May 27, 2023 Saturday

വെന്തുചത്തില്ലെങ്കിൽ വെടിയുണ്ട ശിക്ഷ!

അന്ന
January 12, 2020 5:30 am

കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ കാട്ടുതീയാണ് ആസ്ട്രേലിയ കണ്ടതും ഇപ്പോഴും അണയാതെ കനലായി കത്തുന്നതും. ആമസോൺ പച്ചിലക്കാട് നിന്നു കത്തിയതിന്റെ ഭീതിയും ദുർഫലങ്ങളും കണ്ട ലോകത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ആസ്ട്രേലിയയേയും കാട്ടുതീ വിഴുങ്ങിയത്. 170, 000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് കാട് ആഴ്ചകളോളം നിന്നു കത്തിയത്. കേരളത്തിന്റെ മൂന്നിരട്ടിവലിപ്പം! 2,200 വീടുകൾ ഉൾപ്പെടെ 6,000ഓളം കെട്ടിടങ്ങൾ ഒന്നിനും കൊള്ളാത്തവയായി, 28 മരണങ്ങൾ, തിട്ടപ്പെടുത്താനാവാത്ത സമ്പത്ത്, 480 ദശലക്ഷത്തോളം വരുന്ന ജീവജാലങ്ങൾ. ഒക്കെയും കരിഞ്ഞുചാമ്പലായി! കാട്ടുതീ കെട്ടടങ്ങി തുടങ്ങിയെങ്കിലും ആസ്ട്രേലിയയിൽ ആളിപ്പടർന്ന രാഷ്ട്രീയവിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ചൂടിൽ കൊടുമ്പിരി കൊള്ളുന്ന ആസ്ട്രേലിയ കഴിഞ്ഞ ദിവസം എടുത്ത (അവരുടെ കണ്ണിൽ വളരെ സ്വാഭാവികമായ) ഒരു തീരുമാനം ലോകമാധ്യമങ്ങളിൽ നാം കണ്ടു. ആസ്ട്രേലിയയിൽ കറങ്ങിനടക്കുന്ന ഒട്ടകങ്ങളെ നിർദ്ദയം വെടിവെച്ചുകൊല്ലുന്നതിനു അനുമതി നല്കുന്നതിനെക്കുറിച്ചായിരുന്നു അത്. നമ്മുടെ നാട്ടിൽ തെരുവുപട്ടികളുടെ ശല്യം ക്രമാതീതമായപ്പോൾ സർക്കാർ പട്ടിപിടുത്തക്കാരെ ഇറക്കിയതിന്റെ ദയ ലവലേശമില്ലാത്ത ആസ്ട്രേലിയൻ പതിപ്പായ ‘ഒട്ടകംപിടുത്തം’! കാണുന്ന മാത്രയിൽ ഒട്ടകങ്ങളെ വെടിവെച്ചുകൊല്ലാനുള്ള അനുമതിയാണ് ഗവണ്മെന്റ് നൽകിയത്.

