പ്രൊഫ. കെ അരവിന്ദാക്ഷന്‍

January 14, 2022, 6:00 am

‘ഫിസ്ക്കല്‍‍ ഫെഡറലിസം’ യാഥാര്‍ത്ഥ്യമായേ തീരൂ

Janayugom Online

അധികാര കേന്ദ്രീകരണം ഉയര്‍ത്തുന്ന ഭീഷണികളും വെല്ലുവിളികളും നിരവധി പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേട്ടുവരുന്നൊരു കാര്യമാണ്. 1948 മുതല്‍ ഈ പല്ലവി പല പ്രമുഖരും ആലപിച്ചുവരുന്നുണ്ടെങ്കിലും രാഷ്ട്രീയാധികാര കേന്ദ്രീകരണ പ്രക്രിയ ഇന്നും ശക്തമായി തുടരുന്നതായിട്ടാണ് നമ്മുടെ അനുഭവം. സംസ്ഥാനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അവകാശാധികാരങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ അതിവേഗം ചെന്നെത്തുക ഏകാധിപത്യ ഭരണക്രമത്തിലേക്കായിരിക്കും എന്നത് ഉറപ്പാണ്. 2014ല്‍ നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രിപദത്തില്‍ കേന്ദ്രത്തില്‍ ബിജെപി ഭരണം നിലവില്‍ വന്നതോടെ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ കുറവ് വരുത്താനുള്ള ഒരു അജണ്ടക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഇന്നത്തെ സ്ഥിതിയില്‍ ഈ അജണ്ട അതിന്റെ രഹസ്യ സ്വഭാവം ഉപേക്ഷിച്ച് പരസ്യമാക്കാനും തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാമാന്യം നല്ല സ്വാധീനമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളിലേക്ക് കടന്നുകയറ്റം നടത്താന്‍ ലക്ഷ്യമിട്ട് നിയമനിര്‍മ്മാണങ്ങളുടെ ഒരു പരമ്പര തന്നെയാണ് മോഡി സര്‍ക്കാരിന്റെ അജണ്ടയിലുള്ളത്. ഇതിന്റെ ഭാഗമായി സഹകരണ മേഖലാ ഭേദഗതി നിയമം, കാര്‍ഷിക മേഖലാ നിയമങ്ങള്‍, തെരഞ്ഞെടുപ്പു ഭേദഗതി നിയമങ്ങള്‍— ആധാറും തെരഞ്ഞെടുപ്പു ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കലും കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമടക്കം ഒട്ടേറെ ഫെഡറലിസ്റ്റ് വിരുദ്ധ നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പാന്‍ഡെമിക്ക് അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോള്‍ മുതല്‍ തുടക്കംകുറിക്കപ്പെട്ട ഫെഡറല്‍ വിരുദ്ധ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി വരികയാണിപ്പോള്‍. കോവിഡിനെ സ്വന്തം നിലയില്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍‌ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയായിരുന്നു. ടെസ്റ്റിങ് കിറ്റുകള്‍, വാക്സിനുകള്‍ തുടങ്ങിയവ വാങ്ങുന്നതിനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം സത്വരമായ നിലയില്‍ നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ടതിനും അനുഭവങ്ങള്‍ നിരവധിയാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ കയ്യടക്കാനുള്ള ശ്രത്തിന് നിയമത്തിന്റെ പിന്‍ബലമുണ്ടാകാനാണ് ബാങ്കിങ് റെഗുലേഷന്‍ അമെന്റ്മെന്റ് ആക്ട് 2020 നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി അമെന്റ്മെന്റ് ആക്ട് 2021, ഇന്ത്യന്‍ മറെെന്‍ ഫിഷറീസ് ആക്ട് 2021, ഡ്രാഫ്റ്റ് ഇലക്ട്രിസിറ്റി അമെന്റ്മെന്റ് ആക്ട് 2020, ഡാം സേഫ്റ്റി ബില്‍ 2019, നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി ഓഫ് 2020, ഡ്രാഫ്റ്റ് ബ്ലൂ ഇക്കോണമി പോളിസി 2021 തുടങ്ങിയ നിയമ ഭേദഗതികളും നയപ്രഖ്യാപനങ്ങളും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സംസ്ഥാനത്തിന് നിയന്ത്രണമുള്ള സഹകരണ മേഖല‌ക്ക് മൂക്കുകയറിടുക ലക്ഷ്യമിട്ടാണ് കേന്ദ്രത്തില്‍ ഒരു സഹകരണ മന്ത്രാലയത്തിന് തിടുക്കത്തില്‍ രൂപം നല്കിയതും ആര്‍ബിഐയെക്കൊണ്ട് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമം ശക്തമായിരിക്കുന്നതും. ഫിസ്ക്കല്‍ ഫെഡറലിസത്തെപ്പറ്റി പ്രസംഗത്തില്‍ വാചാലനാകുന്ന നരേന്ദ്രമോഡി പ്രവര്‍ത്തന രംഗത്തുവരുമ്പോള്‍ കീഴ്മേല്‍ മറിയുന്നതായിട്ടാണ് കാണാന്‍ കഴിയുക. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ച് നികുതിവിഹിതത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായവിധം വര്‍ധനവു വേണമെന്ന അഭിപ്രായം പ്രകടമാക്കിയിരുന്ന മോഡി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. അതുപോലെ തന്നെ, വേണ്ടത്ര മുന്നൊരുക്കങ്ങളൊ, മുന്നറിയിപ്പുകളൊ ഇല്ലാതെ ഡിമോണറ്റെെസേഷന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങളിലുള്ള കെെകടത്തലിനാണ് യുപിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിമര്‍ശനമുന്നയിച്ചിരുന്ന ജിഎസ്‌ടി പരിഷ്കാരം പ്രധാനമന്ത്രിയായി വന്നതിനുശേഷം കൂടുതല്‍ കര്‍ക്കശമായ നിലയില്‍ നടപ്പിലാക്കുകയായിരുന്നു മോഡി ചെയ്തത്.


ഇതുകൂടി വായിക്കാം; ആത്മഹത്യാപരം; യുക്തിരഹിതം ഈ നയം


ഇവിടംകൊണ്ടും തീരാതെയാണിപ്പോള്‍ ‘ഒരു രാഷ്ട്രം, ഒരു റേഷന്‍കാര്‍ഡ്’ എന്ന ആശയവുമായി മോഡിയും സംഘപരിവാരവും ഫെഡറലിസത്തിനുമേല്‍ കടന്നുകയറ്റത്തിന് കോപ്പുകൂട്ടിയിരിക്കുന്നത്. ഈ വിധത്തിലുള്ള കര്‍ശനമായ നയങ്ങളിലൂടെ പാന്‍ഡെമിക്ക് സൃഷ്ടിച്ച ആഘാതത്തോടൊപ്പം, സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കെത്തുന്നതിലേക്കാണ് മോഡി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചുവരുന്നത്. ഇതിന്റെയൊക്കെ അന്തിമഫലം ഫിസ്ക്കല്‍ ഫെഡറലിസത്തിന്റെയും കോ ഓപറേറ്റീവ് ഫെഡറലിസത്തിന്റെയും തകര്‍ച്ചയാണെന്ന് ഓര്‍ക്കുന്നത് നന്ന്. നികുതി വരുമാന സമാഹരണത്തിന്റെയും അത് സംസ്ഥാനങ്ങളുമായി പങ്കിടുന്നതിന്റെയും കാര്യം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകാവുന്നതേയുള്ളു. ഇന്ധന നികുതി വര്‍ധനവിന്റെ വലിയൊരു ഭാഗം, അധിക നികുതി- സെസ് അല്ലെങ്കില്‍ സര്‍ചാര്‍ജ് എന്ന നിലയിലാണെന്നതിനാല്‍, അതിലൂടെ കേന്ദ്രത്തില്‍ എത്തുന്ന വരുമാനം, സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ആ തുക മുഴുവനും കേന്ദ്ര ഖജനാവിലേക്കായിരിക്കും ഒഴുകിയെത്തുക. സെസുകളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമുള്ളത് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്മെന്റ്സ്-കാര്‍ഷിക ആന്തരഘടന, വികസന അധികനികുതിക്കാണ്. ഈ വിധത്തില്‍, സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത ഇനങ്ങളിലായി കേന്ദ്ര സര്‍ക്കാരിന് കിട്ടിയ തുക 2019–20ല്‍ 12.67 ശതമാനമായിരുന്നത് 2020–21ല്‍ 23.46 ശതമാനമായി കുതിച്ചുയരുകയായിരുന്നു. ഇനി ജിഎസ്‌ടിയുടെ കാര്യമെടുക്കുക ഈ നികുതി പരിഷ്കാരവും നരേന്ദ്രമോഡിയുടെ പ്രത്യേക താല്പര്യത്തിന്റെ ഉല്പന്നമായിട്ടാണല്ലോ 2017ല്‍ നടപ്പാക്കാന്‍ തുടങ്ങിയത്. ഇവിടേയും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നുള്ള നഷ്ടപരിഹാര കൈമാറ്റത്തുക ഒരിക്കല്‍ പോലും വാഗ്ദാനം ചെയ്ത സമയത്തോ തോതിലോ ലഭ്യമാക്കപ്പെട്ടിട്ടില്ലെന്നതാണ് അനുഭവം. നിരവധി സംസ്ഥാനങ്ങള്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കൂടുതല്‍ കടക്കെണിയില്‍ അകപ്പെടേണ്ടിവരുകയുമായിരുന്നു. ഈ കടം മുതലും പലിശയും ചേര്‍ത്ത് തിരികെ നല്കാനുള്ള ബാധ്യതയും സംസ്ഥാനങ്ങള്‍ക്ക് തന്നെയാണുള്ളതും. പണത്തിന്റെ ഞെരുക്കത്തെ തുടര്‍ന്ന് വികസനാവശ്യങ്ങള്‍ക്കായി നികുതി-ഇതര വരുമാനത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായം നല്കുന്നതിനു പകരം അതിനെതിരായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചുവരുന്നത്. സാമൂഹ്യ സുരക്ഷാ ചെലവുകള്‍ക്കായി കോര്‍പറേറ്റുകള്‍‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന തുക ചെലവാക്കുന്നതിന് വിലക്കേര്‍പ്പെടുത്തുക കൂടിയാണ് മോഡിസര്‍ക്കാര്‍ ചെയ്തത്. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിന് ഇതൊന്നും ബാധകവുമല്ല. ഇതൊന്നും പോരാഞ്ഞിട്ടായിരിക്കണം പാര്‍ലമെന്റ് അംഗങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനാവശ്യങ്ങള്‍ക്കായി അനുവദിച്ചിരുന്ന തുക (എംപിഎന്‍എഡി) കണ്‍സോളിഡേറ്റസ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും കൈമാറ്റം നടത്തുന്നത് നിര്‍ത്തിവയ്ക്കുക കൂടി ചെയ്തു എന്നതാണ് മോഡിസര്‍ക്കാരിന്റെ ക്രൂരകൃത്യത്തിന് മാറ്റ് കൂട്ടുന്ന നടപടി. സ്വാഭാവികമായും ഇത്തരം പ്രതിസന്ധി സാഹചര്യങ്ങളില്‍ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് നിയമം (എഫ്ആര്‍ബിഎം) അനുശാസിക്കുന്ന വ്യവസ്ഥയനുസരിച്ച് ഒരു സംസ്ഥാന സര്‍ക്കാരിന് വിപണി വായ്പ സ്വീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന പരിധി മൂന്നില്‍ നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടേണ്ടതായി വരുകയായിരുന്നു. ഇതിനുള്ള അനുമതി നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്, പ്രതിസന്ധി ബാധിത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ബിജെപി സര്‍ക്കാരുകള്‍ കൂടി ഉള്‍പ്പെട്ടിരുന്നതിലാണെന്ന ആരോപണവും ഉയര്‍ന്നിരുന്നതാണ്.


