“നാം എന്തു ചെയ്യുന്നുവോ അതിനെല്ലാം അവസാനമായി നാം തന്നെയാണ് ഉത്തരവാദി” എന്ന ദസ്തയേവ്സ്കിയുടെ മുഴക്കമുള്ള ശബ്ദം ഒരു നടുക്കത്തോടെയാണ് ഞാൻ വായിച്ചത്. ‘ജീവിതത്തിന്റെ മത്സരക്കളരിയിൽ നാമെല്ലാം ഇച്ഛാശക്തിയില്ലാത്ത വെറും പണയ വസ്തുക്കളാണെന്നും, പരിതസ്ഥിതികളിൽ നിന്ന് എല്ലാം സംജാതമാകുന്നുവെന്നും മനുഷ്യന് സ്വന്തമായി ഒന്നുമില്ലാത്തവനാണെ‘ന്നും ദസ്തയേവ്സ്കി തുടർന്നെഴുതുന്നു. നൂറ്റിപതിനഞ്ചാം പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിന്റെ പുനർവായന, ഒരു മഹാസാഗരത്തിലേക്കെന്നെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇരുപത്തിയേഴു വർഷത്തിനു മുൻപ്, അക്ഷരങ്ങൾ വിരുന്നിനെത്തിയ ഒരു പകലാണ് ‘ഒരു സങ്കീർത്തനം പോലെ’ ആദ്യമായി വായിച്ചത്. അതിന് മുൻപ് ദസ്തയേവ്സ്കിയുടെ, എൻ കെ ദാമോദരൻ പരിഭാഷപ്പെടുത്തിയ ‘കാരമസോവ് സഹോദരന്മാർ’ വായിച്ചിരുന്നു.
‘എല്ലാറ്റിലും നൻമ ദർശിക്കുവാൻ നിങ്ങൾ മനസ്സിനെ പാകപ്പെടുത്തിയെടുക്കുക’ എന്ന ദസ്തയേവ്സ്കിയൻ വാചകം, സങ്കീർത്തനംപോലെയാണ് പിന്നീട് ഞാൻ കേട്ടത്. ‘പ്രണയത്തിൽപ്പെടാത്തവർക്ക് വേണ്ടിയാണ് ഭാഷ. പ്രണയിനികൾക്ക് മൗനം മതി. ഒന്നും പറയാതെ അവർ സല്ലപിച്ചുകൊണ്ടേയിരിക്കു‘മെന്ന ഓഷോയുടെ, പ്രണയത്തെപ്പറ്റിയുള്ള നിരീക്ഷണത്തിന്റെ അലൗകിക സംഗീതം, അന്നയിലും ഫയദോറിലും ഞാൻ അനുഭവിച്ചു. “കുറേനാൾ മുമ്പാണ് ഞാനെന്റെ ഹൃദയം പൂട്ടി, അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞത്. ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത്?
എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്?” അന്നയോടുള്ള ദസ്തയേവ്സ്കിയുടെ ചോദ്യം എത്രയോ കാലം മനസിന്റെ ഉള്ളറയിൽ ഞാൻ ഒളിപ്പിച്ചു വച്ചിരുന്നു! പ്രണയോപനിഷത്തു പോലെയായിരുന്നു പെരുമ്പടവത്തിന്റെ പുസ്തകം അന്ന് ഞാൻ വായിച്ചത്. കാൽ നൂറ്റാണ്ടിനു ശേഷം അന്നയുടെയും ദസ്തയേവ്സ്കിയുടെയും പ്രണയ പൂമരങ്ങൾ പച്ചപ്പണിഞ്ഞ നേവാ നദിക്കരയിലും, സെന്റ് പീറ്റേഴ്സ് ബർഗിലും ഒരിക്കൽ കൂടി യാത്ര പോയപ്പോൾ, വലിയൊരു സമുദ്രത്തിലെ നിലയില്ലാക്കയത്തിലേക്ക് ഞാൻ എടുത്തെറിയപ്പെടുകയായിരുന്നു. അപ്പോൾ, ദസ്തയേവ്സ്കി ആഞ്ഞു കൊത്തിയ പെരുമ്പടവം ശ്രീധരന്റെ ഹൃദയത്തെ ഒരിക്കൽ കൂടി ഞാൻ ചുംബിച്ചു.
