Web Desk

തിരുവനന്തപുരം

July 30, 2021, 2:37 pm

മത്സ്യവില്പന സ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ തള്ളിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം, സംഭവം പാരിപ്പള്ളിയില്‍

Janayugom Online

അഞ്ചുതെങ്ങ് സ്വദേശിനിയായ മത്സ്യവിൽപ്പനസ്ത്രീയുടെ മത്സ്യങ്ങൾ അഴുക്ക് ചാലിൽ തള്ളി പാരിപ്പള്ളി പോലീസിന്റെ കൊടും ക്രൂരത. കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ചാണ് പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.പാരിപ്പള്ളി പാമ്പുറത്താണ് സംഭവം.   വഴിവക്കിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞത്.

തിരക്കുകൾ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് മേരി പറയുന്നു. 16,000ത്തിലധികം രൂപയുടെ മത്സ്യമാണ് വില്പനയ്ക്കെത്തിച്ചത്. ഇതില്‍ 500 രൂപയുടെ മീന്‍ മാത്രമേ വിറ്റിരുന്നുള്ളു.

രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചതെന്നും അവര്‍ പറയുന്നു. മേരി മീന്‍ തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അതിന് തയാറായില്ല. മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്. പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You may also like this video: