വിസ്മയ കാഴ്ചകളുമായിഅന്താരാഷ്ട്ര പക്ഷി-മൃഗ‑മല്‍സ്യ‑സസ്യ പ്രദര്‍ശനത്തിന് തുടക്കമായി

Web Desk
Posted on March 29, 2018, 6:44 pm

കൊച്ചി: അവധിക്കാല കാഴ്ചകള്‍ക്ക് വിസ്മയമൊരുക്കി അന്താരാഷ്ട്ര പക്ഷി മൃഗ മല്‍സ്യ സസ്യ പ്രദര്‍ശനത്തിന് എറണാകുളം മറൈന്‍ഡ്രൈവില്‍ തുടക്കമായി. ഇന്നലെ വൈകിട്ട് ഹൈബി ഈഡന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മറൈന്‍ഡ്രൈവില്‍ പ്രത്യേകം സജ്ജമാക്കിയി വിപുലമായ പ്രദര്‍ശനഗരിയില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം പുഷ്പ ഫല സസ്യ ഔഷധസസ്യ മേളയും നടക്കും. വിവിധ പവലിയനുകളിലായി വ്യത്യസ്ത പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരിയിലെ ആദ്യ പവലിയനില്‍ ആഫ്രിക്കന്‍ വന്യമൃഗങ്ങളെ വെല്ലുന്ന റോബോട്ടിക് വന്യമൃഗങ്ങളുടെ കാഴ്ചകളാണ് ഒരുക്കയിരിക്കുന്നത്. കാടിന്റെ ഭീകരതയില്‍ വന്യമൃഗങ്ങള്‍ ഗര്‍ജിക്കുന്നതും ചലിക്കുന്നതും കാണികളെ അത്ഭുതപ്പെടുത്തും.

രണ്ടാം പവലിയനില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവ അടക്കം 150ല്‍പ്പരം അലങ്കാരമത്സ്യങ്ങള്‍. ഗോള്‍ഡ് ഫിഷ് മുതല്‍ ആളെക്കൊല്ലി പിരാനയും ലോകത്തെ ഏറ്റവും വലിയ ശുദ്ധജലമത്സ്യമായ അരാപൈമയും 200 കിലോ ശരീരഭാരം വരുന്ന ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ലഗൂണുകളില്‍ ജീവിക്കുന്ന ചീങ്കണ്ണിയുടെ സാദൃശ്യമുള്ള എലിഗേറ്റര്‍ ഗാര്‍ എന്ന ഭീകരമത്സ്യവും വരെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. ഇവയുടെ കുഞ്ഞുങ്ങളെ ഏറ്റവും വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കു വാങ്ങാന്‍ പ്രത്യേക സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നു. മൂന്നാമത്തെ പവലിയനില്‍ അലങ്കാര വളര്‍ത്തുപക്ഷികളുടെ വിശാലമായ കാഴ്ചകളാണ്. ഇന്തോനേഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളാണ് ഇവിടെ വിരുന്നിനെത്തിയിരിക്കുന്നത്. ഏഴുവര്‍ണങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ത്ത് തത്തകളുടെ രാജ്ഞിയും മൂന്നുലക്ഷം രൂപ വരെ വില വരുന്ന ലോകത്തെ ഏറ്റവും വലിയ തത്തയായ മെക്കാവോയും ആഫ്രിക്കന്‍ഗ്രേ പാരറ്റും ആഫ്രിക്കന്‍ കൊക്കാറ്റോയും അടക്കം ഒട്ടേറെ ഓമനപ്പക്ഷികളെ ഇവിടെ കാണാം. വിദേശ ഇനങ്ങളായ വലിപ്പമേറിയ നായകളായ സെന്‍ബെര്‍ണാഡ്, ഫ്രഞ്ച് മാസ്റ്റിക്, സൈബിരിയന്‍ നൈറ്റ് എന്നിവയ്ക്ക് പുറമേ ആടിനെ പോലെ ശരീരപ്രകൃതിയോടെയുള്ള അഫ്ഗാന്‍ ഹണ്‍ഡ്, സലൂക്കി തുടങ്ങിയവയെല്ലാം ആകര്‍ഷകങ്ങളാണ്. കൂടാതെ 45 ഇനങ്ങളിലുള്ള അലങ്കാരക്കോഴികള്‍, വിവിധ അലങ്കാര പ്രാവുകള്‍, റഷ്യന്‍ പൂച്ചകള്‍, വാത്ത താറാവുകള്‍, എമു കോഴികള്‍, മുയലുകള്‍, കുതിരകള്‍, കുള്ളന്‍ പശുക്കള്‍ തുടങ്ങി ഒട്ടേറെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ടവയുടെ വലിയ നിര വേറെയുമുണ്ട്. പുഷ്പ ഫല സസ്യമേളയിലും വിദേശ ഇനങ്ങള്‍ ധാരണമായി അണനിരക്കുന്നു. വിദേശ ഓര്‍ക്കിഡ് ചെടികള്‍, ബോണ്‍സായി പ്ലാന്റുകള്‍, തായ്‌ലാന്‍ഡിലെ കുള്ളന്‍ തെങ്ങിന്‍ തൈകള്‍, വര്‍ഷം മുഴുവന്‍ കായ്ക്കുന്ന കീവോ സവായ് മാവുകള്‍, മധുരമുള്ള അമ്പഴം, ബേര്‍ ആപ്പിള്‍ തുടങ്ങിയവയും കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന പലതരം ഔഷധച്ചെടികളും ജൈവ പച്ചക്കറി വിത്തുകളും ഈ പവലിയന്റെ ആകര്‍ഷണമാണ്. വിവിധയിനം മാവിന്‍ തൈകള്‍, മാമ്പഴങ്ങള്‍, പ്ലാവുകള്‍ എന്നിവയും പ്രദര്‍ശനവില്‍പനയിലുണ്ട്.
ഇതിനു പുറമെ, ഗൃഹോപകരണമേളയില്‍ ഷോപ്പിങ് മാമാങ്കമൊരുക്കി സംസ്ഥാനത്തും പുറത്തും നിന്നുമുള്ള ഒട്ടേറെ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വന്‍ ഓഫറുകളും വലക്കുറവുമൊരുക്കി അണിനിരത്തുന്നു. ഭക്ഷ്യമേള, കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ കിഡ്‌സ് സോണ്‍ എന്നിവയും പ്രത്യേകം തയാറാക്കിയിരിക്കുന്നു. ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു മണി വരെയാണു പ്രദര്‍ശനം. പ്രവേശനം പാസ്മൂലം.