റാഫേൽ വരച്ച വിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നിൽ കുനിഞ്ഞ ശിരസുമായി നിൽക്കുന്ന ദസ്തയേവ്സ്കിയുടെ ചിത്രം ഓർമയിലേക്ക് വരുന്നു. ദൈവവുമായുള്ള സംവാദമായിരുന്നു ദസ്തയേവ്സ്കിയുടെ ഓരോ കൃതിയും. എന്താണ് പാപം? എന്താണ് പുണ്യം? നമ്മൾ കാണുന്ന മാന്യൻമാരുടെ രഹസ്യമെന്താണ്? യോഗ്യന്മാരുടെ കൂട്ടത്തിൽ കള്ളൻമാരെ കണ്ടിട്ടുണ്ട്. സിംഹാസനങ്ങളിൽ കൊലയാളികളേയും ആഭാസൻമാരേയും ഭ്രാന്തൻമാരേയും കണ്ടിട്ടുണ്ട്. അതേ സമയം, തെണ്ടികളുടെ വേഷത്തിൽ മഹാത്മാക്കളേയും കണ്ടിട്ടുണ്ട്. ഓരോ നിലകളിൽ ഇരിക്കുന്നവർ അതിനു തക്ക യോഗ്യതയും വിലയുമുള്ളവരാണെന്ന് നീ വിചാരിക്കുന്നുണ്ടോ? അർഹിക്കുന്നവർക്കാണോ സ്ഥാനമാനങ്ങൾ കിട്ടുന്നത്? ഒരാൾക്ക് മറ്റൊരാളോട് സ്നേഹം തോന്നുന്നത് എന്തുകൊണ്ട്?
മനുഷ്യഹൃദയത്തിൽ ഈ വാസന വച്ചതാര്? ഇഷ്ടം തോന്നുന്ന ഒന്നിനെ സ്നേഹിക്കുന്നത് എങ്ങനെ പാപമാകും? എന്നെ നോക്ക്, എന്തൊരു ജീവിതമാണ് എന്റേത് ? ഇതിനെ ജീവിതമെന്ന് വിളിക്കാമോ? ഇതൊരു ദുരന്താനുഭവമാണ്. എന്താണ് ഇതിന്റെ അർഥം? എന്തിന്റെയൊക്കെയോ ബലിമൃഗമായിട്ടാണോ അങ്ങ് എന്നെ വിഭാവന ചെയ്തിട്ടുള്ളത്? എന്നെപോലെ ദരിദ്രനും നിസ്സഹായനും പരാജിതനും ബഹിഷ്കൃതനും ഏകാകിയുമായ മറ്റൊരാളുണ്ടോ ഈ ഭൂമിയിൽ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഫയദോർ ദൈവത്തോട് ചോദിച്ചു കൊണ്ടേയിരുന്നു. പല ചോദ്യങ്ങൾക്കു മുന്നിലും ദൈവം ചൂളിപോകുന്നുണ്ട്. വർത്തമാനത്തിനിടയിൽ ഒരിക്കൽ ദസ്തയേവ്സ്കി അന്നയോടു പറയുന്നുണ്ട്; തനിക്ക് ക്രിസ്തുവിനോട് മാത്രമേ അസൂയയുള്ളൂവെന്ന് — കുരിശുമരണത്തിന്റെ കാര്യത്തിൽ.
ദൈവത്തോട് നിരന്തരം സംവദിച്ച ഫയദോർ കടുത്ത ഈശ്വരവിശ്വാസി ആയിരുന്നില്ല. ഒരു ദിവസം ഈശ്വരവിശ്വാസി ആയിരുന്നെങ്കിൽ അടുത്ത ദിവസം നിരീശ്വരവാദി. ഈശ്വരനെയും സാത്താനേയും ഹൃദയത്തിന്റെ രണ്ടറകളിൽ സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിമിഷത്തിലും ജീവിച്ച മനുഷ്യൻ. നേർത്ത മഞ്ഞും നിലാവും പെയ്യുന്ന ഒരു രാത്രിയിൽ ഫയദോർ നടക്കാനിറങ്ങി. മനുഷ്യർ ഉറങ്ങിക്കിടക്കുമ്പോൾ, രാത്രിക്കിത്ര ഭംഗിയെന്തിന് എന്ന് ചിന്തിച്ച അദ്ദേഹം ദൈവത്തോടു സംസാരിക്കാൻ തുടങ്ങി: ”ദരിദ്രനും നിസ്സഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവൻ കഷ്ടപ്പെടണമെന്നാണോ നീ വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതത്തിൽ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം.
