Web Desk

മാനന്തവാടി

January 10, 2020, 9:39 pm

വയനാട്: ജില്ലയിലെ ആദ്യത്തെ ജൈവ നെല്ല് സംസ്ക്കരണ ശാല പ്രവർത്തനം ആരംഭിച്ചു

Janayugom Online

മാനന്തവാടി: വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരുടെ ചിരകാല സ്വപ്നമായ ജൈവ നെല്ല് സംസ്ക്കരണ ശാല യാഥാർത്ഥ്യമായി. പരമ്പരാഗത ജൈവ നെൽകർഷകരുടെ കൂട്ടായ്മയായ തിരുനെല്ലി കർഷക ഉത്പാദക കമ്പനി സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചിറമൂലയിൽ ആധുനിക രീതീയിലുള്ള റൈസ് മില്ല് ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 102 ജൈവ കർഷകർ ഇതിൽ അംഗങ്ങളാണ്.

ജൈവനെല്ല് സംസ്ക്കരണമാണ് മില്ലിൽ പ്രധാനമായും നടത്തുന്നത്. ജൈവ നെല്ലുമായി എത്തുന്ന കർഷകർക്ക് കുത്തിയ അരി നൽകും കൂടാതെ അരിയുടെ വിപണനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാസവളപ്രയോഗവും കീടനാശിനി പ്രയോഗവുമുള്ള അരി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് ജൈവ നെല്ല് ഉപയോഗിച്ച് കൃഷി ചെയ്യുന്ന കർഷകർക്കായി മില്ല് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വിപണിയിലുള്ളതിനേക്കാൾ വിലനൽകി കർഷകരിൽ നിന്നും നെല്ല് ഇവിടെ സംഭരിക്കുകയും ചെയ്യും. ചോ മാല ഉൾപ്പെടെയുള്ള നെല്ല് 30 രൂപക്കും ചെറിയ തൊണ്ടി 29 രൂപക്കും, മുള്ളൻ കയ്മ., ഗന്ധകശാല 50 രൂപക്കും സംഭരിക്കും. വയലുകളുടെ നാടായ വയനാട്ടിൽ നിന്നും നെൽകൃഷി അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കാർഷിക രംഗത്തെ പുത്തനുണർവ്വിന് ജൈവ നെല്ല് സംസ്ക്കരണ ശാല ഏറെ മുതൽ കൂട്ടായി മാറും.