പെരിന്തല്‍മണ്ണയിലെ ഹോണ്ട ഷോറൂമില്‍ തീപിടുത്തം; 18 വാഹനങ്ങള്‍ കത്തി നശിച്ചു

Web Desk
Posted on April 05, 2018, 10:20 am

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടയുടന്‍ അഗ്‌നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്.

അടുത്തിടെ നവീകരിച്ച് ഷോറുമാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പുതിയ വാഹനങ്ങള്‍ മുകളിലെ നിലയിലായിരുന്നു. തീ മുകളിലേക്ക് പടരുമ്പോഴേക്കും നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി. തീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.