ഒടുവിൽ ഹൃദയത്തിൽ മുറിവുകൾ മാത്രം ബാക്കിയാകുന്നു.…… ” ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഒരിക്കൽ ‘ചൂതാട്ടക്കാരന്റെ കഥ’ വേഗത്തിൽ പറയുകയാണ്. അന്ന അത് എഴുതിയെടുക്കുന്നു. ഇടയ്ക്ക് എന്തോ സംശയം ചോദിച്ച അന്നയോട് ഫയദോർ പൊട്ടിത്തെറിച്ചു. എല്ലാം നശിപ്പിച്ചു എന്നു വിലപിച്ചു. പിറ്റേ ദിവസം ഫയദോർ അന്നയോടു പറഞ്ഞു: ”ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. അന്നയെ ഓർത്തുകൊണ്ടു കിടക്കുകയായിരുന്നു. അന്നയെ ഓർത്തു കൊണ്ട് എന്നു പറഞ്ഞാൽ, ഞാൻ അന്നയോട് മോശമായി പെരുമാറിയതിന് ക്ഷമ ചോദിച്ചു കൊണ്ട്.
കുറ്റബോധം കൊണ്ട് ഞാനേതാണ്ട് കരച്ചിലിന്റെ വക്കു വരെയെത്തി.….. നോക്കൂ അന്നയ്ക്ക് സമ്മതമാണെങ്കിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ അന്നയുടെ മുമ്പിൽ മുട്ടുകുത്താം.” റാഫേൽ ചിത്രത്തിനു മുന്നിൽ നമ്രശിരസ്കനായി നിൽക്കുന്ന ഫയദോർ ദസ്തയേവ്സ്കിയുടെ രൂപം ഒരിക്കൽ കൂടി എന്റെ മനസിലേക്ക് കടന്നു വന്നു. വൈരുദ്ധ്യങ്ങളുടെ, അതിനിഗൂഢമായൊരു സമുദ്രത്തെ ദസ്തയേവ്സ്കി ഉള്ളിൽ സൂക്ഷിച്ചിരുന്നു. പഠിക്കും തോറും പാഠങ്ങൾ ബാക്കിയാകുന്ന ഒരു മനസായിരുന്നു ഫയദോറിന്റെത്. അതു കൊണ്ടാണ്, ‘മന:ശാസ്ത്രത്തിന്റെ വ്യാപാരി‘യെന്ന് ജർമ്മൻ ചിന്തകൻ ഫ്രഡറിക് നീത്ഷെ, ദസ്തയേവ്സ്കിയെ വിശേഷിപ്പിച്ചത്.
ഭൂമിയിലെ ഏക ദയാരഹിതമായൊരു ജീവിതമായിരുന്നു ദസ്തയേവ്സ്കിയുടേതെന്ന് ബെലിൻസ്കി പറഞ്ഞിട്ടുണ്ട്. ജീവിതത്തെ എത്രത്തോളം ആഴത്തിൽ മുറിവേൽപ്പിക്കാമോ അത്രത്തോളം ആഴത്തിൽ മുറിവേൽപ്പിക്കുകയും സ്വന്തം ഹൃദയത്തെ അപകടകരമാം വിധം നിന്ദിക്കുകയുമായിരുന്നു ദസ്തയേവ്സ്കി. ഫയദോർ പറയുന്നു: “എന്റേത്, മലിന ജീവിതമായിരുന്നു. സ്വപ്നങ്ങളിലാകെ കടും നിറങ്ങൾ. രോഗത്തിന്റെ അപ്രതീക്ഷിത സന്ദർശനങ്ങൾ. സുഹൃത്തുക്കളിൽ അധികം പേരും വിഷാദരോഗികൾ.
