ആദ്യ സിഎന്‍ജി പമ്പുകള്‍ 22 ന് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

Web Desk
Posted on March 18, 2018, 9:03 pm

ഷാജി ഇടപ്പള്ളി

കൊച്ചി: സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്പുകള്‍ 22 ന് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിക്കുമ്പോള്‍ അധിക ഇന്ധന ക്ഷമതയുള്ള പ്രകൃതി വാതകം വാഹന ഇന്ധന രൂപത്തില്‍ എത്തുന്നത് വാഹന ഉടമകള്‍ക്ക് ആശ്വാസമേകും.
എറണാകുളം ജില്ലയിലെ നാലു പ്രധാന കേന്ദ്രങ്ങളിലാണ് സിഎന്‍ജി പമ്പുകള്‍ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ദേശീയ പാതയില്‍ അമ്പാട്ടുകാവ്, മുട്ടം, ബൈപ്പാസില്‍ കുണ്ടന്നൂര്‍, കണ്ടൈയ്നര്‍ റോഡില്‍ ഏലൂര്‍ പുതിയറോഡ് എന്നിവിടങ്ങളിലാണ് പമ്പുകള്‍ തുറക്കുന്നത്.

കളമശ്ശേരിയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് നിലവിലുള്ള ഇന്ത്യന്‍ ഓയില്‍ കമ്പനി പമ്പുകളില്‍ സിഎന്‍ജി സൗകര്യം ഏര്‍പ്പെടുത്തുന്നത്. കൂടിയ മര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന സിഎന്‍ജി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മലിനീകരണവും അപകട സാധ്യതയും വളരെ കുറവായിരിക്കും . പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നുള്ള സിഎന്‍ജി കളമശ്ശേരി കിന്‍ഫ്രയിലുള്ള പമ്പിങ് സ്‌റ്റേഷനിലെത്തിച്ച് അവിടെനിന്നും കുഴല്‍ മാര്‍ഗ്ഗമായിരിക്കും പമ്പുകളിലേക്ക് എത്തിക്കുന്നത്.

നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ഓടുന്ന വാഹനങ്ങള്‍ സിഎന്‍ജി നിറക്കുന്നതിനുള്ള വിവിധ അളവുകളിലുള്ള പ്രത്യേക ടാങ്കുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ഇത് നിറക്കാനാവുകയുള്ളു. പെട്രോളിന്‍റെ വിലയേക്കാള്‍ വളരെ വില കുറവും ഇന്ധന ക്ഷമതയും കൂടുതല്‍ കിട്ടുന്നതിനാല്‍ സിഎന്‍ജി യിലേക്ക് ഉപയോക്താക്കള്‍ മാറുമെന്നാണ് പ്രതീക്ഷ.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍റെ അംഗീകാരമുള്ള ഗ്യാസ് കണ്‍വര്‍ഷന്‍ കിറ്റുകളാണ് വാഹനങ്ങളില്‍ സിഎന്‍ജി സംഭരിക്കാന്‍ ഉപയോഗിക്കേണ്ടതെന്നാണ് നിര്‍ദേശം. രാജ്യത്ത് ആദ്യമായ് ഡല്‍ഹിയിലാണ് സിഎന്‍ജി ഇന്ധനം ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്.വൈകാതെ സിറ്റി ബസ്, ഓട്ടോ റിക്ഷ, ടാക്‌സി എന്നിവക്ക് ഇത് പ്രയോജനപ്പെടുത്താന്‍ ആലോചനയുണ്ട്. സിഎന്‍ജി പമ്പുകള്‍ തുറക്കുന്നതിന്റെ ഉദ്ഘാടനം 22 ന് കളമശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.