24 April 2024, Wednesday

ടൂറിസംമേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ആദ്യ കാരവാന്‍ പാര്‍ക്ക് വാഗമണിൽ

എവിൻ പോൾ
വാഗമൺ
February 25, 2022 6:36 pm

കോവിഡ് പ്രതിസന്ധിയിൽ തകർന്ന കേരളത്തിലെ ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ കാരവാൻ പാർക്ക് ടൂറിസം. പുരവഞ്ചി ടൂറിസത്തിനു ശേഷം കേരളം അവതരിപ്പിക്കുന്ന നൂതന ടൂറിസം പദ്ധതിയാണ് കാരവാന്‍ ടൂറിസം. സംസ്ഥാനത്തെ ആദ്യത്തെ കാരവാൻ പാർക്ക് വാഗമണിലെ നല്ലതണ്ണിയിൽ സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ വാഗമണിലെ അഥ്രക് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവാന്‍ മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമായി രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ സജ്ജമാകും. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബെന്‍സിന്റെ കാരവാനും ഉണ്ട്. സഞ്ചാരികള്‍ക്ക് കാരവാനില്‍ ചുറ്റിനടന്ന് സമീപപ്രദേശങ്ങള്‍ ആസ്വദിക്കാനാകും. നാല് സോഫ, ടിവി, മെക്രോവേവ് അവന്‍, ഇന്‍ഡക്ഷന്‍ അടുപ്പ്, കബോര്‍ഡുകള്‍, ജനറേറ്റര്‍ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റര്‍ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെര്‍ത്തുകള്‍ എന്നിവ കാരവാനിലുണ്ട്.

കാരവാന്‍ പാര്‍ക്കില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്കീപ്പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയര്‍, എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്നവയാണ് കാരവാനുകൾ.

കാരവാന്‍ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കാരവൻ കേരള പദ്ധതി നടപ്പാക്കുന്നത്. കാരവാന്‍ ടൂറിസമെന്ന ആശയം ടൂറിസം മേഖലക്ക് പുതിയ ഊര്‍ജ്ജം പകരും.

 

Eng­lish Sum­ma­ry: First Car­a­van Park at Vagamon

You may like  this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.