5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 22, 2024
September 21, 2024
September 21, 2024
September 18, 2024
September 18, 2024
September 14, 2024
September 12, 2024
September 11, 2024
September 11, 2024

ബ്രിജ് ഭൂഷൺ കേസ്; മോഡിയെ പ്രതിയോ സാക്ഷിയോ ആക്കാം

എഫ്ഐആറിലെ സൂചന ഗൗരവതരം; പെണ്‍കുട്ടികള്‍ക്ക് നീതി വാഗ്ദാനം ചെയ്തശേഷം ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നു
web desk
ന്യൂഡല്‍ഹി
June 3, 2023 9:01 pm

ദേശീയ ഗുസ്തി താരങ്ങളുടെ സമരപോരാട്ടങ്ങൾക്കിടെ ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രധാനമന്ത്രിയുടെ പേരും പരാമർശിക്കുന്നു. പാർലമെന്റ് അംഗം കൂടിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ഉപദ്രവിക്കുന്നുവെന്ന പരാതി പ്രായപൂർത്തിയായ ആറ് താരങ്ങളും പ്രായപൂർത്തിയാവാത്ത ഒരു താരത്തിന്റെ രക്ഷിതാക്കളും പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.

വിഷയത്തിൽ ഇടപെടുമെന്നാണ് അന്ന് പരാതിക്കാർക്ക് പ്രധാനമന്ത്രി വാക്ക് നൽകിയത്. ഇക്കാര്യം എഫ്ഐആറിൽ പറയുന്നുണ്ട്. പരാതികൾ കായിക മന്ത്രാലയം പരിശോധിക്കുമെന്ന് മോഡി പരാതിക്കാരോട് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു. ഇതനുസരിച്ച് നിയമാനുസരണം നരേന്ദ്രമോഡിക്കെതിരെ കേസെടുക്കാനുമാകും. അതില്‍ കുറ്റം ചാര്‍ത്താന്‍ ഏറെയുണ്ട്. പോക്സോ ഉള്‍പ്പെടെ സ്ത്രീ പീഡന പരാതി അറിഞ്ഞിട്ടും ഭരണാധികാരി എന്ന നിലയില്‍ തുടര്‍ നട‍പടി‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ നിര്‍ദ്ദേശം നല്‍ക‍ിയി‍‍‍‍‍‍‍‍‍‍‍‍‍ല്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയടക്കം ഉള്ള ഇരകള്‍ക്ക് നീതി ഉറപ്പുനല്‍കാമെന്ന് വാഗ്ദാനം നല്‍കി, അവരുടെ സ്വതന്ത്രമായ അവകാശ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിയമപോരാട്ടത്തില്‍ നിന്നും പിന്തിരിപ്പിച്ചു. ഇത് വിശ്വാസ വഞ്ചനയാണ്.

ഈ സാഹചര്യത്തില്‍ മോഡിയെ പ്രതിയോ സാക്ഷിയോ ആക്കാനാകുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. 10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്ഐആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‍ഡൽഹി കൊണാട്ട് പ്ലേസ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് ഒളിമ്പ്യൻമാരുടെ പരാതിയിലെ ആരോപണങ്ങളാണ് ആദ്യ എഫ്ഐആറിലുള്ളത്. പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തിന് വേണ്ടി പിതാവ് സമർപ്പിച്ച പരാതിയാണ് രണ്ടാമത്തെ എഫ്ഐആറിലുള്ളത്. സ്ത്രീകളെ മോശമായി സ്പർശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വച്ച് ലൈംഗികാതിക്രമം നടത്തിയെന്നും ഉള്ള ആരോപണമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ലൈംഗിക ചുവയോടെ സമീപിച്ചതായും ലൈംഗിക വേഴ്ചയ്ക്കായി പണം വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. താരങ്ങളുടെ ടീ ഷർട്ട് ഉയർത്തി മാറിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും തടവിയെന്നും ആരോപണമുണ്ട്. സെല്‍ഫി എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ അമർത്തി മോശമായി തൊട്ടുവെന്നും പരാതിയിലുണ്ട്. ഇത്രയെല്ലാം രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഒരാളോട് പെണ്‍കുട്ടികള്‍, അതും രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര മെഡലുകള്‍ സമ്പാദിച്ച കായിക താരങ്ങള്‍‍ പരാതിപ്പെട്ടിട്ടും ഗൗരവത്തിലെടുത്തില്ലെന്നത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല.

പോക്സോ നിയമപ്രകാരം അതിവേഗം അറസ്റ്റ് ചെയ്ത് ഏഴ് വര്‍ഷം വരെ ജയില്‍ശിക്ഷ വിധിക്കേണ്ടതാണ് ബ്രിജ് ഭൂഷണെതിരെയുള്ള ഒരു പരാതി. ലൈംഗികാതിക്രമം, അനുചിതമായ സ്പർശനം, തട്ടിക്കൊണ്ടുപോകൽ, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ ഭൂഷണെതിരെയുണ്ട്. തങ്ങളുടെ പ്രൊഫഷണൽ കരിയറിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികാവശ്യത്തിനായി ഭൂഷണ്‍ നിരവധി താരങ്ങളെ സമീപിച്ചിട്ടുണ്ട്. ഇതാദ്യമായൊന്നുമല്ല, ബ്രിജ് ഭൂഷണെതിരെ പരാതികളുയരുന്നത്. ഭൂഷണ്‍ ആരാണെന്നും എന്താണെന്നും സ്വഭാവമെന്തെന്നും വ്യക്തമായ ബോധ്യത്തോടെയും ബോധത്തോടെയുമാണ് ബിജെപിയും നരേന്ദ്രമോഡിയും അയാളെ സംരക്ഷിക്കുന്നത്.

പച്ചയായി വായിച്ചാല്‍ ലജ്ജതോന്നുന്ന സഭ്യേതരമായ വിവരണങ്ങളാണ് എഫ്ഐആറില്‍ ഇരകളുടെ മൊഴികളെ അടിസ്ഥാനമാക്കി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ എല്ലാ ആരോപണങ്ങളും ഭൂഷണ്‍ നിഷേധിച്ചു. തനിക്കെതിരെ ഒരു ആരോപണമെങ്കിലും തെളിയിക്കാനായാല്‍ തൂങ്ങിമരിക്കുമെന്നാണ് പറഞ്ഞത്. എല്ലാ ഗുസ്തിക്കാരും തന്റെ മക്കളെപ്പോലെയാണെന്നും തന്റെ രക്തവും വിയർപ്പും അവരുടെ വിജയത്തിനായി സമര്‍പ്പിച്ചിരുന്നുവെന്നും ഭൂഷണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും മോഡി ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ കഴിയുകയാണിപ്പോഴും.

Eng­lish Sam­mury: These form the key alle­ga­tions in two FIRs filed with the Del­hi Police against BJP MP Brij Bhushan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.