Site iconSite icon Janayugom Online

ഡല്‍ഹി കലാപക്കേസില്‍ ആദ്യ ശിക്ഷാവിധി

വടക്കു കിഴക്കൻ ഡൽഹി കലാപക്കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കലാപത്തിനിടെ വയോധികയുടെ വീടുകത്തിച്ച കേസിലാണ് ദിനേശ് യാദവ് എന്നയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡൽഹി കലാപക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ ആളാണ് ദിനേശ് യാദവ്. അഡീഷണൽ സെഷൻസ് ജഡ്ജ് വിരേന്ദർ ഭട്ടിന്റേതാണ് ഉത്തരവ്. നിയമവിരുദ്ധമായി സംഘംചേരൽ, കലാപം, തീവെപ്പ്, ഭവനഭേദനം, കവർച്ച തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. ഈ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഐപിസി വകുപ്പിലെ സെക്ഷൻ 143, 147, 148, 457, 392, 436, 149 പ്രകാരമുള്ള ശിക്ഷയാണ് ഇയാൾക്കു ലഭിക്കുക. പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ മാസം 22ന് ശിക്ഷാ വിധി പ്രസ്താവിക്കും. 2020 ഫെബ്രുവരി 25ന് രാത്രി 73 വയസുള്ള മനോരി എന്ന സ്ത്രീയുടെ വീട് തീയിട്ട കേസിലാണ് ദിനേശ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് 200ഓളം പേർ സംഘം ചേർന്ന് വീട് ആക്രമിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നുവെന്നുമായിരുന്നു പരാതിയിൽ ആരോപിച്ചിരുന്നത്. കേസിൽ കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് 25കാരനായ ദിനേശ് അറസ്റ്റിലായത്. ഈ വർഷം ഓഗസ്റ്റ് മൂന്നിന് കുറ്റപത്രം സമർപ്പിച്ചു. ജൂലൈയിലാണ് ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ ഒരാളെ വെറുതെവിട്ടുകൊണ്ട് മറ്റൊരു ജഡ്ജി ആദ്യവിധി പ്രസ്താവിച്ചത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചായിരുന്നു ഉത്തരവ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 53 പേരാണ് മരിച്ചത്. 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

eng­lish summary;First con­vic­tion in Del­hi riots case

you may also like this video;

Exit mobile version