March 21, 2023 Tuesday

Related news

March 15, 2023
March 14, 2023
March 9, 2023
March 2, 2023
March 1, 2023
February 16, 2023
February 12, 2023
February 7, 2023
February 6, 2023
January 14, 2023

കേരളത്തിലെ ആദ്യ മെയ്ദിന റാലി

Janayugom Webdesk
March 10, 2020 10:54 pm

തൃശൂരിൽ ‘ലേബേഴ്സ് ബ്രദർഹുഡ്’ എന്ന തൊഴിലാളി പ്രസ്ഥാനം കെ കെ വാര്യർ, എം എ കാക്കു, കെ പി പോൾ, കടവിൽ വറീത്, കൊമ്പന്റെ പോൾ, ഒ കെ ജോർജ്, കാട്ടൂക്കാരൻ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളത്തിലെ ആദ്യ മെയ്ദിന റാലി തൊഴിലാളി ചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലമാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കും മുമ്പാണ് ആ ചരിത്രറാലി നടന്നത്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിനും രാഷ്ട്രീയ സമരവീര്യത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വിത്തുപാകുന്നതിനു പോന്ന വലിയൊരു ഘോഷയാത്രയുടെ തുടക്കം കൂടിയായിരുന്നു അത്.

അതേക്കുറിച്ച് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായി മാറിയ കെ കെ വാര്യർ പറയുന്നതിങ്ങനെ- ‘1936 ലെ മെയ്ദിനം ഞങ്ങൾ ഉഷാറായി ആഘോഷിച്ചു. അന്ന് സംഘടനയുടെ പേര് തൃശൂർ ‘ലേബേഴ്സ് ബ്രദർഹുഡ്’ എന്നായിരുന്നു. ഉദ്ദേശം മുന്നൂറോളം മെമ്പേഴ്സ് സംഘടനയിലുണ്ടായിരുന്നു. മെയ്ദിനം കനപ്പടിയായി ആഘോഷിക്കാൻ പ്രവർത്തക കമ്മിറ്റി മുൻകൂട്ടി തീരുമാനമെടുത്തു. മെയ് ഒന്നാം തീയതി നേരം വെളുത്തു. വെളുക്കും മുമ്പുതന്നെ ഞങ്ങൾ ആറേഴുപേർ ബ്രദർ ഹുഡ് ആപ്പീസിലെത്തി. നേരം വെളുത്തപ്പോഴേക്കും ഉദ്ദേശം അമ്പതുപേരായി. എന്നാൽ വന്നവർ വന്നവര്‍ എത്തിനോക്കി ‘ഇതാ വന്നു’ എന്നുപറഞ്ഞ് തിരികെ പോവുകയാണുണ്ടായത്. പിന്നീടവർ വന്നതുമില്ല. അവശേഷിച്ചത് വെളുക്കും മുമ്പ് വന്നവർ മാത്രം. ഏഴ് ബ്രദര്‍ഹുഡുകാരും ബാന്റുവാദ്യത്തിനെത്തിയ മൂന്ന് പേരും. വലിയ നിരാശയും കുണ്ഠിതവും അതിലധികം ലജ്ജയും. ഘോഷയാത്ര ഒഴിവാക്കാൻ ആദ്യം ആലോചിച്ചു. തേക്കിൻകാട് മൈതാനത്തെ ലേബർ കോർണറിൽ പതാക വന്ദനം ഉൾപ്പെടെ വിശദമായ പരിപാടി അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്തിരുന്നു.

അത് വായിച്ചവർ അങ്ങാടി ഉടനീളമുണ്ട്. പുത്തരിയിൽ കല്ലുകടിച്ചല്ലോ, ഇനി കാത്തുനിൽക്കാൻ സമയവുമില്ല. അവസാനം കെ പി പോൾ (പിന്നീട് പോപ്പുലർ ഓട്ടോമൊബൈൽസ് ഉടമയായിമാറിയ) കൊടി കടന്നെടുത്ത് മേടയിൽ നിന്ന് താഴെ റോഡിലേക്കിറങ്ങി. സ്വതസിദ്ധമായ അറുത്തുമുറിപ്പൻ ശൈലിയിൽ പറഞ്ഞു; ‘ഘോഷയാത്ര നടത്താനാണ് പോകുന്നത്, ഉള്ളവർ വന്നാൽ മതി’. ഞങ്ങൾ ആറുപേരും ഇറങ്ങി. മുഖം ഉയർത്താൻ തന്നെ വിഷമിച്ചു. ബാന്റുകാർ വാദ്യം മുഴക്കി. ഞങ്ങൾ പതിനായിരം പേരുടെ ശക്തിയോടെ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചു. ‘മെയ്ദിനം നീണാൾ വാഴട്ടെ’ എന്നാർത്തു. അതുവരെയുണ്ടായ തണുപ്പെല്ലാം എവിടെപ്പോയെന്നറിയില്ല. മുഖം ഉയർന്നു. ഇരുഭാഗത്തും വീട്ടുകാർ വാതുക്കലെത്തി. അവരുടെ മുഖത്ത് ഒരു വിസ്മയം. ഘോഷയാത്ര പടിഞ്ഞാറോട്ടുനീങ്ങി. അ‌ഞ്ചുവിളക്ക് ജംഗ്ഷനിലെത്തി വടക്കോട്ട് തിരിഞ്ഞു. ഈ സമയം അവിടെക്കൂടിയിരുന്ന ഷോപ്പ് തൊഴിലാളി സഖാക്കളും ഞങ്ങളുടെ പിറകിൽവന്നു. അവർ മിക്കവാറും പേരും മുമ്പ് ആപ്പീസിൽ എത്തിനോക്കി പോയവരാണ്. ഇടിമുഴക്കുന്ന മുദ്രാവാക്യം കേട്ട് ആശുപത്രി മൂലയില്‍ കാണികള്‍ തടിച്ചുകൂടി.

