും കട്ടിനുമിടയിലും അല്ലാതെയും ടീച്ചര്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. മരം മുറിച്ചു കടത്താനൊരുങ്ങുന്ന മാഫിയകളെ ചെറുക്കാന്‍ വി എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതും അവര്‍ക്ക് അധ്യാപികയെന്ന നിലയില്‍ സുഗതകുമാരി ടീച്ചര്‍ നേതൃത്വം നല്‍കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

സുഗതകുമാരി ടീച്ചറുടെ മനസ്സ് എപ്പോഴും പ്രകൃതിക്കൊപ്പമായിരുന്നു. മരങ്ങളെയും കിളികളെയും ഇത്രയേറെ സ്‌നേഹിച്ച മറ്റൊരു കവി മലയാളത്തിലില്ല. വര്‍ണനകള്‍ക്കും ഭാവനകള്‍ക്കും മാത്രമായി പ്രകൃതിയെ ‘ചൂഷണം’ ചെയ്ത് വാക്കുകള്‍ നിരത്തിയ കവികളില്‍ നിന്ന് വ്യത്യസ്തയായിരുന്നു ടീച്ചര്‍. കവിതയുടെ നിര്‍മാണ സാമഗ്രികളായല്ല ടീച്ചര്‍ പ്രകൃതിയെ കണ്ടത്. പ്രകൃതിക്ക് വേണ്ടി എഴുതുകയും പാടുകയും മാത്രമായിരുന്നില്ല, സംരക്ഷണ കവചമൊരുക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ ടീച്ചറായിന്നു കേരളത്തിലെ, ഇന്ത്യയിലെ ആദ്യ ആക്ടിവിസ്റ്റ്.