ആമസോണ്‍ വനത്തിലെ അഗ്നിബാധ: വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്‌

Web Desk

ബ്രസീൽ

Posted on August 23, 2019, 6:51 pm

ആമസോണ്‍ വനത്തിലെ അഗ്നിബാധ  വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്‌ ജെയ്ര്‍ ബൊല്‍സൊനരൊ.  ആമസോണ്‍ വനത്തിലെ തീ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് ബ്രസീലിയന്‍ പ്രസിഡന്റ്‌ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ വീട് കത്തിക്കൊണ്ടിരിക്കുകയാണ്, ആമസോണ്‍ മഴക്കാട്‌നമ്മുടെ ഗ്രഹത്തിന് ആവശ്യമായതിന്റെ 20 ശതമാനം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ശ്വാസകോശം ആണ്,’ എന്നാണ് ഇമ്മാനുവേല്‍ മക്രോണ്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.   കൂടാതെ ഗ്രൂപ്പ് 7 രാജ്യങ്ങളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നും ഇമ്മാനുവേല്‍ മക്രോണ്‍ ആവശ്യപ്പെട്ടിരുന്നു. ’

എന്നാല്‍ മക്രോണിന്റെ പ്രസ്താവന വ്യക്തിപരമായും രാഷ്ട്രീയപരമായുമുള്ള നേട്ടത്തിന് വേണ്ടിയാണെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. മക്രോണ്‍ അതിവൈകാരികതയോടെ പറഞ്ഞ വാക്കുകള്‍ കൊണ്ട് യാതൊരു പരിഹാരവും ഉണ്ടാവില്ലെന്നാണ് ബൊല്‍സൊനരൊ തിരിച്ചടിച്ചത്.  കാടിന് തീപിടിച്ചത് സര്‍ക്കാരിതര സംഘടനകള്‍ തീവച്ചത് കൊണ്ടാണെന്നാണ് ബൊല്‍സൊനരൊ ബുധനാഴ്ച പറഞ്ഞത്. എന്നാല്‍ ഈ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവും അദ്ദേഹം പുറത്തുവിട്ടില്ല. പക്ഷെ വ്യാഴാഴ്ച, കര്‍ഷകരെയാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. മഴക്കാടുകള്‍ ഖനനത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും കമ്പനികള്‍ക്ക് കെട്ടിടം പണിയുന്നതിനുമായി വിട്ടുകൊടുക്കണം എന്ന വാദക്കാരനാണ് ബോല്‍സൊനരൊ. ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ഇത് നശിക്കുന്നത് ആഗോളതാപനത്തിലും മഴയുടെ ലഭ്യതയിലും വലിയ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

you may also like this video