മത്സ്യലഭ്യത വലിയ തോതിൽ കുറഞ്ഞതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. വിലവർദ്ധനവിന് പുറമെ നല്ല മത്സ്യവും ലഭിക്കാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി മത്സ്യം പോലും ഇപ്പോൾ കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഇപ്പോൾ കൂടുതലും മത്സ്യമെത്തുന്നത്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ ചേർക്കുന്നതായും ആരോപണമുണ്ട്.
മത്തി, അയല, ചെമ്മീൻ തുടങ്ങി ആഴം കുറഞ്ഞ ഭാഗങ്ങളിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് സംസ്ഥാനത്ത് വലിയ ക്ഷാമം നേരിടുന്നത്. മത്തിയ്ക്ക് ഇരുന്നൂറ് രൂപയും അയലയ്ക്ക് 280 രൂപയുമാണ് വില. ഇത് കൂടാതെ ആവോലി, അയക്കൂറ, ചെമ്മീൻ എന്നിവയ്ക്കും വലിയ തോതിൽ വില വർധനവ് ഉണ്ടായിട്ടുണ്ട്. നാന്നൂറ് മുതൽ അഞ്ഞൂറ് വരെയാണ് വലിയ ചെമ്മീനിന് വില. ചെറുതിന് മുന്നൂറ് രൂപയോളം വിലയുണ്ട്. അയക്കൂറ കിലോയ്ക്ക് എണ്ണൂറ് രൂപയും ആവോലിയ്ക്ക് എഴുന്നൂറ് രൂപയുമാണ് വില. ഉണക്കമത്സ്യം പോലും ലഭിക്കാനില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. നേരത്തെ നൂറ്റ് അമ്പത് രൂപയോളം വിലയുണ്ടായിരുന്ന ഉണക്കമീനിന് മുന്നൂറ് രൂപയോളം വിലയായിട്ടുണ്ട്.
കൊടും ചൂട് മത്സ്യബന്ധന മേഖലയ്ക്ക് കടുത്ത ആഘാതമായിരിക്കുകയാണ്. വരും മാസങ്ങളിൽ ചൂട് കൂടുന്നതോടെ മത്സ്യലഭ്യത ഇനിയും കുറയുമെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്. ചൂടുകൂടിയതോടെ മത്സ്യങ്ങൾ തീരം വിടുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് മത്സ്യം കിട്ടാനില്ല. കടലിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും മത്സ്യം കുറയാൻ കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം ചെറു മത്സ്യങ്ങളുടെ ഭക്ഷണമായ പ്ലവകങ്ങളുടെ നാശത്തിനു കാരണമാകുന്നു. അതോടൊപ്പം ശ്വസനത്തിന് ആവശ്യമായ വായു ലഭിക്കാതെയും വരുന്നു. ഇത് ചെറിയ മത്സ്യങ്ങളുടെ നാശത്തിനു കാരണമാകുന്നു. അനിയന്ത്രിതമായി മത്സ്യങ്ങളെ വേട്ടയാടിയതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ, വിൽപ്പനക്കാർ തുടങ്ങി ഈ മേഖലയിൽ ജോലി ചെയ്യുന്നവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന ചെലവിനുള്ള മത്സ്യം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇത് കാരണം വഞ്ചികളും ബോട്ടുകളും കടലിൽ പോകാതെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്.
English Summary; Fish prices rise
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.