ഇതുകൂടി വായിക്കാം; നിലനില്‍ക്കുന്ന വികസനവും കോര്‍പറേറ്റ് കുത്തകകളും


ഫിസ്ക്കല്‍ ഫെഡറലിസം എന്ന ലക്ഷ്യപ്രഖ്യാപനം പ്രയോഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ വിധത്തിലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങളും പ്രതിസന്ധികളും നിലവിലിരിക്കെ ഇവയ്ക്ക് പരിഹാരം കണ്ടെത്തുക എളുപ്പമാവില്ല. ഇതിലേക്കായി പ്രത്യേക അധികാരങ്ങളോട് കൂടിയ ഒരു ഉന്നതതല സമിതിയെതന്നെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതായിരിക്കും ഉചിതമായ നടപടിയായിരിക്കുക എന്നൊരു നിര്‍ദേശം ഇപ്പോള്‍ സജീവ ചര്‍ച്ചകളില്‍ ഇടം കണ്ടെത്തിയിട്ടുമുണ്ട്. പുതിയൊരു സാഹചര്യം നിലവില്‍വന്നിരിക്കെ ഇതിന്റെ അനിവാര്യതയും വ്യക്തമാണ്. ഉന്നതനായൊരു നിയമജ്ഞന്‍ അധ്യക്ഷനായി ഒരു ദേശീയ കമ്മിഷന്‍ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങള്‍ സംബന്ധമായി കാലോചിതമായൊരു പുനഃപരിശോധന നടത്തുകയാണ് അഭികാമ്യം. ഇതിലേക്കായി ഒരു സ്ഥിരം വ്യവസ്ഥാപിത സംവിധാനവും ആവശ്യമാണ്. യൂണിയന്‍ ലിസ്റ്റിലും സ്റ്റേറ്റ് ലിസ്റ്റിലും മാത്രമല്ല, കണ്‍കറന്റ് ലിസ്റ്റിലും ഉള്‍പ്പെട്ട നിരവധി വിഷയങ്ങളില്‍ പുതിയ നിയമനിര്‍മ്മാണമോ പഴയ നിയമങ്ങളുടെ ഭേദഗതികളോ വേണ്ടി വരുമ്പോള്‍ അനാവശ്യമായ വിവാദങ്ങളും ഏറ്റുമുട്ടലുകളും ഒഴിവാക്കാന്‍ മുന്‍കൂര്‍ കൂടിയാലോചനകള്‍ക്കുള്ള ഒരു പൊതുവേദി ഒരുക്കുകയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഏത് പുതിയ തീരുമാനമായാലും അത് ഫെഡറലിസത്തിന്റെ കാഴ്ചപ്പാടിലൂടെ വേണം പരിശോധിക്കാനും വിലയിരുത്തപ്പെടാനും. ഇത്തരം മുന്നൊരുക്കങ്ങള്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പാണ് നടക്കേണ്ടതും. ജിഎസ്‌ടിക്ക് രൂപം നല്കിയപ്പോള്‍ നിശ്ചയിച്ചിരുന്നതുപോലെ നിലവില്‍ വന്ന 2017 മുതല്‍ അഞ്ചു വര്‍ഷക്കാലത്തേക്ക് അതായത് 2022 വരേയും മാത്രമേ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുതിയ നികുതി പരിഷ്കാരത്തെ തുടര്‍ന്നുണ്ടാകുന്ന റവന്യു വരുമാന നഷ്ടത്തിന് നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥമായിട്ടുള്ളു. അതിനുശേഷം ഈ കാലാവധി 2027 വരേക്കെങ്കിലും ദീര്‍ഘിപ്പിക്കുന്നതോടൊപ്പം പെട്രോളിയം ഉല്പന്നങ്ങളുടെ സെസ്, അധിക നികുതി തുടങ്ങിയ കേന്ദ്ര വരുമാനം കൂടി സംസ്ഥാനങ്ങളുമായി പങ്കിടലിന് വിധേയമാക്കണമെന്ന വ്യവസ്ഥ ജിഎസ്‌ടി കൗണ്‍സിലിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധ്യമല്ലാത്തൊരു പ്രതിസന്ധിയിലാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നതെന്നോര്‍ക്കുക. ഈ വിഷയം ധനകാര്യ ഫെഡറലിസം സംരക്ഷിക്കുന്നതിന് അനിവാര്യമായി കൈകാര്യം ചെയ്യേണ്ടതായൊരു ഗുരുതര പ്രതിസന്ധിയിലാണെന്ന ചിന്തപോലും ഈയിടെയായി ബന്ധപ്പെട്ടവരെ അലട്ടുന്നില്ലെന്നതാണ് ഉല്‍ക്കണ്ഠ ഉളവാക്കുന്ന പ്രശ്നം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കേണ്ടതായൊരു ഘടകമാണ് “ഫെഡറല്‍ ഫ്ലെക്സിബിലിറ്റി”. അതായത്, അയവേറിയ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങള്‍. ഏതെങ്കിലുമൊരു നിയമനിര്‍മ്മാണത്തിന് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനിവാര്യമായും ചെയ്യേണ്ടത് സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തുകയാണ്. ഇതിലേക്കായി ഏറെക്കുറെ സ്ഥിരതയുള്ളൊരു സംവിധാനം നിലവില്‍ വരേണ്ടതും ആവശ്യമാണ്. ഇത്തരമൊരു സംവിധാനത്തിലൂടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളേയും അവിടത്തെ പൗരസമൂഹത്തേയും പ്രജകളായി പരിഗണിക്കുന്നതിനു പകരം പങ്കാളികളായി പരിഗണിക്കുകയും ചെയ്യാന്‍ കഴിയും. അങ്ങനെ കഴിയുകയും വേണം. ഫെഡറലിസത്തിനു നേരെയുള്ള അതിക്രമം തടയാന്‍ വേറെ വഴിയൊന്നുമില്ല.