24 April 2024, Wednesday

തിന്മകൾക്കെതിരെ ‘തീ’

Janayugom Webdesk
July 3, 2022 7:00 am

സൂപ്പർ സ്റ്റാറുകളില്ല, ബ്രഹ്മാണ്ഡചിത്രങ്ങളെ വെല്ലുന്ന ഷോട്ടുകളോ സെറ്റോ ഗ്രാഫിക്‌സോ ഇല്ല. എങ്കിലും ‘തീ’ എന്ന ചിത്രത്തെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നു. പ്രദർശനത്തിനെത്തുമ്പോൾ ‘തിന്മകൾക്കെതിരെ തീ’ എന്ന പേരിൽ പ്രതീകാത്മകമായി തിയേറ്ററുകളുടെ പരിസരമാകെ മൺചെരാതുകൾ കത്തിച്ച് ദീപാലംകൃതമാക്കാനാൻ തീരുമാനിച്ചു കഴിഞ്ഞു. ‘നന്മകളുടെ പക്ഷം ചേർന്ന് ഒരു സഹൃദയ കൂട്ടുകെട്ട് ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സ്ത്രീകളും കുട്ടികളും ചേർന്നായിരിക്കും ദീപങ്ങൾ കൊളുത്തുക.
തിയേറ്ററുകളിൽ എത്തുംമുമ്പ് കേരള നിയമസഭാവേദിയിൽ സഭാംഗങ്ങൾക്കായി ആദ്യ പ്രദർശനം നടത്തിക്കൊണ്ട് സിനിമാ ചരിത്രത്തിലും നിയമസഭാ ചരിത്രത്തിലും ഒരുപോലെ ഇടം നേടിയ ചിത്രം കൂടിയാണ് തീ.
‘വസന്തത്തിന്റെ കനൽ വഴികളിൽ’ എന്ന ചിത്രത്തിനു ശേഷം അനിൽ വിനാഗേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തീ എന്ന ചിത്രത്തിന്റെ പുതുമകളും പ്രത്യേകതകളും പാട്ടുകളുമൊക്കെ ഗ്രാമങ്ങളിൽപോലും ചർച്ചയായിക്കഴിഞ്ഞു. നായകനായി മുഹമ്മദ് മുഹസിൻ എംഎൽഎയെയും നായികയായി സാഗരയെയും ആദ്യമായി വെള്ളിത്തിരയിലെത്തിക്കുന്നു.
പ്രണയ രംഗങ്ങളിൽ സൗമ്യസുന്ദരനായ റൊമാന്റിക് ഹീറോ ആയും പ്രതിസന്ധി ഘട്ടങ്ങളിൽ ഗൗരവപ്രകൃതിയായ യുവാവായും പിന്നീട് വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കുന്ന ഉറച്ചനായകനായും മികച്ച പ്രകടനം തന്നെയാണ് ഒരു പുതുമുഖ നടനെന്ന നിലയിൽ മൊഹ്സിൻ നടത്തിയതെന്ന് സംവിധായകൻ അനിൽ നാഗേന്ദ്രൻ പറയുന്നു. അതുപോലെ പുതുമുഖമാണെന്ന് തോന്നിപ്പിക്കാത്ത അസാധാരണ അഭിനയ പാടവത്തോടെ മീനാക്ഷിയെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ സാഗരയും ആദ്യ പ്രദർശനത്തിൽ കൈയ്യടി നേടി.
ജനപ്രിയ നടനായ ഇന്ദ്രൻസ് ആരും പ്രതീക്ഷിക്കാത്ത രൂപഭാവ വ്യതിയാനങ്ങളോടെ ഒരു അധോലോക നായകനായി അരങ്ങു വാഴുമ്പോൾ ‘വസന്തത്തിന്റെ കനൽ വഴികളിൽ’ എന്ന ചിത്രത്തിൽ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത് ശ്രദ്ധേയനായ പുതുമുഖം ഋതേഷ്, നിഷ്ഠുരനും സാഹസികനുമായ ഒരു ക്വട്ടേഷൻ കൊലയാളിയുടെ വേഷത്തിൽ അവിസ്മരണീയ പ്രകടനമാണ് നടത്തുന്നത്. പ്രേംകുമാർ, രമേഷ് പിഷാരടി, വിനു മോഹൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, ജയകുമാർ (തട്ടീം മുട്ടീം ഫെയിം), കോബ്ര രാജേഷ്, രശ്മി അനിൽ, സോണിയ മൽഹാർ തുടങ്ങിയവർ തീയിൽ ശക്തമായ കഥാപാത്രങ്ങളെയാണവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മത്സരിച്ചഭിനയിച്ചു കൊണ്ട് സി ആർ മഹേഷ് എംഎൽഎ യും മുൻ എംപി മാരായ സുരേഷ് കുറുപ്പും സോമപ്രസാദും വിപ്ലവ ഗായിക പി കെ മേദിനിയും ജനാധിപത്യ മഹിളാ അസോസ്സിയേഷൻ നേതാവ് സൂസൻ കോടിയും പിന്നണി ഗായകരായ ഉണ്ണി മേനോനും സി ജെ കുട്ടപ്പനും നാടകരംഗത്തെ അതികായൻ ആർട്ടിസ്റ്റ് സുജാതനും സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവായ ഡോൾഫിൻ രതീഷും സ്ക്രീനിൽ നിറയുന്നു. ജൂലൈ 15 മുതല്‍ തീ തിയേറ്റുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.