ഭൂമിയോട് ഞങ്ങൾക്ക് അമർഷമായിരുന്നു. ദയാരഹിതമായ കാലത്തിനു നേരേ ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ട്.” അസന്തുഷ്ടിയിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനസായിരുന്നു ഫയദോറിന്റേത്. ആകെ തളർന്ന ഹൃദയവുമായി മുന്നിൽ നിന്ന ഫയദോറിന് തന്റെ ബാഗിലുണ്ടായിരുന്ന പണം മുഴുവൻ എടുത്ത് ആ കൈകളിൽ വച്ചു കൊടുത്തിട്ട് അന്ന പറഞ്ഞു: “എനിക്കറിയാം ഈ സങ്കടം എന്തുകൊണ്ടാണെന്ന്. പോയി ഇന്നു മുഴുവൻ ചൂതുകളിക്ക്. ഈ സങ്കടങ്ങൾ മുഴുവൻ തീരും. ഞാനല്ലേ പറഞ്ഞത്. ”
ഫയദോർ ചൂതാട്ട കേന്ദ്രത്തിലേക്ക് ഓടി. കറുപ്പിന്റെ കളത്തിൽ വച്ചു തന്നെ കളിച്ചുതുടങ്ങി. പണം അടിക്കടി കിട്ടിത്തുടങ്ങി. പലിശയ്ക്ക് പണം കൊടുക്കുന്ന കിഴവൻ ഗ്രിഗറി യാക്കോവ് വിളിച്ചുകൂവി: “ഇന്ന് ഫയദോറിന്റെ ദിവസമാണ്.” ചൂതുകളി കേന്ദ്രത്തിൽ ആർപ്പുവിളിയായി. ഗ്രിഗറി, ഫയദോറിന്റെ ചെവിയിൽ മന്ത്രിച്ചു: “മതി, ഇനി തിരിച്ചു പോകൂ… ഫയദോറിന്റെ വിജയം കണ്ട് എനിക്ക് പേടിയാകുന്നു.” ഗ്രിഗറിയെ ഒരു വശത്തേക്ക് ഉന്തി മാറ്റി ഫയദോർ അലറി: “പോ കിഴവാ. ഇന്ന് ദസ്തയേവ്സ്കിയുടെ ദിവസമാണ്.” കാറ്റ് തിരിഞ്ഞു വീശാൻ തുടങ്ങി. ഒടുവിൽ കൈയിലുള്ള മുഴുവൻ പണവും നഷ്ടപ്പെട്ട്, കടം വാങ്ങിയതും നഷ്ടപ്പെടുത്തി, നിരാശയോടെ ദസ്തയേവ്സ്കി മടങ്ങി.
എല്ലാം നഷ്ടപ്പെട്ട അയാൾ രാവേറെ വൈകി അന്നയുടെ വീടിനു മുന്നിലെത്തി. വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നു വന്ന അന്നയെ ശൂന്യമായ കണ്ണുകളോടെ അയാൾ നോക്കി. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “ഞാൻ കളിച്ചു തോറ്റു. എല്ലാം നഷ്ടപ്പെട്ടു. നശിപ്പിച്ചു. ഞാൻ ഗുണം പിടിക്കുകയില്ല. പാപിയാണ്. എന്നെ ശപിക്ക്.” അപ്പോൾ അന്ന പറഞ്ഞു: ” കളിച്ചു തോറ്റു. അത്രയല്ലേയുള്ളൂ? സാരമില്ല. സമാധാനിക്ക്. ഇതൊന്നും ഒരു നഷ്ടമായിട്ട് കണക്കാക്കേണ്ട. ഫയദോർ ഇപ്പോൾ സമാധാനത്തോടെ പോകൂ.…” കരുതലിന്റെ നിലാവുപോലെ ആർദ്രമായ വാക്കുകൾ കൊണ്ട് ഫയദോറിനെ ജ്ഞാനസ്നാനം ചെയ്യിക്കുകയായിരുന്നു അപ്പോൾ അന്ന. സ്നേഹമെന്നത് സഹനമാണെന്ന് ഫയദോർ ഒരിക്കൽ എഴുതിയത് ഓർമ്മയിലേക്കു വരുന്നു.
മനുഷ്യ മനസിന്റെ മഹാരഹസ്യം തേടിയുള്ള യാത്രയായിരുന്നു ദസ്തയേവ്സ്കിയുടേത്. പെട്രാഷേവ്സ്കി സർക്കിളിലെ ലിബറൽ ബുദ്ധിജീവികൾക്കൊപ്പം ചേർന്നതിന്റെ പേരിൽ 1849 ഏപ്രിൽ 23ന് ദസ്തയേവ്സ്കിക്കും കൂട്ടർക്കുമെതിരെ റഷ്യൻ ഭരണാധികാരി നിക്കോളോസ് ഒന്നാമൻ വധശിക്ഷ വിധിച്ചു. ആ സംഭവത്തെപ്പറ്റി ദസ്തയേവ്സ്കി അന്നയ്ക്ക് വിവരിച്ചു കൊടുത്തു; ”പട്ടാളക്കാരുടെ കവാത്ത് നടക്കുന്ന മൈതാനത്ത് കാലുകളിൽ പൂട്ടപ്പെട്ട ചങ്ങലകളോടെ ഞങ്ങൾ നിന്നു. സംഗതി തീരാൻ പോകുകയാണ്. ദൂരെ, ഒരിടത്ത് പതിനഞ്ച് ശവപ്പെട്ടികൾ നിരത്തി വച്ചിരിക്കുന്നു. അന്ത്യകൂദാശയ്ക്ക് വൈദികർ വന്നു. കുരിശുമുത്തിയപ്പോൾ, അന്നാദ്യമായി ക്രിസ്തുവിനെ ചുംബിക്കുന്നതുപോലെ തോന്നി. പട്ടാളക്കാർ തോക്കിൽ ഉന്നം പിടിച്ചു.