ഏതാണ്ട് 10 ലക്ഷത്തോളം വരുന്ന ഒട്ടകങ്ങളെ ഹെലികോപ്റ്ററിൽ നിന്ന് കൊണ്ട് കൂട്ടത്തോടെ വെടിവെച്ചുകൊല്ലാനായി ഹെലികോപ്ടറും സ്നൈപ്പർമാരെയും ഗവൺമെന്റ് നിയമിച്ചു എന്ന് മാത്രമല്ല, ദിവസങ്ങൾക്കുള്ളിൽ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്ന് തള്ളിയതായി അവർ അവകാശപ്പെടുകയും ചെയ്തു കഴിഞ്ഞു. ആസ്ട്രേലിയയിലെ ഒട്ടകപ്രശ്നം അത്ര ലളിതമല്ല. വിശാലമായ ആസ്ട്രേലിയൻ മരുഭൂമിയിൽ 10 ലക്ഷത്തോളം ഒട്ടകങ്ങൾ കറങ്ങിനടക്കുകയാണെന്നാണ് കണക്ക്. ദാഹാർത്തരായ ഒട്ടകങ്ങൾ ഗ്രാമങ്ങളിലേക്കിറങ്ങി ഗ്രാമീണരുടെ വെള്ളം കുടിച്ചുതീർക്കുന്നു എന്നതാണ് പ്രധാനകുറ്റം. ഗ്രാമീണർക്ക് വെള്ളം ലഭിക്കുന്നില്ലത്രേ. മാത്രവുമല്ല ആടുകളുടെ മേച്ചിൽപുറങ്ങളിൽ അതിക്രമിച്ചുകടക്കുന്നു, കൃഷിയിടങ്ങൾ നശിപ്പിക്കുന്നു, വൃത്തിയും വെടിപ്പുമില്ലാതെ കൂട്ടമായി അലഞ്ഞുതിരിയുന്നു തുടങ്ങിയ ആരോപണങ്ങളും ഈ ‘ബി ഗ്രേഡ്‘മൃഗങ്ങൾക്ക് മേലുണ്ട്. നമ്മുടെ നാട്ടിലെ മൃഗങ്ങളേയും കുഞ്ഞുങ്ങളേയും തെരുവ്പട്ടികൾ ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് തെരുവിൽ പട്ടിപിടുത്തക്കാരിറങ്ങിയത്. എന്നാൽ പാവം ഒട്ടകങ്ങൾ മനുഷ്യരെ ആക്രമിക്കുകയോ അക്രമാസക്തരാവുകയോ ചെയ്യാറില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മുടെ നാട്ടിൽ കാടിനോട് ചേർന്ന് താമസിക്കുന്ന ഇടങ്ങളിൽ കുരങ്ങൻമാരോ പരമാവധി പന്നികളോ ചെയ്യുന്നതിന് സമാനമായ ‘പണി‘ക്കാണ് ആസ്ട്രേലിയ ഒട്ടകങ്ങളെ ഉൻമൂലനം ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പഴയതും പുതിയതും ചെറുതും വലുതുമായ ചില ഭൂത‑വർത്തമാനങ്ങൾ കൂടി ചേർത്തുവച്ച് വായിക്കേണ്ട ഒന്നാണ് ആസ്ട്രേലിയയിലെ ഒട്ടകഉൻമൂലനം. ഏറ്റവും പ്രധാനകാര്യം ഒട്ടകങ്ങൾ യഥാർത്ഥത്തിൽ ആസ്ട്രേലിയൻ ‘പൗരൻമാര’ല്ല എന്നതാണ്. ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമാണ് ഒട്ടകങ്ങൾ ആദ്യമായി ആസ്ട്രേലിയയിൽ എത്തുന്നത്.

