ആയിരം എപ്പിസോഡുകൾ പിന്നിട്ട് ഫസ്റ്റ് ബെൽ

Web Desk

തിരുവനന്തപുരം

Posted on July 26, 2020, 10:49 pm

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അവതരിപ്പിച്ച ഫസ്റ്റ് ബെൽ ക്ലാസുകൾ ആയിരം എപ്പിസോഡുകൾ പിന്നിട്ടു. ആദ്യ ഒന്നരമാസത്തിനിടയില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ 274 കന്നഡ മീഡിയം ക്ലാസുകളും 163 തമിഴ് മീഡിയം ക്ലാസുകളും പ്രാദേശിക കേബിള്‍ ശൃംഖലകളിലൂടെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ജൂൺ

ഒന്ന് മുതൽ ഇടക്കാല ക്രമീകരണമായാണ് ഫസ്റ്റ് ബെൽ ക്ലാസുകൾ ആരംഭിച്ചത്. ചാനല്‍ സംപ്രേഷണത്തിന് പുറമെ വെബ്സ്ട്രീമിംഗിനായി 141 രാജ്യങ്ങളില്‍ നിന്നുമായി 442 ടെറാബൈറ്റ് ഡാറ്റയാണ് ഉപയോഗിച്ചത്. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് കാഴ്ചകൾ പതിനഞ്ചുകോടിയിലധികമാണ്. ഒരുദിവസം അഞ്ച് ലക്ഷം മണിക്കൂര്‍ എന്ന കണക്കില്‍ യൂട്യൂബിലെ ക്ലാസുകളുടെ ശരാശരി പ്രതിദിന കാഴ്ചക്കാർ 54 ലക്ഷമാണ്. പരിമിതമായ പരസ്യങ്ങളിലൂടെ പ്രതിമാസം ശരാശരി 15 ലക്ഷം രൂപ വരുമാനവും ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ ലോക്ഡൗണിലായതിനാൽ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടൊപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിനും പദ്ധതിയൊരുക്കിയിട്ടുണ്ട്. നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍‌വേര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മ്മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതുക്ലാസുകള്‍ ഓഗസ്റ്റ് മുതല്‍ ലഭ്യമാകും.

ENGLISH SUMMARY:First bell com­plet­ed 1000 episode
You may also like this video