കരുനാഗപ്പള്ളിയില്‍ വന്‍ തീപിടിത്തം: രണ്ട് കടകള്‍ കത്തിനശിച്ചു; വീഡിയോ

Web Desk
Posted on June 11, 2019, 8:32 am

കരുനാഗപ്പള്ളിയില്‍ എ എം ഹോസ്പിറ്റലിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടക്കുഴിയില്‍ സൂപ്പര്‍മാര്‍ക്കറ്റും ഇതിനു മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി നഗരത്തില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിനാണ് തീപിടിച്ചത്.

കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചതെന്നാണ് വിവരം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇരുകടകളിലുമായി സംഭരിച്ചിരുന്നു. അവ പൂര്‍ണമായും കത്തിനശിക്കുന്ന സാഹചര്യമുണ്ടായി. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സിന്റെ ഇടപെടില്‍ വന്‍ ദുരന്തം ഒഴിവാക്കി. ഷോപ്പിങ് കോംപ്ലക്‌സിന് സമീപമുള്ള എ എം ഹോസ്പിറ്റലിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്.

കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. മൂന്നുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

തീപ്പിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യമുണ്ടായി. കെട്ടിടത്തിനുള്ളില്‍ ആള്‍ക്കാര്‍ ആരുമുണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അത്യാഹിതങ്ങള്‍ ഉണ്ടായില്ല. ഫോറന്‍സിക് പരിശോധന ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

വീഡിയോ: