18 March 2024, Monday

പുത്തന്‍ ധനകാര്യ വർഷത്തിലെ പുതിയ ഉത്തരവാദിത്തം

കെ എസ് കൃഷ്ണ 
April 2, 2023 4:45 am

സങ്കീർണതകളേറെയുള്ള പുതു ധനകാര്യ വർഷത്തിലേക്ക് പ്രവേശിക്കുകയാണ് ലോകം. ആഗോള‑ദേശീയ സാമ്പത്തിക‑രാഷ്ട്രീയ‑സൈനിക സംഭവ വികാസങ്ങൾ ജീവിതം, തൊഴിൽ, വരുമാനം, പണമൂല്യം, ജീവിത നിലവാരം, ആരോഗ്യം, തൃപ്തി, സന്തോഷം എന്നീ നിരവധി ആവശ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആകുലതകളേറെയാണ്. ഭരണകൂടങ്ങൾ ജനാധിപത്യ പ്രതിബദ്ധതയോടെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരിഹാര‑പരിവർത്തന മാർഗങ്ങളിൽ, വാഗ്ദാനങ്ങൾക്കപ്പുറം അവ പാലിക്കുവാൻ വേണ്ടി നിലകൊള്ളണം. അതിൽ പരാജയപ്പെട്ടാൽ ഭയാനകമായ ഭൗതിക സാഹചര്യങ്ങൾ ഉയരുമെന്ന് നിരവധി രാജ്യങ്ങളിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നു. ലോകമെമ്പാടും ബാങ്കിങ് രംഗവും രീതികളും ശ്രദ്ധാവിഷയമാണ്. സുസ്ഥിരത ഉറപ്പാക്കാൻ വിപണിക്കപ്പുറം ആത്യന്തികമായി ഭരണകൂടത്തിനേ കഴിയൂ എന്ന് വീണ്ടും തെളിയുന്നു. ദേശീയ ബാങ്കുകളുടെ ഉടമസ്ഥത, നിയന്ത്രണം, നടത്തിപ്പ്, നയരൂപീകരണം എന്നിവ കേന്ദ്ര സർക്കാരിലായതുകൊണ്ടാണ് 2023 ലെ വിദേശ ബാങ്കിങ് തകർച്ചകളും അതിന് മുമ്പ് 2008 ലെ ആഗോള ധനകാര്യ പ്രതിസന്ധിയും ഇന്ത്യയെ ഏശാതിരുന്നത്.

എന്നാല്‍ വ്യവസായ ഗ്രൂപ്പുകൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ ബാങ്ക് വായ്പകൾ നല്കിയെന്ന ആരോപണം രൂക്ഷമായി ഉയർന്ന കാലഘട്ടമായിരുന്നു മുൻ ധനകാര്യ വർഷം. ഊതി വീർപ്പിക്കപ്പെട്ട ഓഹരി മൂല്യങ്ങൾ മുൻനിർത്തി വായ്പകളും നിക്ഷേപങ്ങളും കരസ്ഥമാക്കി എന്ന ആരോപണം ഒരു വ്യവസായ ഗ്രൂപ്പ് നേരിടുന്നു. നാഷണൽ കൗൺസിൽ ഫോർ അപ്ലെെഡ് ഇക്കണോമിക് റിസർച്ച് ഡയറക്ടർ പൂനം ഗുപ്തയും നിതി ആയോഗ് മുൻ മേധാവി അരവിന്ദ് പാനഗാരിയയും ചേർന്ന് രചിച്ച റിപ്പോർട്ട് പൊതുമേഖലാ ബാങ്കുകളുടെ സമ്പൂർണ സ്വകാര്യവൽക്കരണം ശുപാർശ ചെയ്തപ്പോൾ രണ്ടു മാസം കഴിഞ്ഞ് ഇറങ്ങിയ റിസർവ് ബാങ്ക് റിസർച്ച് സ്കോളർമാരുടെ റിപ്പോർട്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിന് ബദൽ സമീപനവും അവധാനതയും നിർദേശിച്ചു. 48 മണിക്കൂറിനകം റിസർവ് ബാങ്ക് ഈ റിപ്പോർട്ടിന്റെ ഉത്തരവാദിത്തം കയ്യൊഴിഞ്ഞു. കോവിഡാനന്തര കാലഘട്ടത്തിൽ രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന വായ്പാ സേവനങ്ങൾ, കൃഷി, വ്യവസായം, വാണിജ്യം, സേവന മേഖലകളിലും ഭവന നിർമ്മാണ‑ഗതാഗത-ഉപഭോഗ ആവശ്യങ്ങൾക്കുമുള്ള വായ്പകള്‍ എന്നിവ ബാങ്കുകൾ സക്രിയമായി നിർവഹിക്കണം.


ഇതുകൂടി വായിക്കൂ:  ബാങ്കുകള്‍ തകര്‍ന്നടിയുമ്പോള്‍


പൊതുമേഖലാ ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കണം. ഗ്രാമപ്രദേശങ്ങളിലും അർധനഗര- നഗര പ്രദേശങ്ങളിലും പൊതുമേഖലാ ബാങ്കുകൾക്ക് ഇനിയും ഒരുപാട് സേവനങ്ങൾ നല്കുവാൻ കഴിയും. സ്വകാര്യ ബാങ്കുകളും ബാങ്കിതര പണമിടപാട് സ്ഥാപനങ്ങളും വ്യാപിക്കുന്നതിന്റെ കാരണങ്ങൾ മനസിലാക്കി പ്രതിവിധി കാണണം. സാധാരണജനതയെ സ്വകാര്യ മേഖലയുടെ ചൂഷണാത്മക വ്യവസ്ഥകളിൽ നിന്നും മുക്തരാക്കണം. ബാങ്കിങ് രംഗത്തെ നയരൂപീകരണ കർത്താക്കൾ സ്വീകരിച്ചു കൊണ്ടിരിക്കുന്ന പുറംകരാർവൽക്കരണ നീക്കങ്ങൾ അപകടകരമാണ്. ബിസിനസ് കറസ്പോണ്ടന്റ്, അപ്രന്റീസ്, ഉപകമ്പനി സ്ഥാപിക്കൽ എന്നിവ ആർക്കും ഗുണം ചെയ്യില്ല. ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷയും രഹസ്യാത്മകതയും ഡാറ്റാ സ്വകാര്യതയും വിട്ടുകൊടുത്തു കൂടാ. സ്ഥിരം തൊഴിലവസരങ്ങൾ നിഷേധിക്കുന്നത് അനീതിയാണ്, സാമൂഹ്യ പ്രതിബദ്ധതയില്ലായ്മയും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ, ലയന നീക്കങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ജൻധൻ മുതൽ മുദ്രാ യോജനയടക്കം ജനകീയവും നിർമ്മാണാത്മകവുമായ മേഖലകളിൽ പൊതുമേഖലാ ബാങ്കുകൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അനുപമമാണ്. ലാഭം, നികുതി, ഡിവിഡന്റ് വരുമാനങ്ങൾ നൽകി ഈ ബാങ്കുകൾ സർക്കാർ ഖജനാവിനെ പരിപോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

നടപ്പാക്കിയ ലയനങ്ങൾകൊണ്ട് മെച്ചമുണ്ടായത് ലാഭ കേന്ദ്രിത നവസ്വകാര്യ ബാങ്കിങ് മേഖലയ്ക്കാണ്, ബഹുജനങ്ങൾക്കോ പൊതുമേഖലാ ബാങ്കുകൾക്കോ അല്ല എന്ന സത്യം മനസിലാക്കാൻ നയരൂപീകരണ കർത്താക്കൾ തയ്യാറാകണം. ബാങ്കുകളുടെ വരുമാനം ചോർത്തുന്നത് കോർപറേറ്റ് കിട്ടാക്കടങ്ങളാണല്ലോ. അവ ഈടാക്കുവാനുള്ള ഇച്ഛാശക്തി ഭരണകൂടം പ്രകടമാക്കണം. കഴിഞ്ഞ 10 വർഷക്കാലയളവിൽ എഴുതിത്തള്ളിയ തുക 13ലക്ഷം കോടി രൂപയാണ്. ഇത് പൊതുസമ്പാദ്യത്തിന്റെ കുറ്റകരമായ പാഴാക്ക(ക്രിമിനൽ വേസ്റ്റേജ് )ലാണ്. തൊഴിലിട സാഹചര്യങ്ങളും ജീവനക്കാരുടെ സേവന‑വേതന വ്യവസ്ഥകളും കാലോചിതമായി ബാങ്ക് മാനേജ്മെന്റുകൾ മെച്ചപ്പെടുത്തണം. ഐബിഎയും ധനമന്ത്രാലയവും ഇക്കാര്യങ്ങളിൽ രചനാത്മക പങ്ക് വഹിക്കണം. ബാങ്കുകളിലെ തൊഴിൽ സാഹചര്യങ്ങൾ, സമീപനങ്ങൾ, നയങ്ങൾ, എച്ച്ആർ സമ്പ്രദായങ്ങൾ തുടങ്ങിയവയെല്ലാം തന്നെ പുരോഗമനാത്മകമായി നവീകരിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.