ചന്ദ്രോപരിതലത്തിലെ ആദ്യജീവന് ആയുസ് ഒരു രാത്രി

Web Desk
Posted on January 18, 2019, 8:35 am

ബെയ്ജിങ്: ചന്ദ്രനില്‍ മുളപൊട്ടിയ ആദ്യ ജീവന് ഒറ്റരാത്രി മാത്രം ആയുസ്. ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയി. രാത്രിയിലെ മൈനസ് 170 ഡിഗ്രി വരെ താണ അതിശൈത്യം അതിജീവിക്കാന്‍ പരുത്തിത്തൈക്കായില്ല. തിങ്കളാഴ്ചയാണ് ചരിത്രം കുറിച്ചുകൊണ്ട്, ചന്ദ്രനില്‍ പരുത്തിച്ചെടി മുളപ്പിച്ചതിന്റെ ചിത്രം ചൈന പുറത്തുവിട്ടത്.
മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളില്‍ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂല്‍ പുഴുവിന്റെ മുട്ടകളും വച്ചാണ് ചന്ദ്രനിലെത്തിച്ചത്. മൂണ്‍ സര്‍ഫേസ് മൈക്രോഇക്കോളജിക്കല്‍ സര്‍ക്കിള്‍ എന്നാണ് ഈ ഉപകരണത്തെ വിളിക്കുന്നത്.

വിത്തുകളെ ഉയര്‍ന്ന അന്തരീക്ഷ മര്‍ദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടായിരുന്നു പരീക്ഷണം. ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്നത് പ്രതീക്ഷിച്ചതാണെന്ന് ഗവേഷകര്‍ പറഞ്ഞു. ചന്ദ്രനിലെ രാത്രി മറികടക്കാന്‍ ജീവനാവില്ലെന്ന് പപദ്ധതിക്ക് നേതൃത്വം നല്‍കുന്ന ചോങ് ക്വിങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷി ജെങ്ക്‌സിന്‍ പറഞ്ഞു.
വരുന്ന നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മറ്റുള്ള വിത്തുകളും ഈ കാലയളവില്‍ മുളപ്പിച്ചെടുക്കാന്‍ ആവുമെന്നാണ് കരുതുന്നത്. പട്ടുനൂല്‍ പുഴുവിന്റെ മുട്ടയും രൂപാന്തരം പ്രാപിക്കുന്നുണ്ടെന്നാണ് വിവരം.

ചന്ദ്രനിലെ താപനിലയില്‍ സസ്യങ്ങള്‍ വളര്‍ത്തുക പ്രയാസമേറിയ കാര്യമാണ്. പകല്‍ സമയങ്ങളില്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ് ചന്ദ്രനിലെ താപനില. രാത്രിയില്‍ അത് മൈനസ് 100 ഡിഗ്രി സെല്‍ഷ്യസിലും കുറയും. ചില സമയങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തുന്നതെന്നും അതേതാപനിലയില്‍ വളരുന്ന സസ്യങ്ങളുണ്ടെന്നത് പ്രതീക്ഷയാണെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു.