Tuesday
18 Jun 2019

കെവിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

By: Web Desk | Monday 27 May 2019 8:31 AM IST


കോട്ടയം: കെവിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 27 നാണ് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫിനെ (24) ഷാനു ചാക്കോ തട്ടിക്കൊണ്ടുപോയത്. കൊല്ലം തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിന്, പിന്നാക്ക ജാതിക്കാരനായ കെവിനെ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയും നേതൃത്വത്തില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയാണിത്.

അന്ന് ഉച്ചയോടെ കെവിനെ കാണാനില്ലെന്നു കാണിച്ച് അച്ഛന്‍ ജോസഫ് കോട്ടയം ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. അധികം കഴിയും മുമ്പ് അനീഷ് സ്റ്റേഷനിലെത്തി. 28നു പുലര്‍ച്ചെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

നീനുവിന്‍റെ അച്ഛന്‍ ചാക്കോ, ഷാനു എന്നിവരുള്‍പ്പെടെ 14 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. കേസിന്‍റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം കിട്ടിയതും അടക്കിയതും മേയ് 28നായതിനാല്‍ ആ ദിനമാണ് ചരമവാര്‍ഷികദിനമായി കുടുംബം കണക്കാക്കുന്നത്.

നീനു കെവിന്‍റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. അതിനാൽ ഒന്നാം വാർഷികത്തിന് നീനു കോട്ടയത്തില്ല. സംസ്ഥാനസർക്കാരാണ് നീനുവിന്‍റെ പഠനചിലവ് വഹിക്കുന്നത്. എന്നാൽ നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാൻ കെവിന്റ കുടുംബം തയ്യാറാണ്.

You May Also Like This:

Related News