നവയുഗത്തിന്റെ ആദ്യചാർട്ടേർഡ് വിമാനം തിരുവനന്തപുരത്ത്

Web Desk

ദമ്മാം:

Posted on July 05, 2020, 7:52 pm

കോവിഡ് രോഗബാധ മൂലം ദുരിതത്തിലായ സൗദിയിലെ പ്രവാസി മലയാളികൾക്ക് നാട്ടിലേയ്ക്കണയാനായി നവയുഗം സാംസ്ക്കാരികവേദി ഒരുക്കിയ ആദ്യ ചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറന്നു. ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട വിമാനത്തിൽ മൂന്ന് കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 178 യാത്രക്കാരാണുണ്ടായിരുന്നത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചിരുന്ന, നാട്ടിലേയ്ക്ക് മടങ്ങാനായി കാത്തിരുന്ന ഗർഭിണികൾ, വയോവൃദ്ധർ, ജോലി നഷ്ടമായവർ, രോഗികൾ, വിസ കാലാവധി അവസാനിയ്ക്കാറായവർ എന്നിവരായിരുന്നു വിമാനയാത്രക്കാർ. ദമ്മാമിലെ അക്ബർ ട്രാവൽസ് ആയിരുന്നു നവയുഗത്തിന്റെ ചാർട്ടർ വിമാനത്തിന്റെ ട്രാവൽ പാർട്ട്ണർ.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ നവയുഗം വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നുണ്ട്.സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും, കേന്ദ്ര- കേരളസർക്കാരുകളുടെയും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു വിമാനയാത്രയെന്ന് നവയുഗം ഭാരവാഹികൾ അറിയിച്ചു. എല്ലാ യാത്രക്കാരെയും കേരളസർക്കാരിന്റെ കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യിച്ചിരുന്നു. ഫുൾ ബോഡി പി. പി. ഇ, മുഴുവൻ യാത്രക്കാർക്കും, ചെക്ക്ഇൻ നടക്കുന്നതിനു മുൻപ് തന്നെ നവയുഗം പ്രവർത്തകർ വിതരണം ചെയ്തിരുന്നു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ജനറൽ സെക്രട്ടറി എം. എ. വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, സുബിവർമ്മ പണിക്കർ, ഷിബുകുമാർ, വിജീഷ്, ഇ. എസ്. റഹിം, ഉണ്ണി മാധവൻ, നിസ്സാം കൊല്ലം, അബ്ദുൾ ലത്തീഫ്, ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, മീനു അരുൺ, പദ്മനാഭൻ മണിക്കുട്ടൻ, മിനി ഷാജി എന്നിവർ ചാർട്ടേർഡ് വിമാന ത്തിന്റെ സംഘാടനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ENGLISH SUMMARY: first char­tered flight of navayugam land­ed on trivan­drum today

YOU MAY ALSO LIKE THIS VIDEO