സമുദ്രമത്സ്യോല്‍പാദനം: മത്തി വന്‍തോതില്‍ കുറഞ്ഞു, പക്ഷെ കേരളത്തിന് ആശ്വസിക്കാം

Web Desk
Posted on July 12, 2019, 5:53 pm

കൊച്ചി: മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ മുന്‍വര്‍ഷത്തേക്കാള്‍ 54 ശതമാനം മത്തി കുറഞ്ഞു.

കേരളത്തിലെ കുറവ് 39 ശതമാനമാണ്. 2017 ല്‍ ലഭിച്ചതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറഞ്ഞ് ആകെ 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. എന്നാല്‍, മറ്റ് മീനുകള്‍ കൂടിയതിനാല്‍ കടലില്‍ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യലഭ്യതയില്‍ 10 ശതമാനം വര്‍ധനവുണ്ടായി. പോയ വര്‍ഷം 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുന്‍വര്‍ഷം ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മീനുകളുടെ കണക്ക് വെള്ളിയാഴ്ചയാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്.

cmrf
മത്തി കുറഞ്ഞപ്പോള്‍ അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 142 ശതമാനമാണ് വര്‍ധനവ്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. അയലക്ക് പുറമെ, കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍കണവ എന്നിവയും കേരളത്തില്‍ കൂടി. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയില്‍ ആകെയുള്ള മത്സ്യോല്‍പാദനം 34.9 ലക്ഷം ടണ്‍ ആണ്. മുന്‍വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനം കുറവുണ്ടായി. ഒന്നാം സ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തില്‍ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും പശ്ചിമ ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതുമാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയില്‍ ഇടിവ് വന്നത്. അസാധാരണമാംവിധം ക്ലാത്തി മത്സ്യം കൂടിയതാണ് മറ്റൊരു പ്രത്യേകത.

fish 2
ആകെ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ കേരളം കഴിഞ്ഞവര്‍ഷത്തെ പോലെ തന്നെ മൂന്നാമതാണ്. ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. ആകെ സമ്പത്തിന്റെ 25 ശതമാനം. ഏറ്റവും കൂടുതല്‍ മത്സ്യം ലഭിച്ച തുറമുഖംഎറണാകുളം ജില്ലയിലെ മുനമ്പം ആണ്.

CMRF
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ലാന്‍ഡിംഗ് സെന്ററുകളില്‍ വിറ്റഴിക്കപ്പെട്ടത് 52,632 കോടി രൂപയുടെ മത്സ്യമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 0.4 ശതമാനമാണ് വര്‍ധനവ്. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ 80,320 കോടി രൂപയുടെ മീനാണ് വില്‍പന നടത്തിയത്. ലാന്‍ഡിംഗ് സെന്ററുകളില്‍ ഒരു കിലോ മീനിന് 11.1 ശതമാനം വര്‍ധനവില്‍ ശരാശരി വില 152 രൂപയും ചില്ലറ വ്യാപാരത്തില്‍ 13.4 ശതമാനം കൂടി 232 രൂപയും ലഭിച്ചു.

fish 4

സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് വിഭാഗമാണ് പുതുതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി കണക്കുകള്‍ തയ്യാറാക്കിയത്. ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രം (ഐസിഎആര്‍) അസിറ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ പി പ്രവീണ്‍, സിഎംഎഫ്ആര്‍ഐയിലെ വിവിധ വകുപ്പ് മേധാവികളാ ഡോ ടി വി സത്യാനന്ദന്‍, ഡോ സുനില്‍ മുഹമ്മദ്, ഡോ ജി മഹേശ്വരുഡു, ഡോ പി യു സക്കറിയ, ഡോ പ്രതിഭ രോഹിത്, ഡോ സി രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

CMRF CMRF