1770 ബ്രിട്ടീഷ് നാവികനായ ജെയിംസ് കുക്ക് ഈ ഭൂഖണ്ഡം കണ്ടെത്തി കോളനിയാക്കിയ ശേഷം പത്തൊമ്പാതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ബ്രിട്ടീഷ്സാമ്രാജ്യം പ്രധാനമായും രണ്ട് വിഭാഗങ്ങളെ ആസ്ട്രേലിയയിൽ എത്തിച്ചു. ഒന്ന് ഒട്ടകങ്ങൾ. മറ്റൊന്ന് കുറ്റവാളികൾ! ആസ്ട്രേലിയയിൽ സർണഖനനമുൾപ്പെടെയുള്ള പുത്തൻവ്യാവസായിക ദൗത്യങ്ങൾ ആരംഭിക്കുന്ന കാലയളവിൽ കുറഞ്ഞ കൂലിയിൽ അവിടെ പണിയെടുക്കുന്നതിനായി ബ്രിട്ടന്‍ കണ്ട ഒരെളുപ്പമാർഗം ബ്രിട്ടനിൽ വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ ആസ്ട്രേലിയയിലേക്ക് കയറ്റി അയക്കുക എന്നതായിരുന്നു. അവർക്കൊപ്പം സ്ത്രീതടവുകാരെ അയക്കുകയും ഇരുകൂട്ടർക്കും ഒരുമിച്ച് താമസിക്കുവാനുള്ള സൗകര്യമൊരുക്കുകയും ചെയ്ത് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഒരു ‘ഇംഗ്ലീഷ് കമ്മ്യൂണിറ്റി’ തന്നെ അവിടെ ഉണ്ടായി. അവരിൽ പലരും പിന്നീട് കപ്പൽനിർമാണക്കാരും ബാങ്കർമാരും തിമിംഗലവേട്ടക്കാരും വൻകിടഭൂവുടമകളും വ്യവസായികളുമായി മാറിയെന്നതാണ് ആസ്ട്രേലിയ രാജ്യ രൂപീകരണത്തിന്റെ ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ട്രേലിയൻ അധിനിവേശ മാതൃക! വ്യവസായവികസനത്തിന്റെ ആദ്യഘട്ടങ്ങളിൽ യാത്ര — ചരക്ക് സൗകര്യങ്ങൾക്കായി ഒട്ടകങ്ങളെ ഉപയോഗിക്കാൻ സാമ്രാജ്യത്വബുദ്ധി തീരുമാനിച്ചു. ഒട്ടകങ്ങളെ കയറ്റിയയ്ക്കാൻ ബ്രിട്ടീഷുകാർ തെരഞ്ഞെടുത്ത ആദ്യകോളനി ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിന് കുതിരകളെ സപ്ലൈ ചെയ്യുന്ന ‘കുതിരക്കച്ചവടക്കാരൻ’ ജോർജ് ലാന്റലിനെ തന്നെ ഒട്ടകങ്ങളുടെ ചുമതലയും ഏൽപ്പിച്ചു. രാജസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും തലയെടുപ്പും ഒറ്റപൂഞ്ഞയുമുള്ള കരുത്തരും സുന്ദരികളുമായ ഒട്ടകങ്ങളെ ലാന്റൽ ആസ്ട്രേലിയയിലേയ്ക്കയച്ചു. 1844–1897 കാലയളവിൽ ഏകദേശം 25,000 ഓളം ഒട്ടകങ്ങൾ ആദ്യമായി ആസ്ട്രേലിയൻ മണ്ണിൽ കാലുകുത്തി. ആസ്ട്രേലിയയിലെ ചരക്ക്-യാത്രാസഞ്ചാരം ദ്രുതഗതിയിലായി അബോറിജിൻസ്(Aborigins) എന്ന് പൊതുവിൽ അറിയപ്പെടുന്ന ആസ്ട്രേലിയൻ ആദിവാസികളെ ഊരുകളിലേക്ക് പായിച്ചുകൊണ്ട് ആസ്ട്രേലിയയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം ഒട്ടകപ്പുറത്തേറി വ്യവസായവിപ്രവത്തിന്റെ അശ്വമേധം നടത്തി. ആസ്ട്രേലിയയിലേക്ക് കുടിയേറിയ ‘ക്യാമൽ ഡ്രൈവർമാർ’ക്ക് ഇംഗ്ലീഷ്കാരൻ കാമിലീയേഴ്സ്(Cameleers) എന്ന് പേരുമിട്ടു. ഒട്ടകങ്ങളുടെ ‘നോട്ടക്കാർ’ ഇന്ത്യയിൽ നിന്നുള്ള മുസ്ലിങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുമായതു കൊണ്ട് അവർ ‘ഖാൻ’മാരെന്നും അറിയപ്പെട്ടു. ഒട്ടകപരിപാലകരായവർ ഭൂരിഭാഗം പേരും ‘ഖാൻമാരാ‘യതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. രാജസ്ഥാനിലെ റയ്കകൾ എന്നറിയപ്പെടുന്ന പരമ്പരാഗത ഒട്ടകപരിപാലകർ കടുത്ത ഹിന്ദുവിശ്വാസികളും ഒട്ടകങ്ങൾ പാർവതിയുടെ ദാനമാണെന്ന് കരുതുന്നവരുമായതിനാൽ അവർക്ക് വിലക്കുകൾ ഏറെയുണ്ടായിരുന്നു. കടൽ കടന്ന് പോകാൻ അവർ മടിച്ചു. ഏതായാലും ഇന്ത്യൻ ഒട്ടകങ്ങൾ ആസ്ട്രേലിയയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വം കെട്ടിപ്പടുത്ത രാഷ്ട്ര ശില്പികളിൽ പ്രധാനികളായി മാറി.