Friday
18 Oct 2019

ആകാശത്ത് വെച്ച് എന്‍ജിനില്‍ തീ; വിമാനം സുരക്ഷിതമായി നിലത്തിറക്കി

By: Web Desk | Thursday 11 July 2019 3:47 PM IST


plain-janayugom

ന്യൂയോര്‍ക്ക്:  യുഎസില്‍ അറ്റ്‌ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്ക് പോയ വിമാനം എന്‍ജിനില്‍ തീ കണ്ടതിനേത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ക്യാബിനില്‍ പുകപടരുക കൂടി ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. 148 യാത്രക്കാരായിരുന്നു ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്നത്.

വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് യാത്രക്കാര്‍ എന്‍ജിനില്‍ തീ വലയം കണ്ടത്. ബാള്‍ട്ടിമോറിലെത്താന്‍ ഒരു മണിക്കൂര്‍ കൂടി യാത്രയുണ്ടായിരുന്നു. എന്‍ജിനില്‍ നിന്നും ഓറഞ്ച് നിറത്തിലുള്ള വലയം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ജീവനക്കാരെ വിവരമറിയിച്ചു. എന്‍ജിനിന്റെ ലോഹഭാഗം ഉരഞ്ഞ് തീപടരുന്നതുപോലെയാണ് തോന്നിയതെന്ന് യാത്രക്കാര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. അതിന് പിന്നാലെ ക്യാബിനിലേക്ക് പുക പടരുകയും ശബ്ദം കേള്‍ക്കുക കൂടി ചെയ്തതോടെയാണ് യാത്രക്കാര്‍ പരിഭ്രാന്തിയിലായത്.

നോര്‍ത്ത് കരോലിനയിലെ റാലീ ദുര്‍ഹാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ഗുരുതരമായ പ്രശ്‌നങ്ങളില്ല എന്നാണ് വിമാന കമ്ബനി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ വിമാനത്തിന്റെ ഇടത് എന്‍ജിന്‍ തകരാറിലാവുകയായിരുന്നുവെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

you may also like this video