Sunday
21 Jul 2019

സിഎംഎസില്‍ ലിംഗസമത്വത്തിന്റെ ചരിത്രമെഴുതാന്‍ അവരെത്തുന്നു

By: Web Desk | Sunday 9 June 2019 8:31 PM IST


സ്വന്തം ലേഖിക

കോട്ടയം: ഇന്ന് സി എം എസ് കോളേജിന്റെ കവാടം കടന്നുവരുന്ന അവന്തിക കയറുന്നത് ചരിത്രത്തിന്റെ പടവുകള്‍. സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തിയ ഒരു വിഭാഗത്തിലായിരുന്ന അവന്തിക മുഖ്യധാരയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ്. ആ സന്തോഷം ‘അവള്‍’ ഒട്ടും മറച്ചുവയ്ക്കുന്നില്ല. ”സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താന്‍ സഹായിച്ച സര്‍ക്കാരിന് ഏറെ നന്ദി. സമൂഹത്തിന് മാതൃകയാകാനാണ് ഈ വിപ്ലവകരമായ മാറ്റത്തിലൂടെ ആഗ്രഹിക്കുന്നത്. സിവില്‍ സര്‍വ്വീസ് ആണ് ലക്ഷ്യം അതിലൂടെ ഭരണസിരാകേന്ദ്രത്തിലെത്തണം.

പറയുന്നത് സി എം എസ് കോളെജിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിനി അവന്തിക വിഷ്ണു. സി എം എസ് കോളെജില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്ള രണ്ട് പേര്‍ക്ക് പഠിക്കുവാനുള്ള അവസരം ലഭിക്കുന്നത്. അങ്ങനെയാണ് അവന്തികയ്‌ക്കൊപ്പം ഷാനയും ഇന്ന് ഇവിടെ പഠിക്കാനെത്തുന്നത്. ഇന്ന് മുതല്‍ ബി എ ഹിസ്റ്ററി ക്ലാസില്‍ ഹാജര്‍ വിളിക്കുമ്പോള്‍ അവന്തികയും ബി എ ഇക്കണോമിക്‌സ് ക്ലാസില്‍ ഷാന നവാസും ഉണ്ടാകും.
”ആണിന്റെയും പെണ്ണിന്റെയും ഇടത്തിലേക്കുള്ള ഇടിച്ചുകയറ്റമാണ് ഈ മാറ്റം. അവന്തിക ഒരു വ്യക്തിയല്ല, സമൂഹത്തിന്റെ പ്രതിനിധിയാണ്. മാറ്റി നിര്‍ത്തപ്പെട്ടവരെ തിരികെ കൊണ്ടുവരണം. അതാണ് ആഗ്രഹം”. സി എം എസ് കോളേജിലെ വിദ്യാര്‍ഥിയാകണമെന്ന ആഗ്രഹം കൂടിയാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്.

എ ഐ എസ് എഫിന്റെ അക്ഷിത വിദ്യാര്‍ത്ഥിനി വേദി സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ കൂടിയാണ് അവന്തിക. ഇപ്പോള്‍ തനിക്ക് അഭിനന്ദനപ്രവാഹമാണെന്നും അവന്തിക പറയുന്നു. ഒരു കാലത്ത് മറ്റുള്ളവര്‍ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇനി അവരും കൂടി അംഗീകരിക്കുന്ന നിലയിലേക്ക് എത്തണമെന്നാണ് ആഗ്രഹം. കൂടെ ഉള്ള പലരുടെയും പഠനം മുടങ്ങിയിട്ടുണ്ട് അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം.

പൊതു ഇടങ്ങളില്‍ നിന്നു പുറകോട്ട് പോകുംതോറും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. പൊതു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്നുള്ള ആഗ്രഹവും അവന്തിക മറച്ചുവയ്ക്കുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡംഗം കൂടിയായ അവന്തിക വെള്ളിയാഴ്ച കോളെജില്‍ എത്തി അഡ്മിഷന്‍ വാങ്ങി. അധ്യാപകരുടെ ഭാഗത്തുനിന്നു നല്ല സ്വീകരണമായിരുന്നെന്നും അവന്തിക പറയുന്നു. എന്ത് സഹായം ചെയ്തു നല്‍കാനും കോളെജ് അധികൃതര്‍ ഒപ്പമുണ്ടാകുമെന്നും കോളെജ് അധികാരികളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അവര്‍ പറയുന്നു. ഷാന വ്യാഴാഴ്ചയും അഡ്മിഷന്‍ വാങ്ങി.

കോട്ടയം പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയാണ് അവന്തിക. ഷാന നവാസ് അതിരമ്പുഴ സ്വദേശിനിയും. പലവിധകാരണങ്ങളാല്‍ പാതി വഴിയില്‍ മുടങ്ങിയ പഠനമാണ് ഇപ്പോള്‍ രണ്ടാളും പുനരാംരംഭിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതോടെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. അവിടെനിന്നാണ് അവന്തികയും ഷാനയും ചരിത്രത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുന്നത്. എറണാകുളത്താണ് മുമ്പ് പഠനം നടത്തിയിരുന്നത്. താമസവും അവിടെ തന്നെയാണ്. കോളെജ് തുറക്കുന്നതോടെ എറണാകുളത്തുനിന്നും കോട്ടയത്തേക്ക് പോയി വന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്.

YOU MAY LIKE THIS VIDEO