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മോട്ടോർവാഹനങ്ങൾ പ്രചാരത്തിൽ വന്നതോടെ ഒട്ടകങ്ങൾക്ക് പണിയില്ലാതായി. ‘ഖാൻ’മാർ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോയപ്പോൾ ആരും ഒരു ഒട്ടകത്തെപോലും കൂടെ കൂട്ടിയില്ല. അങ്ങനെയവർ അന്യനാട്ടിൽ ആരുമില്ലാത്തവരുമായി. മരുഭൂമിയിലെ കപ്പലുകൾ ദിക്കുകളറിയാതെ ഒഴുകിനടന്നു. വഴിയാധാരമായ രണ്ടാംകിടപൗരൻമാരെ പോലെ ആരാലും നോക്കാതെ, ശ്രദ്ധിക്കപ്പെടാതെ അലഞ്ഞുതിരിഞ്ഞുനടന്ന ‘രേഖകളില്ലാത്ത ആ കുടിയേറ്റക്കാരെ’ കൊല്ലുകയെന്നതല്ലാതെ മറ്റൊരു മാർഗത്തെക്കുറിച്ചും സ്കോട്ട് മോറിസൺ ചിന്തിച്ചില്ല. ആസ്ട്രേലിയൻ കാടിന് തീപിടിച്ചപ്പോൾ ഹവായ് ദ്വീപിൽ സുഖവാസത്തിന് പോയ ആളാണ് സ്കോട്ട് മോറിസൺ എന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി. രാജ്യം നിർമിക്കാനായി ഒരു കാലത്ത് വിളിച്ചാനയിച്ചുകൊണ്ടുവന്ന ഒട്ടകങ്ങൾ ഇന്ന് സ്വദേശിക്ക് മാരകമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിന്റെ പേരിൽ കൊന്നുതള്ളുന്ന ക്രൂര പദ്ധതിക്ക് ഒരു ദശകത്തിലേറെ പഴക്കമുണ്ട്. കൊന്നിട്ടും കൊന്നിട്ടും തീരാത്ത പദ്ധതി. Desert Knowl­edge എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 18 ബില്യൺഡോളർ ചെലവു വരുന്ന സർക്കാർ സ്പോൺസേർഡ് ഒട്ടക കൂട്ടക്കൊലയുടെ പ്രധാനഫണ്ട് ദായകർ BHP്. പ്രകൃതി ഇന്ധന-ഖനനരംഗത്തെ ആഗോളഭീമനായ ആഒജBHPെ സഹായസാന്നിധ്യവും കാലാവസ്ഥവ്യതിയാന രംഗത്തെ ശാസ്ത്രീയ കാഴ്ചപ്പാടുകളോടുള്ള മോറിസന്റെ മുഖം തിരിക്കലും ഒരിക്കലും യാദൃശ്ചച്ഛിയിരുന്നില്ല. കാട്ടുതീയ്ക്കു തൊട്ടുമുമ്പുപോലും ഹരിത വാതക അപകടത്തെ സംബന്ധിച്ച ആഗോള ശാസ്ത്രീയ നിലപാടുകളെപോലും മോറിസൺ പരിഹസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൽക്കരിഖനനത്തിനായി ആസ്ട്രേലിയൻ തരിശ്ഭൂമി (ഒട്ടകങ്ങൾ മേയുന്ന മരുഭൂമി) കോർപ്പറേറ്ററ്റു്ക് തുറന്നുകൊടുത്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ മുതലാളിത്തനില പാടുകളുംകൂടി ചേർത്തുവായിച്ചുകൊണ്ടുമാത്രം ഒട്ടകങ്ങളുടെ വംശഹത്യയെപ്പറ്റി ചിന്തിക്കുന്നതാണ് യുക്തിസഹം. ഒട്ടകത്തിന്റെ മാംസം, തോൽ, പാൽ, പാലുൽപ്പന്നങ്ങൾ, സവാരി, ടൂറിസം തുടങ്ങി ഒട്ടേറെ മേഖലകളിലൂടെ ഗവൺമെന്റ് കണക്കനുസരിച്ച് തന്നെ ഏതാണ്ട് 108 മില്യൺ ഡോളർ വരുമാനമുള്ള രാജ്യമാണ് ആസ്ട്രേലിയ എന്നോർക്കണം.

