ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോക്ക് അക്രമി തീയിട്ടു: 13 മരണം

Web Desk
Posted on July 18, 2019, 3:33 pm

ജപ്പാനിലെ ക്യോട്ടോ നഗരത്തിലെ ആനിമേഷന്‍ സ്റ്റുഡിയോക്ക്  അജ്ഞാതനായ അക്രമി തീയിട്ടു. അപകടത്തില്‍ 13 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അപകടത്തിൽ 35ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില അതീവഗുരുതരമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സന്തോഷ് ഫുജിവാര പറഞ്ഞു. ക്യോട്ടോ നഗരത്തിലെ മൂന്നുനില സ്റ്റുഡിയോ കെട്ടിടത്തിനാണ് തീപ്പിടിച്ചത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് വലിയതോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാരും പോലിസും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 11 പേര്‍ കനത്ത പുകയില്‍ ശ്വാസതടസ്സമുണ്ടായതായാണ് മരിച്ചിരിക്കുന്നത്. ഇതുവരെയായും തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ലെന്നാണ് പോലിസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും അറിയിച്ചിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ 35 യൂനിറ്റുകളാണ് ഒരേസമയം തീയണയ്ക്കുന്നതിനായുള്ള കഠിപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.