Wednesday
18 Sep 2019

പ്രസ് ക്ലബ്ബിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി ഹെയ്ദി സാദിയയ്ക്ക് മികച്ച വിജയം

By: Web Desk | Wednesday 21 August 2019 9:00 PM IST


തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി ഹെയ്ദി സാദിയയ്ക്ക് മികച്ച വിജയം. തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ് നടത്തുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം കോഴ്‌സില്‍ ഇലക്‌ട്രോണിക് മീഡിയ ജേര്‍ണലിസം വിദ്യാര്‍ഥിയായ ഹെയ്ദി സാദിയ ഫസ്റ്റ് ക്ലാസേടെയാണ് പാസായത്. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെയും കാഴ്ചപ്പാടുകളെയും തോല്‍പ്പിച്ച് സര്‍വലിംഗക്കാര്‍ക്കും മാതൃകയായ ഹെയ്ദിക്ക് പത്രപ്രവര്‍ത്തന മേഖലയില്‍ അഭിരമിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ തനിക്ക് കിട്ടിയിട്ടുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വിദ്യാര്‍ഥിയാകുന്നത് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ്.

തൃശ്ശൂര്‍ സ്വദേശിയായ 21 വയസ്സുള്ള ഹെയ്ദി സാദിയ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നെ നയാണ്‍ എന്ന ആണ്‍കുട്ടിയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം സ്വത്വം അവള്‍ മനസ്സിലാക്കിയിരുന്നെങ്കിലും ശാരീരികമായ മാറ്റം അവളില്‍ വന്നുതുടങ്ങിയത് 15ാം വയസ്സിലാണ്. സ്വാഭാവികമായും വീട്ടിലും നാട്ടിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവളേയും അലട്ടി.. ഒടുവില്‍ 18ാം വയസ്സില്‍ അവള്‍ നാട് വിട്ടു.. പിന്നീടങ്ങോട്ട് സര്‍ജറി ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. ബാംഗ്ലൂരിലും ഡല്‍ഹിയിലുമായി കുറേ നാളുകള്‍.പൂര്‍ണമായും സ്ത്രീയായി പരിവര്‍ത്തനം ചെയ്‌തെന്നു ബോധ്യപ്പെട്ടതിന് ശേഷം തിരിച്ച് നാട്ടിലേക്ക്. കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയുടെ ഭാരവാഹികളായ രഞ്ജുരഞ്ജിമാര്‍, സൂര്യ ഇഷാന്‍, ഹരിണി ചന്ദന തുടങ്ങിയവര്‍ ആണ് തന്റെ രണ്ടാം ജന്‍മത്തിന് എല്ലാ പിന്തുണയും നല്‍കിയതെന്ന് ഹെയ്ദി പറയുന്നു. ദ്വയയുടെ നാടക ഗ്രൂപ്പിലും ഷോര്‍ട്ട്ഫിലിമിലുമെല്ലാം അഭിനയിച്ച് മികവ് പ്രകടിപ്പിച്ചിരുന്നു. എറണാകുളം സെന്റ്‌തെരാസസ് കോളജില്‍ നിന്നും ബിരുദമെടുത്തതിന് ശേഷമാണ് ജേര്‍ണലിസം പഠിക്കാനായി തലസ്ഥാനത്തേക്ക് വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു പരിഗണനയും വാങ്ങിക്കാതെ പൊതുവിഭാഗത്തില്‍ അപേക്ഷിച്ച് എന്‍ട്രന്‍സ് പരീക്ഷയില്‍ 18ാം റാങ്ക് നേടിയാണ് ഹെയ്ദി അഡ്മിഷന്‍ നേടിയത്. ഇപ്പോഴിതാ ഉന്നതവിജയം കരസ്ഥമാക്കി ജേണലിസം ഡിപ്ലോമയും കരസ്ഥമാക്കിയിരിക്കുന്നു.

”ഒരു പക്ഷേ സമൂഹത്തിന് തന്നേയോ തന്റെ തീരുമാനങ്ങളെയോ അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എനിക്ക് തലയുയര്‍ത്തി തന്നെ ജീവിക്കണം.” ഹെയ്ദിയുടെ വാക്കുകള്‍ക്ക് ഉറച്ച തീരുമാനത്തിന്റെ കരുത്തുണ്ട്. താനുള്‍പ്പെടുന്നവിഭാഗത്തിന്റെയും പൊതു സമൂഹത്തിന്റെയും ക്ഷേമവും നന്‍മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തനം സഹായകമാകുമെന്ന പ്രതീക്ഷയ്ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസത്തിന്റെ നേരുണ്ട്.

YOU MAY LIKE THIS VIDEO ALSO

Related News