ഈ പ്രധാനമന്ത്രി സർ,വതും കവർന്നെടുത്ത കാട്ടുതീയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന യുവതിക്ക് ഹസ്തദാനം നൽകി പരിഹാസ്യനായതും സ്വന്തം അഗ്നിശമന സേനാ തലവനിൽ നിന്ന് ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന പഴിയേൽക്കേണ്ടിവന്നതും നാം കണ്ടതാണ്. ഇതേ മോറിസൺ തന്നെയാണ് 17 ബില്യൺ ഡോളറിന്റെ കാർമൈക്കൽ കോൾ മൈൻ എന്ന പുതിയ ഖനന പദ്ധതി സാക്ഷാൽ അദാനിക്ക് കരാറുറപ്പിച്ചതും ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചതും. അതെ പുല്ലു തിന്നുന്ന ഒട്ടകങ്ങൾ പലതും ഓർമ്മിപ്പിക്കും. കാട്ടുതീ പോലും ഒരു രാഷ്ട്രീയ ആയുധം എന്നതിനേക്കാൾ ഒരു രാഷ്ട്രീയ അവസ്ഥയും വ്,യവസ്ഥയുമാക്കി വിപുലീകരിക്കാൻ ശേഷിയുള്ള കോർപ്പറേറ്റ് സർവാധിപത്യലോകത്താണ് നമ്മളും ഈ ഒട്ടകങ്ങളും ജീവിക്കുന്നത്. സമാനമായ രാഷ്ട്രീയ അവസ്ഥകളിൽ ചരിത്രം ഉരിഞ്ഞുമാറ്റി നഗ്നരാക്കപ്പെട്ട ജനത വളരെ പെട്ടെന്ന് ഈ ഒട്ടകങ്ങളെപ്പോലെ അനധികൃതരാക്കപ്പെടുകയും കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും ചെയ്തേക്കാം. ജീവിച്ചിരിക്കുന്നതാണ് അവർ ചെയ്ത തെറ്റ്. കാട്ടുതീ വന്നിട്ടും വെന്തുതീരാഞ്ഞതാവട്ടെ മഹാ അപരാധവും. അതിനുള്ള ശിക്ഷ ഒന്നുകിൽ വെള്ളം കുടിക്കാതെ ചാവുക, അല്ലെങ്കിൽ വെടിയുണ്ടയേറ്റ് തീരുക എന്നതാണ്. കാലവും ലോകവും ജനാധിപത്യത്തിന്റേതെന്ന് പറയപ്പെടുന്നതുകൊണ്ട് ഏതു വേണമെന്ന് തീരുമാനിക്കാൻ ഒട്ടകങ്ങൾക്ക് അവകാശമുണ്ടായിരിക്കും! ഫോട്ടോ: വെടിയേറ്റുവീണ ഒട്ടകങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.