വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യം: കണ്ടാലുടന്‍ കൊന്നുകളയണമെന്ന് അധികൃതര്‍

Web Desk
Posted on October 15, 2019, 8:13 pm

ജോര്‍ജിയ: വെള്ളത്തിലും കരയിലും ഒരുപോലെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന നോര്‍ത്തേണ്‍ സ്‌നേക്‌ഹെഡ് എന്ന മത്സ്യത്തിന്റെ സാന്നിധ്യം ജലാശയങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോര്‍ജിയയിലെ നാച്വുറല്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജാഗ്രതയിലാണ്.

മത്സ്യബന്ധനത്തിനിടെ ഈ മത്സ്യം വലയില്‍ കുടുങ്ങിയാല്‍ ഇവയെ ഉടന്‍ തന്നെ കൊന്നുകളയാനും ചിത്രം പകര്‍ത്തി വന്യജീവി വകുപ്പിന് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നതാണ് ഈ മത്സ്യത്തെ ഇല്ലാതാക്കാനുള്ള ഉത്തരവിന് കാരണം.

ജോര്‍ജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്‌നേക്ക്‌ഹെഡിന്റെ സാനിധ്യ കണ്ടെത്തിയത്. പ്രകൃതിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഈ മത്സ്യം തകര്‍ക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാല് ദിവസം വരെ കരയില്‍ ജീവിക്കാന്‍ കഴിവുള്ള സ്‌നേക്ക് ഹെഡ് മറ്റ് മത്സ്യങ്ങള്‍ക്കും തവള, എലി എന്നിങ്ങനെയുള്ള ചെറുജീവികള്‍ക്കും ഭീഷണിയാണ്. വരള്‍ച്ചാ സമയത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കാനും ഇവയ്ക്ക് കഴിയും.