ജീവന്‍ കുരുത്തത് ആഴം കുറഞ്ഞ ജലാശയങ്ങളിലാകാമെന്ന് പഠനം

Web Desk
Posted on April 16, 2019, 11:58 am

വാഷിങ്ടണ്‍ ഡിസി: ഭൂമിയില്‍ ജീവന്‍ കുരുത്തത് ആഴം കുറഞ്ഞ ജലാശയങ്ങളിലാകാമെന്ന് പുതിയ പഠനം. 390 കോടി വര്‍ഷങ്ങള്‍ പുറകില്‍ ഭൂമിയില്‍ ജിവനുരുവാകുന്നതിന് മുമ്പ് 500 ചതുരശ്ര കിലോമീറ്ററോളം ആഴം കുറഞ്ഞ ജലശയങ്ങളാല്‍ ഭൂമി സമൃദ്ധമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. പത്തു സെന്റീമീറ്റര്‍ മാത്രം ആഴമുള്ള ഇത്തരം ജലപരപ്പ് നൈട്രജന്‍ സമൃദ്ധമാണ്. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനും രൂപീകരണത്തിനും നിര്‍ണ്ണായകമാണ് നൈട്രജന്‍. ജിയോകെമിസ്ട്രി ജിയോഫിസിക്‌സ് ജിയോസിസ്റ്റംസ് എന്ന പ്രസിദ്ധീകരണത്തിലാണ് ജീവന്റെ ആരംഭം സമുദ്രത്തിലാണ് എന്ന വാദത്തെ ഖണ്ഡിച്ചുള്ള പുതിയ നിഗമനം.

ആഴം കുറഞ്ഞ ജലാശയങ്ങളില്‍ സമൃദ്ധമാകുന്ന നെട്രോജെനസ് ഓക്‌സൈഡ്‌സ് മറ്റു മൂലകങ്ങളുമായി ചേരുമ്പോള്‍ ജീവന്റെ തുടിപ്പ് രൂപപ്പെടാന്‍ ഉത്തമായ സാഹചര്യം രൂപപ്പെടുന്നു. ആഴമേറിയ സമുദ്രങ്ങളില്‍ നൈട്രജന് ജിവത്വരകമാകാനുള്ള സാധ്യത പരിമിതമാണ്, പഠന റിപ്പോര്‍ട്ടില്‍ ഗവേഷകന്‍ സുകൃത് രഞ്ജന്‍ വ്യക്തമാക്കുന്നു.

സമുദ്രാഴങ്ങളില്‍ നൈട്രോജെനൊസ് ഓക്‌സൈഡ്‌സ് കാര്‍ബണ്‍ഡയോക്‌സൈഡുമായി ചേര്‍ന്ന് ജീവന്റെ ആദ്യതുടപ്പുകള്‍ക്കനുകൂലമാകാവുന്ന തന്മാത്ര കൂടാരങ്ങള്‍ രൂപപ്പെടുന്നു എന്ന വാദമാണ് ഖണ്ഡിക്കപ്പെടുന്നത്. റൈബോ ന്യൂക്ലിയക് ആസിഡ് (ആര്‍എന്‍എ) തന്മാത്രയുടെ ആവിര്‍ഭാവമുമായി ചേര്‍ത്ത് ജീവന്റെ ഉറവിടത്തെ മറ്റൊരു സിദ്ധാന്തം വിവരിക്കുന്നു.
വര്‍ത്തമാന കാലത്ത് ജനിതക വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആര്‍എന്‍എ തന്മാത്രകളെയാണ് പ്രയോജനപ്പെടുത്തുന്നത്.

ആര്‍എന്‍എ തന്മാത്രകള്‍ അതിന്റെ പ്രാകൃത രൂപത്തില്‍ നൈട്രസ് ഓക്‌സൈഡുകളുമായി ചേര്‍ന്ന് ജീവന്റെ തുടിപ്പുകള്‍ രേഖപ്പെടുത്തുന്ന തന്മാത്രാ കണ്ണികള്‍ രൂപപ്പെടുത്തുന്നു. സ്വതന്ത്രമായി ഒഴുകി നടക്കുന്ന ജീവന്റെ തന്മാത്രാ കണ്ണികള്‍ രൂപപ്പെട്ടത് സമുദ്രത്തിലോ ആഴം കുറഞ്ഞ ജലാശയങ്ങളിലോ ആകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ നൈട്രജന്‍ മിന്നലിന്റെ ഫലമായി ജലത്തിലേക്ക് ചേര്‍ക്കപ്പെടുന്നു. അന്തരീക്ഷത്തില്‍ രണ്ടുതന്മാത്രകള്‍ ഒന്നായി ചേര്‍ന്ന് മൂന്നിരിട്ടി കരുത്തിലാണ് നൈട്രജന്‍.

ശക്തമായൊരു ബോംബിന്റെ കരുത്തോടെ ഭൂമിയിലെത്തുന്ന മിന്നല്‍ നൈട്രജനെ വിഘടിപ്പിച്ച് നൈട്രോജനസ് ഓക്‌സൈഡ്‌സ് ഉത്പാദിപ്പിക്കുന്നു. നൈട്രോജനസ് ഓക്‌സൈഡ്‌സ് ജലാശയങ്ങളില്‍ സംഭരിക്കപ്പെടുന്നു.ആരംഭകാലങ്ങളില്‍ ശക്തമായിരുന്ന തുടര്‍ച്ചയായ മിന്നല്‍ ജലാശയങ്ങളിലെ നൈട്രസ് ഓക്‌സൈഡ് ജിവന് ആരംഭം കുറിക്കാനുതകും വിധം ഉയര്‍ത്തി.
എന്നാല്‍, സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ സമുദ്രത്തിലെ നൈട്രസ് ഓക്‌സൈഡുകളുടെ അളവില്‍ വലിയ കുറവ് ഉണ്ടാക്കിയിരിക്കാമെന്ന് ഇപ്പോള്‍ ഗവേഷകര്‍ കരുതുന്നു.

സമുദ്രത്തിലെ പാറകളില്‍ നിന്നും പൊളിഞ്ഞ് ചേരുന്ന ഇരുമ്പും ഇതിന് തുണയായി. അള്‍ട്രാവയലറ്റ് രശ്മികളും അലിഞ്ഞു ചേരുന്ന ഇരുമ്പിന്റെ അംശവും ഒന്നുചേരുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം ജലത്തിലെ നൈട്രസ് ഓക്‌സൈഡ്‌സിനെ വീണ്ടും നൈട്രജനാക്കി അന്തരീക്ഷത്തിലേക്ക് മാറ്റുന്നു. എന്നാല്‍, ആഴംകുറഞ്ഞ ജലാശയങ്ങളില്‍ നൈട്രസ് ഓക്‌സൈഡുകള്‍ നിലനില്‍ക്കാന്‍ അനുകൂലമായ സാഹചര്യമാണ്. ജീവന്‍ ഉരുവാകാന്‍ തുണയേകുന്ന ആര്‍എന്‍എ തന്മാത്രാ കണ്ണികള്‍ സജീവമാകാന്‍ ഇത്തരം സാഹചര്യം ഉപകരിക്കും. ഇത്തരം സാഹചര്യത്തില്‍ ജീവന്റെ ഉറവിടം ആഴം കുറഞ്ഞ ജലാശയങ്ങളെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിക്കുന്നു.