പളളി ഗോപുരത്തിനു മുകളിലെ ആകാശത്തിലായിരുന്നു എന്റെ ദൃഷ്ടി. ഭൂമിയിൽ അവസാന നിമിഷം.…. അപ്പോൾ അശ്വാരൂഢനായ ഒരു ഭടൻ വെള്ളത്തൂവാല വീശിക്കൊണ്ട്, ‘കൊല്ലണ്ടാ; കഠിനതടവ് മതി‘യെന്ന് വിളിച്ചു പറഞ്ഞു. ജീവിതത്തിന്റെയും മരണത്തിന്റെയും അർഥം ഒന്നു തന്നെയായിരുന്നു അന്നേരം… ഞങ്ങളെ തൂണിൽ നിന്നും അഴിച്ചപ്പോൾ ഒരാൾക്കു ഭ്രാന്തു വന്നു. ഒരാൾ ബോധംകെട്ടുവീണു. തന്റെ മരണത്തെക്കുറിച്ചോർത്തു തലേ ദിവസം ഒറ്റ രാത്രി കൊണ്ട് ഒരാളുടെ തലമുടി മുഴുവൻ നരച്ചു. മരണം കാത്തു നിൽക്കുമ്പോൾ തലേന്നാൾ എഴുതിയ കഥയെക്കുറിച്ച് ആരോടെങ്കിലും ഒന്നു പറയാൻ കഴിയാത്തതിലുള്ള വീർപ്പുമുട്ടലായിരുന്നു എനിക്ക്.” മരണത്തിൽ നിന്നു രക്ഷകിട്ടുമെങ്കിൽ എവിടെയും എങ്ങനെയും ജീവിക്കാമെന്ന് ഫയദോറിന് അറിയാമായിരുന്നു.
‘പർവതങ്ങളുടെ ഉച്ചിയിൽ, ഒരു കഷണം കല്ലിൽ, ഒരു പാറയുടെ മുനമ്പിൽ, ഒരാഗാധ ഗർത്തത്തിന്റെ വിളുമ്പിൽ, സമുദ്രത്തിന് മുകളിൽ, അറുതിയില്ലാത്ത ഏകാന്തതയിൽ, അറുതിയില്ലാത്ത പ്രളയക്കാറ്റിൽ, കാലൂന്നി നിൽക്കാൻ മാത്രം സ്ഥലമുള്ളിടത്ത്, ജീവിതം മുഴുവൻ. പതിനായിരം വർഷങ്ങൾ. അനന്തകാലത്തോളം.….. പെട്ടെന്ന് മരിക്കാതിരുന്നാൽ മാത്രം മതി.’ ജീവിതവും മരണവുമൊക്കെ നമ്മുടെ ഹൃദയത്തിനകത്താണ് എന്ന് അന്നയോട് പറഞ്ഞു കൊടുക്കുമ്പോൾ ഉത്തരങ്ങൾ കൈയിലുള്ള മജീഷ്യനെപോലെയായിരുന്നു ഫയദോർ ദസ്തയേവ്സ്കി. മനുഷ്യൻ ഒരു മഹാരഹസ്യമാണെന്ന് ദസ്തയേവ്സ്കി പറയുന്നുണ്ട്. ആ രഹസ്യം അന്വേഷിച്ചുള്ള യാത്രയിൽ, ഫയദോർ എത്തിയത് ഇരുണ്ട ഇടനാഴികളിലും അധോതലങ്ങളിലും തരിശുഭൂമികളിലും ശാപനിലങ്ങളിലും പാപത്തിന്റെ ചതുപ്പുകളിലുമായിരുന്നു. ഫയദോർ, മനുഷ്യന്റെ മനസിൽ അതൊക്കെ കണ്ടെത്തുകയായിരുന്നു. അയാളുടെ എല്ലാ യാത്രകളും അവിടെ അവസാനിച്ചു.
ധ്യാനം പ്രണയത്തിന്റെ മറ്റൊരു പേരാണ് ’ എന്ന് എഴുതിയത് മയക്കോവ്സ്കിയാണ്. ‘പ്രണയിനികൾ മാത്രമേ ധ്യാനികളാകുന്നുള്ളൂ’ എന്ന ഓഷോയുടെ നിരീക്ഷണം പ്രണയത്തെക്കുറിച്ചുള്ള മറ്റൊരു സിംഫണിയായി നമ്മുടെയുള്ളിൽ പെയ്തിറങ്ങുന്നു. പ്രണയക്കയത്തിൽ മുങ്ങിത്താണുപോയൊരു മനസായിരുന്നു ദസ്തയേവ്സ്കിയുടേത്. പ്രണയത്തിന്റെ വാൾമുനയിൽ ഹൃദയഭിത്തി മുറിഞ്ഞുപോകുമ്പോൾ ആ വേദനയിൽ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു. ‘പ്രണയം അങ്ങനെയാണ്, മുറിവേറ്റ കരളിൽ വിരുന്നിനെത്തിക്കൊണ്ടേയിരിക്കു‘മെന്ന് ജിബ്രാൻ പാടുന്നുണ്ട്. പോളിന സുസ്ലോവ അപ്പോളിനേരിയ, മരിയ ഇസയേവ, അവ്ദോത്യ, അന്ന ഗ്രിഗറിവ്ന സ്നിനിറ്റ് കിനാ.… പ്രണയത്തിന്റെ തീക്കടലിലൂടെയാണ് ഫയദോർ ദസ്തയേവ്സ്കി നീന്തിക്കൊണ്ടിരുന്നത്. പ്രണയത്തിന്റെ വക്കിൽ നിന്നും പൊടിഞ്ഞുവന്ന ഓരോ രക്തത്തുള്ളികളും കൊണ്ട് ഫയദോർ മഹത്തായ കലാസൃഷ്ടികൾ എഴുതിക്കൊണ്ടേയിരുന്നു.
പ്രണയ വേദനയുടെ അസ്വാസ്ഥ്യം ആഴത്തിൽ അനുഭവിപ്പിക്കുന്ന ‘നിന്ദിതരും പീഡിതരും’ എങ്ങനെയാണ് മറക്കാൻ കഴിയുക? യഥാർഥ പ്രണയം വേദനയേ തരൂ എന്ന് ഓഷോ പറയുന്നുണ്ട്. അത് അനിവാര്യമാണ്. കാരണം, പ്രണയം ഒരു ശൂന്യസ്ഥലത്തെ സൃഷ്ടിക്കുന്നു. അത് നിങ്ങളുടെ അസ്തിത്വത്തിലേക്ക് പുതിയ വാതായനങ്ങൾ തുറക്കുന്നു എന്ന് അദ്ദേഹം തുടർന്ന് പറയുന്നു. പ്രണയമെന്നതിന്, പ്രണയിക്കുന്നയാളെ മുറിവേൽപ്പിക്കുക എന്നുകൂടിയാണെന്ന് ദസ്തയേവ്സ്കിയെപോലെ മരിയയും കരുതിയിരുന്നോ എന്ന് അവരുടെെ ജീവിതം വായിക്കുന്ന ഒരാൾക്ക് തോന്നാം. മരിയ ഇസയേവ തന്റെ പുതിയ പ്രണയത്തിനുവേണ്ടി ഫയദോറിനെ ഉപേക്ഷിക്കുന്നു. കഠിന വ്യഥയ്ക്കിടയിലും അവളുടെ സന്തോഷത്തിനു വേണ്ടി, തന്നിൽ നിന്ന് മരിയയെ സ്വതന്ത്രയാക്കാനാണ് ഫയദോർ തീരുമാനിച്ചത്.
ഇതറിഞ്ഞപ്പോൾ മരിയ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “സ്വന്തം കാര്യത്തിനായി ഒരക്ഷരം പോലും മിണ്ടാത്ത നിങ്ങൾ എത്ര ദയാലുവും സത്യസന്ധനുമാണ്. നിങ്ങളുടെ കാമുകിയായ ഞാൻ പിൻവാങ്ങുന്നുവെന്നറിഞ്ഞിട്ടും, നിങ്ങൾ എന്നെ പഴിക്കുന്നില്ല.……” സ്വയം വേദനിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നവരായിരുന്നു ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങൾ. മനോഹരമായി ക്രൂരകൃത്യം ചെയ്യാനുള്ള കഴിവ് മനുഷ്യന് മാത്രം കഴിയുന്ന ഒന്നാണ് എന്ന് ദസ്തയേവ്സ്കി ഒരു കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നുണ്ട്. ഒരിക്കൽ മാർക്സിം ഗോർക്കി ദസ്തയേവ്സ്കിയെ ‘നീച പ്രതിഭ’ (Evil Genius) എന്നാണ് വിശേഷിപ്പിച്ചത്.
