ആദ്യം വേണ്ടത് ട്രെയിന്‍ യാത്രയിലെ സുരക്ഷിതത്വം

Web Desk
Posted on July 08, 2018, 10:42 pm

‘ഇന്ത്യയ്ക്ക് വേണ്ടത് ബുള്ളറ്റു ട്രെയിനുകളല്ല: ഇ ശ്രീധരന്‍’ എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്ത വളരെ ശ്രദ്ധേയമായി തോന്നി.
ശരിയാണ്, 71 കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ ഭരണാധികാരികള്‍ക്ക് ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനോ, യാത്രക്കാര്‍ക്ക് യാത്ര സുഖകരമാക്കാനോ എന്തിനധികം പറയുന്നു; ഒന്നു വൃത്തിയാക്കി ബോഗികളെ സൂക്ഷിക്കാനോ ഇന്നും സാധിച്ചിട്ടുണ്ടെന്ന് പറയാനാകുമോ? നമ്മുടെ വിവിഐപികളും വിഐപികളുമൊക്കെ ട്രെയിനില്‍ എത്ര പ്രാവശ്യം യാത്ര ചെയ്യുന്നുണ്ട്? പിന്നെയെങ്ങനെ അവര്‍ക്കൊക്കെ സാധാരണക്കാരായ യാത്രക്കാരുടെ ദുരിതങ്ങള്‍ മനസിലാക്കാനാകും?
രാഷ്ട്രീയക്കാരായ ഭരണാധികാരികള്‍ക്ക് ലക്ഷ്യം രാഷ്ട്രീയ താല്‍പര്യങ്ങള്‍ തന്നെയാണ്. ശ്രീധരന്‍ പ്രകടിപ്പിച്ച വികാരം ജനകോടികളുടേതാണ്. ബുള്ളറ്റ് ട്രെയിനുകള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയല്ലായെന്ന് ഉറപ്പിച്ചുതന്നെ പറയാം. അതിന് മുതല്‍മുടക്കുന്ന കാശ് നമ്മുടെ കോച്ചുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുപയോഗിച്ചുകൂടെ? നമ്മുടെ ട്രെയിനുകളെ കണ്ടാല്‍ വൃത്തിഹീനമായിട്ടാണ് നമുക്ക് കാണാനാവുക? കോച്ചുകളിലെ വാതിലുകളും ഇരിപ്പിടങ്ങളുമൊക്കെ മിക്കവയും പൊളിഞ്ഞുകിടക്കുന്നതു കാണാം. ഉദ്ഘാടനത്തിനു കൊണ്ടുവരുന്ന പുതിയവ പിന്നീടൊന്നും നാം കാണാറില്ല. അത് വേറെയെവിടെയെങ്കിലും ഉദ്ഘാടന മാമാങ്കത്തിന് കൊണ്ടുപോയെന്നിരിക്കും.
നമ്മുടെ രാജ്യവും വിദേശരാജ്യങ്ങളുടെ നിലവാരത്തിലേക്കു കൊണ്ടുവരാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കു അതിയായ ആഗ്രഹം ഉണ്ടെന്നു മനസിലാക്കാം. എന്നാല്‍, സാധാരണക്കാരന്റെ യാത്രാദുരിതത്തിനു പരിഹാരം കണ്ടിട്ടുമതി ബുള്ളറ്റ് ട്രെയിനുകളെന്ന കാര്യം. തിങ്ങിനിറഞ്ഞ് തിരിയാന്‍ പോലും സാധിക്കാത്തവിധത്തിലാണ് യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്ന കാഴ്ച നമ്മുടെ ഭരണാധികാരികള്‍ കാണുക തന്നെ വേണം. കണ്ടാലുടന്‍ അതൊക്കെ പരിഹരിക്കുമെന്നിവര്‍ പറഞ്ഞ് തടിതപ്പും. പിന്നെയെല്ലാം പഴയതുപോലെ തന്നെ. അട്ടയിഴയുന്ന വേഗത്തിലാണ് കാതങ്ങളൊക്കെ.
ആദ്യം ജനങ്ങള്‍ക്ക് ട്രെയിന്‍ യാത്രയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക. കൂടുതല്‍ ബോഗികള്‍ ഘടിപ്പിക്കുക. കോച്ചുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഉറപ്പിക്കുക. ട്രെയിനിലെ ജനാലകള്‍ തുറക്കാനും അടയ്ക്കാനും ഉതകുന്നവിധത്തിലാക്കുക. ടോയ്‌ലറ്റുകളില്‍ വെള്ളം ഉറപ്പാക്കുക. ഇന്ന് ടോയ്‌ലറ്റുകളില്‍ നാം കുപ്പിയില്‍ വെള്ളം കൊണ്ടുവേണം അകത്തുകയറാന്‍. ഒരിക്കല്‍ നിറച്ചുകഴിഞ്ഞാല്‍ എല്ലാം ആയെന്ന ധാരണയാണ് റയില്‍വേയ്ക്ക്.

ടി വി ആര്‍ പോറ്റി
പൂജപ്പുര