Wednesday
18 Sep 2019

ഹൈടെക് ആകാനൊരുങ്ങി അഗ്നിശമന സേന; ചൂട് പ്രതിരോധ യൂണിഫോം വിതരണം തുടങ്ങി

By: Web Desk | Saturday 24 August 2019 10:07 PM IST


courtesy Face Book

പി ആര്‍ റിസിയ

തൃശൂര്‍: സ്വന്തം ജീവന്‍ പണയം വെച്ച് അത്യാഹിതങ്ങളില്‍ രക്ഷയ്‌ക്കെത്തുന്ന അഗ്നിശമനസേനയുടെ മുഖം മാറുന്നു. ആളിപ്പടരുന്ന തീയില്‍ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെ രക്ഷയ്‌ക്കെത്തിയിരുന്ന ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ലഭ്യമാക്കിയ ആധുനിക ചൂടു പ്രതിരോധ കുപ്പായങ്ങള്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്തെ അഗ്നിശമന സേനയെ ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ആദ്യഭാഗമായാണ് നടപടി. ഏകദേശം 30000 രൂപ വിലവരുന്ന യൂണിഫോമാണ് 4000ത്തോളം സേനാഅംഗങ്ങള്‍ക്ക് നല്‍കുന്നത്.

മുട്ടുവരെ ഉയരമുള്ള ഗംബൂട്ടും, പാന്റും ഷര്‍ട്ടും ഹെല്‍മെറ്റുമെല്ലാം അടങ്ങിയതാണ് പ്രതിരോധസെറ്റ്. തലയ്ക്കും മുഖത്തിനും പൂര്‍ണ സംരക്ഷണം നല്‍കുന്ന ഹെല്‍മെറ്റാണ് സുരക്ഷാ ഇനങ്ങളില്‍ മുന്‍പന്തിയില്‍. തീപിടിക്കാത്തതും പൊട്ടാത്തതുമായ കനം കുറഞ്ഞ ഗ്ലാസ്സ് മുന്‍ഭാഗത്തും പിന്‍കഴുത്തില്‍ പൊള്ളലേക്കാതിരിക്കാന്‍ അലൂമിനിയം പാളി പിന്‍ഭാഗത്തും ഘടിപ്പിച്ചിട്ടുള്ള ഹെല്‍മെറ്റില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനായി ടോര്‍ച്ചും ഘടിപ്പിച്ചിട്ടുണ്ട്. കടുത്ത ചൂടിനെയും തീയെയും പ്രതിരോധിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റിന് 15000ത്തോളം രൂപയാണ് വില.

ശരീരചലനങ്ങള്‍ക്കനുസരിച്ച് എളുപ്പത്തില്‍ വഴങ്ങുന്ന പാന്റും ഷര്‍ട്ടും പൂര്‍ണമായും ചൂടിനെ പ്രതിരോധിക്കുന്നതാണ്. തുണിപോലുള്ള വസ്തുവുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇതില്‍ തീപിടുത്ത സാധ്യതയും കുറവാണ്. രണ്ടുപാളികളുള്ള കുപ്പായത്തില്‍ തീപ്പൊരികള്‍ വീണാലും കത്തിപ്പടരുകയില്ലെന്നതാണ് നേട്ടം. കഴുത്തുമുതല്‍ ശരീരത്തെ മുഴുവന്‍ സംരക്ഷിക്കുന്ന കുപ്പായത്തില്‍ വയര്‍ലെസും മറ്റും സൂക്ഷിക്കാനായി പോക്കറ്റുകളുമുണ്ട്. ചൂട് നിശേഷം കടത്തിവിടാത്തതും തീയില്‍ ഏറെനേരം നിന്നാല്‍പോലും കത്തിപ്പിടിക്കാത്തതും ഉരുകാത്തതുമായ വസ്തു ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഗംബൂട്ട് ജീവനക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. കൂടാതെ കട്ടികൂടിയ കൈയ്യുറകളും ഇതോടൊപ്പമുണ്ട്.

തൃശൂര്‍ ജില്ലയിലെ 10 ഫയര്‍‌സ്റ്റേഷനുകളിലേക്കും ചൂടുപ്രതിരോധ കുപ്പായങ്ങള്‍ ലഭിച്ചതായി തൃശൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് പറഞ്ഞു. തൃശൂര്‍ ഫയര്‍‌സ്റ്റേഷനിലേക്ക് മാത്രം 51 സെറ്റ് കുപ്പായങ്ങള്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. അഗ്നിശമനസേന ഹൈടെക് ആകുന്നതിന്റെ മുന്നോടിയായി അധുനിക സൗകര്യങ്ങളോടുകൂടിയ ഫയര്‍എഞ്ചിനുകളും സംസ്ഥാനത്തെ ഫയര്‍‌സ്റ്റേഷനുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

YOU MAY LIKE THIS VIDEO ALSO