തെക്കേഗോപുരത്തിനഭിമുഖമായി മൈതാനത്തിലെത്തി. ചെങ്കൊടി ഉയർന്നു. ആർപ്പുവിളികൾ, ജയ് വിളികൾ, പുതിയ യുഗത്തിന്റെ പടഹധ്വനികളാണുയർന്നതെന്ന് ഞങ്ങളുമറിഞ്ഞില്ല, കേട്ടവരും അറിഞ്ഞില്ല. അതൊരു പ്രസ്ഥാനപ്പിറവി അല്ലായിരുന്നു, ഒരു യുഗപ്പിറവിയായിരുന്നു’. കേരളത്തിലെ ആദ്യ മെയ്ദിന റാലിയും അതിന് നേതൃത്വം നൽകിയ ഏഴു തൊഴിലാളി നേതാക്കളെയും സ്മരിക്കാതെ എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തിന്റെ ആവേശമുണർത്താനാവില്ല. ഇവരെല്ലാം പിൽക്കാലത്ത് എഐടിയുസിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വളര്‍ച്ചയ്ക്കും പോരാട്ടങ്ങൾക്കും ധീരമായ നേതൃത്വം നൽകിയവരാണ്. തൃശൂരിലെ മെയ്ദിന റാലിയും ലേബേഴ്സ് ബ്രദർഹുഡ് പ്രസ്ഥാനവും പിന്നീട് എഐടിയുസിയുമെല്ലാം വീര്യം പകർന്ന ഒട്ടേറെ തൊഴിലാളി പോരാട്ടങ്ങൾ നടന്ന മണ്ണാണ് കേരളം. ആ സമരഓർമ്മകളിലൂടെ എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തിനായി ആലപ്പുഴയുണരും.

തൊള്ളായിരത്തി ഇരുപത്, ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉയിര്‍പ്പിന് കരുത്തുയർത്തിയ വർഷമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) എന്ന സംഘടനയ്ക്ക് രൂപം നൽകിയ വർഷം. 1915 ലെ ഹോംറൂൾ പ്രസ്ഥാനവും 1919 ലെ റൗലറ്റ് സത്യഗ്രഹവും നൽകിയ ഊർജമാണ് 1920 ൽ എഐടിയുസിയുടെ പിറവിക്ക് പാത്രമായത്. എണ്ണമറ്റ തൊഴിലാളി സമരങ്ങളുടെ സുവർണ്ണ ചരിത്രങ്ങളെഴുതിയ ദേശീയ തൊഴിലാളി പ്രസ്ഥാനം അതിന്റെ ശതാബ്ദി സമ്മേളനത്തിനൊരുങ്ങുകയാണ്. ഏപ്രിൽ രണ്ടു മുതൽ അഞ്ച് വരെ നടക്കുന്ന ദേശീയ സമ്മേളനത്തിന് ആതിഥ്യമരുളുന്ന ആലപ്പുഴ, കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഭൂമികയാണ്. ആലപ്പുഴയിലും കേരളത്തിന്റെ മറ്റിടങ്ങളിലും നടന്ന തൊഴിലാളി സമരങ്ങളുടെ ചരിത്രമെല്ലാം ശതാബ്ദിയിലെത്തിയ എഐടിയുസിയുടെ കരുത്ത് കൂടിയാണ്. ആ ചരിത്രങ്ങളുടെ പുനർവായന പുതിയ കാലഘട്ടത്തിനും പുതുതലമുറയ്ക്കും ഉണർവ് പകരും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.