നെടുങ്കണ്ടം മേഖലയില്‍ തീപിടിത്തം പതിവാകുന്നു

Web Desk
Posted on March 13, 2019, 7:38 pm
നെടുങ്കണ്ടം : നെടുങ്കണ്ടം മേഖലയില്‍ തീപിടിത്തം പതിവാകുന്നു. ചെമ്പകകുഴി ഭാഗത്ത് ഉണ്ടായ തീപിടിത്തത്തില്‍  ഒന്നര ഏക്കറോളം സ്ഥലമാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ മാടത്തുംപ്ലാക്കല്‍ വിദ്യാ പ്രദീപ്, പര്യായത്ത് രവികുമാര്‍ എന്നിവരുടെ സ്ഥലങ്ങളാണ് കത്തി നശിച്ചത്.
വിദ്യാ പ്രദീപിന്റെ ഒരേക്കര്‍ സ്ഥലവും, രവികുമാറിന്റെ് 40 സെന്റിലെ ആദായങ്ങളുമാണ് ഇന്നലെ കത്തി നശിച്ചത്. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ചും, ചപ്പുകള്‍ വെട്ടി അടിച്ചുമാണ് തീയണച്ചത്. തീപിടിച്ച സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചില്ല. തീപിടിക്കുവാനുള്ള കാരണം  കണ്ടെത്തുവാന്‍ കഴിഞ്ഞില്ലായെന്ന് നാട്ടുകാര്‍ പറയുന്നു. ശക്തമായ കാറ്റില്‍ തീ പെട്ടെന്ന് കത്തി പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടികൂടുകയും തീയണക്കുകയുമായിരുന്നു. തീ പെട്ടന്ന് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുവാനുള്ള സാവകാശം ലഭിച്ചില്ലായെന്ന് നാട്ടുകാര്‍ പറയുന്നു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം വീട്ടുകാര്‍ക്ക് ഉണ്ടായിരിക്കുന്നത്.