വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന ആദിപുരുഷിന്റെ പോസ്റ്റര്‍ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിനെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്വവും അതിനേക്കാള്‍ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് പറഞ്ഞു.
ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. പ്രഭാസിന്റെ പ്രതിനായകനായി വേഷമിടുക ബോളിവുഡ് താരമാകും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.2022 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.
ഇന്ത്യന്‍ ഇതിഹാസ കഥ അതിമനോഹരമായ വിഷ്വലുകളിലൂടെ അനുഭവിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രമെന്ന് നിര്‍മ്മാതാവ് ഭൂഷണ് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രഭാസിനെ നായകനായി ഒരുക്കുന്ന ആദിപുരുഷ് പ്രേക്ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത ആസ്വാദന അനുഭവം സമ്മാനിക്കുമെന്ന് സംവിധായകന് ഓം റൗട്ട് അഭിപ്രായപ്പെട്ടു.
English summary:First look poster of adhipurushan
You may also like this video: