January 28, 2023 Saturday

മത്സ്യ വിളവെടുപ്പ് തകൃതി; കര്‍ഷകര്‍ക്കിത് ചാകരക്കാലം

Janayugom Webdesk
ഇടുക്കി/കഞ്ഞിക്കുഴി
April 12, 2020 9:32 am

മായമില്ലാത്ത, പെടയ്ക്കണ മീന്‍ വേണോ… ആവശ്യക്കാര്‍ക്ക് ഫ്രഷ് മീന്‍ ലഭ്യമാക്കുവാന്‍ നടപടിയുമായി ഫിഷറീസ് വകുപ്പു രംഗത്തെത്തി. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തദ്ദേശീയ മത്സ്യകര്‍ഷകരുമായി ബന്ധപ്പെടുത്തി മത്സ്യകൃഷിയിലൂടെ വിളവെടുക്കുന്ന, മായമില്ലാത്ത മീനാണ് വിപണനം നടത്തുന്നത്. ലോക്ക് ഡൗണ്‍ മൂലം കടല്‍/കായല്‍ മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ പഴകിയതും മായം കലര്‍ന്നതുമായ മീന്‍ വിപണിയിലെത്തിയത് ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

മത്സ്യ വരവ് ഇല്ലാതായതും കേടായ മത്സ്യം പിടിച്ചെടുത്ത വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ വരുകയും ചെയ്തതോടെ ജില്ലയിലെ ശുദ്ധജല സ്രോതസുകളില്‍ കൃഷി ചെയ്ത് ഉല്പ്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്റാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ തുണ്ടത്തില്‍ കുര്യാക്കോസിന്റെ 25 സെന്റ് കുളത്തില്‍ നിന്നും 800 കിലോ അസം വാളയാണ് കഴിഞ്ഞ ദിവസം പിടിച്ച് വിറ്റഴിച്ചത്. സേനാപതി പഞ്ചായത്തിലെ ജെയിംസ് തെങ്ങുംകുടിയിലിന്റെ 20 സെന്റ് കുളത്തില്‍ നിന്നും 200 കിലോ ഗ്രാസ് കാര്‍പ്പ്, കരിമണ്ണൂര്‍ കുന്നുമ്മല്‍ കെ.പി. ചാക്കോയുടെ 40 സെന്റ് പാറക്കുളത്തില്‍ നിന്നും150 കിലോ രോഹുമീന്‍, കാമാക്ഷി താന്നിക്കപ്പാറ ഷാജി ജോസഫിന്റെ 40 സെന്റ് കുളത്തില്‍ നിന്നും പിടിച്ച 300 കിലോ അസംവാള തുടങ്ങി ജില്ലയിലെ ഭൂരിഭാഗം മത്സ്യകര്‍ഷകരും ഇപ്പോള്‍ വിളവെടുത്ത് നേട്ടം കൊയ്തു തുടങ്ങി.

തങ്ങളുടെ കണ്‍മുന്നില്‍ തന്നെ പിടിച്ചെടുക്കുന്ന ഗുണനിലവാരമുള്ള മത്സ്യം ജീവനോടെ ലഭിക്കുമെന്നതാണ് ഈസ്റ്റര്‍-വിഷു സീസണില്‍ ആളുകളെ ഫിഷ് ഫാമുകളിലേക്ക് ആകര്‍ഷിക്കുന്നത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട്, ആള്‍ക്കൂട്ടം ഒഴിവാക്കി അക്വാകള്‍ച്ചര്‍ പ്രെമോട്ടര്‍മാരുടെ സഹായത്തോടെയാണ് മത്സ്യ കര്‍ഷകര്‍ വിപണനം നടത്തുന്നത്. വാട്‌സ്ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ മുഖേന മത്സ്യ വിളവെടുപ്പ് സംബന്ധിച്ച അറിയിപ്പ് നല്കി, ഫോണിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് നിശ്ചിത ടൈം സ്ലോട്ടുകള്‍ നല്കി ആവശ്യക്കാരെ ഫാമില്‍ വിളിച്ചു വരുത്തി, അവരുടെ സാന്നിധ്യത്തിലാണ് മീന്‍ പിടിച്ച് തൂക്കി നല്കുന്നത്.

ഓര്‍ഡര്‍ സ്വീകരിച്ച് മത്സ്യം ഡ്രെസ് ചെയ്ത് വീടുകളിലെത്തിച്ചും നല്കുന്നുണ്ട്. വിവിധയിനം മത്സ്യങ്ങളുടെ വിലനിലവാരം (കിലോഗ്രാമിന്) :-ഗിഫ്റ്റ് തിലാപ്പിയ — 250–300 രൂപ, ആസാം വാള — 200–250 രൂപ, കട്‌ല ‚രോഹു- 200–300 രൂപ, സൈപ്രിനസ് — 250–300 രൂപ, ഗ്രാസ് കാര്‍പ്പ് — 300–350 രൂപ. കര്‍ഷകര്‍ക്ക് 25 % മുതല്‍ 40% വരെ അധിക വില ലഭിക്കുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് മായമില്ലാത്ത, ഫ്രെഷ് മീന്‍ ന്യായവിലയ്ക്ക് ലഭിക്കുമെന്നതും ഈ മത്സ്യ വിപണനത്തിന്റെ നേട്ടമാണ്.

ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 2150 ഹെക്ടര്‍ സ്ഥലത്ത് ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ സഹായത്തോടെ കര്‍ഷകര്‍ മത്സ്യകൃഷി നടത്തി വരുന്നുണ്ട്. മത്സ്യവിത്തും 40% സബ്‌സിഡിയും നല്കിയാണ് നല്കിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മത്സ്യകൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നത്. മണ്‍ കുളങ്ങള്‍, പടുതാ കുളങ്ങള്‍, ക്വാറികുളങ്ങള്‍, അക്വാപോണിക്‌സ് എന്നിവയില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ, ആസാം വാള തുടങ്ങിയവയാണ് കൂടുതലായും കൃഷി ചെയ്തുവരുന്നത്. കര്‍ഷകര്‍ക്ക് സഹായം നല്കുന്നതിനും മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനുമായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും അക്വാകള്‍ച്ചര്‍ പ്രെമോട്ടര്‍മാരുടെ സേവനവും ഫിഷറീസ് വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

ജില്ലയിലെ ശുദ്ധജല മത്സ്യകര്‍ഷകര്‍ക്ക് ലോക്ക്ഡൗണിലെ ഈ വിളവെടുപ്പ് കാലം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മത്സ്യ ലഭ്യതയും, വിപണനവും മറ്റ് വിവരങ്ങളും അറിയുന്നതിന് ‑ഫിഷറീസ് വകുപ്പ് പ്രോജക്റ്റ് കോഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ :-

സുനിത്- 9961450288

അമല്‍ — 8848887143

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.