ഫയദോറിന്റെ ജീവിതത്തെ ഇളക്കിമറിക്കുകയും നിന്ദിക്കുകയും, ആ മനസിനെ പ്രകമ്പിതമാക്കുകയും ചെയ്ത കാമുകിയായിരുന്നു പോളിന സുസ്ലോവ അപ്പോളിനേരിയ. ‘കുറ്റവും ശിക്ഷ’യിലെ ദൂണിയ, ‘ഇഡിയറ്റി‘ലെ നസ്താപ് ഫിലിപ്പോവ്ന, ‘ഭൂതാവിഷ്ട’രിലെ ലിസ, ചൂതാട്ടക്കാരനിലെ പോളിന എന്നീ കഥാപാത്രങ്ങൾക്ക് പോളിന സുസ്ലോവയുടെ ഛായയുണ്ടായിരുന്നു. നേവാ നദിക്കരയിലിരുന്ന് ഫയദോർ ചൂതാട്ടക്കാരന്റെ കഥ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഫയദോർ പറയുന്ന ഓരോ വാക്കിന്റേയും പുറകേ അന്നയുടെ മനസ് ഓടിപ്പോകുകയാണ് .
പോളിനയെ ഓർത്ത് അലക്സി ഇവാനോവിച്ചിന്റെ ഹൃദയം കത്തുന്ന നിമിഷങ്ങൾ.…. ദൂരെ, നേവാനദിയുടെ വളവിനും അപ്പുറത്ത് ഏതോ വിദൂരതയിലേക്ക് നോക്കിയാണ് ഫയദോർ കഥ പറഞ്ഞു കൊടുക്കുന്നത്. പോളിനയോടുള്ള അലക്സിയുടെ സ്നേഹം കത്തിജ്വലിക്കുകയാണ്. അന്നയുടെ ഉള്ളിൽ ഒരു ചുഴലിക്കാറ്റടിക്കുന്നു. ഒടുവിൽ വികാരത്തിന്റെ അപ്രതിരോധ്യമായ ഒരു നിമിഷത്തിൽ സ്വയം മറന്ന് അന്ന ഉറക്കെ ചോദിച്ചു: “ഏതാ ഈ പോളിന അലക്സാഡ്രോവ്ന?” “ഈ നോവലിലെ ഒരു കഥാപാത്രം.” ഫയദോർ പറഞ്ഞു. അവൾ അത് നിഷേധിച്ചു. ” അല്ല. അവൾ വെറുമൊരു കഥാപാത്രമാണെന്നാര് വിശ്വസിക്കും?” പോളിനയുടെ ഇരുണ്ട മുഖം ദസ്തയേവ്സ്കിയുടെ മനസിൽ തെളിഞ്ഞു. സ്നേഹത്തെപ്പറ്റിയുള്ള വിചാരണ മനസിൽ നടക്കുകയാണ്. വെറുതെ സങ്കൽപ്പിക്കുക, വഴിയിൽ വച്ചു കണ്ടുമുട്ടുമ്പോൾ ഒരാൾ ചോദിക്കുന്നു:
‘എന്താണ് സ്നേഹം?”
അര നിമിഷം ആലോചിക്കാതെ ദസ്തയേവ്സ്കി ഉത്തരം നൽകുന്നു:
“സ്നേഹമെന്നു പറഞ്ഞാൽ മനസിന്റെയും ശരീരത്തിന്റെയും ഉത്സവം! അല്ലാതെന്ത്?”
സ്നേഹത്തിന് ഒരു സ്വാർഥതയുണ്ട്. താൻ സ്നേഹിച്ചതിനെ തനിക്കു തന്നെ വേണം, മുഴുവനായിട്ട്.
“സ്നേഹമെന്നു പറഞ്ഞിട്ട് എന്നെ എന്തുകൊണ്ട് ഹൃദയത്തിന് പുറത്തു നിറുത്തുന്നു? ഞാനാരാണെന്നാണ് വിചാരിക്കുന്നത്? സ്നേഹിക്കാൻ വാടകയ്ക്കെടുത്ത പെണ്ണോ? അതോ അടിമയോ?” എന്ന പോളിനയുടെ ചോദ്യം നടുക്കത്തോടെയാണ് ഫയദോർ കേട്ടത്. ജീവിതത്തിനും ഭാവനയ്ക്കും ഇടയിലുള്ള വരമ്പിലൂടെയാണ് ഫയദോർ കഥയെയും കഥാപാത്രങ്ങളെയും കൊണ്ടുപോയത്. അവയിലൊക്കെ ഫയദോറിന്റെ ജീവിതത്തിലെ ഇരുണ്ട നിഴലുകൾ വീണു കിടപ്പുണ്ടായിരുന്നു.
പ്രക്ഷുബ്ധമായ ഒരു മഹാസമുദ്രത്തിലൂടെയുള്ള യാത്രയാണ് പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ‘യുടെ വായന. അത് നമ്മുടെ മനസിനെയാകെ ഇളക്കി മറിച്ചു കൊണ്ടേയിരിക്കും. ദസ്തയേവ്സ്കിയുടെയും അന്നയുടെയും കഥയല്ല ഈ നോവൽ. വായിക്കുന്ന ഓരോരുത്തരുടെയും കഥയായി അത് മാറുന്നു. അതുകൊണ്ടാണ് നോവൽ പ്രസിദ്ധീകരിച്ച് ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷവും അതിന് പുതിയ പതിപ്പുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്. ഒരിയ്ക്കൽ മൂന്നു പേർ പെരുമ്പടവം ശ്രീധരനെ കാണാൻ തമലത്തുള്ള വീട്ടിലെത്തി. അതിലൊരാൾ ഒരു അധ്യാപികയാണ്. അവർ പറഞ്ഞു: ”എനിക്കൊരു ജീവിതം ഉണ്ടാക്കിത്തന്നത് സാറാണ്. എനിക്ക് 18 വയസും എന്റെ ഭർത്താവിന് 39 വയസും ഉള്ള സമയത്താണ് ഞങ്ങൾ പ്രണയിക്കുന്നത്.
വീട്ടുകാർ ശക്തമായി എതിർത്തതോടെ പതുക്കെ പതുക്കെ അദ്ദേഹം പിൻമാറാൻ തുടങ്ങി. ഞാൻ തിരുവനന്തപുരത്തു നിന്ന് ‘ഒരു സങ്കീർത്തനം പോലെ’ വാങ്ങി അദ്ദേഹത്തിന് കൊടുത്തു. മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം ബസ് സ്റ്റോപ്പിൽ എന്നെ കാത്തു നിന്നു. പിന്നെ ഉറച്ച സ്വരത്തിൽ എന്നോടു പറഞ്ഞു: ‘ലോകം മുഴുവൻ എതിർത്താലും നിന്നെ ഞാൻ കല്യാണം കഴിക്കാൻ പോകുകയാണ്.’ പ്രണയത്തിന് പ്രായം ഒരു തടസ്സമല്ല എന്ന് നോവൽ എന്നെ ബോധ്യപ്പെടുത്തി.” മുപ്പത്തിരണ്ടു തവണ നോവൽ വായിച്ച മറ്റൊരു വായനക്കാരി എഴുതി: ‘ഇത് എന്റെ കഥയാണ്.’
ഏകാന്തത, ഒറ്റപ്പെടൽ എന്നത് ഒരു വലിയ വേദനയാണ്. ഒരു പക്ഷേ, മരണശിക്ഷയേക്കാൾ ഭയാനകവുമാണ്. എല്ലാവരാലും എല്ലായിടത്തു നിന്നും ദസ്തയേവ്സ്കി തിരസ്ക്കരിക്കപ്പെടുകയായിരുന്നു. ആ ഒറ്റപ്പെടൽ സ്വയം ഉണ്ടാകുന്നതാണ്. താൻ ദൈവത്തിന് പറ്റിപ്പോയ ഒരു കൈപ്പിശകാണ്ടെന്ന് ഫയദോർ അന്നയോട് പറയുന്നുണ്ട്. പക്ഷിക്കുവേണ്ടി സൃഷ്ടിച്ച ആത്മാവെടുത്ത് മനുഷ്യക്കോലത്തിൽ വച്ചു എന്ന് തുടർന്ന് പറയുന്നു. കഥാപാത്രം അനുഭവിച്ച ദുരന്ത മുഹൂർത്തങ്ങളിലൂടെയാണ് പെരുമ്പടവം ശ്രീധരൻ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്.
മനുഷ്യന്റെ ഉള്ളിലെ കാടുകളും ഗുഹകളുംം കൊടുമുടികളും ഗർത്തങ്ങളും മരുഭൂമികളും ചതുപ്പുകളും ഇരുണ്ട കോട്ടകളും അൾത്താരകളും വിള്ളലുകളും വിജനതകളും ലോകത്തിലെ ഏറ്റവും വലിയ ‘ഇരുണ്ട പ്രതിഭ’യുടെ ജീവിതത്തിലൂടെ നോവലിസ്റ്റ് നമുക്ക് കാട്ടിത്തരുന്നു. എഴുതുക എന്നു പറഞ്ഞാൽ നിറയൊഴിക്കുക എന്നാണ് അർഥമെന്ന് നീത്ഷെ പറയുന്നുണ്ട്. ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിലൂടെ വായനക്കാരന്റെ ഹൃദയത്തിലേക്ക് പെരുമ്പടവം ശ്രീധരൻ നിരന്തരം നിറയൊഴിച്ചു കൊണ്ടേയിരിക്കുന്നു.