24 April 2024, Wednesday

Related news

April 17, 2022
April 12, 2022
April 7, 2022
April 3, 2022
April 3, 2022
March 30, 2022
March 26, 2022
March 23, 2022
March 14, 2022
March 6, 2022

മത്സ്യ ദൗർലഭ്യവും ഇന്ധന വിലവർധനയും; തീരമേഖല വറുതിയിൽ

ബേബി ആലുവ
കൊച്ചി
April 17, 2022 7:31 pm

മത്സ്യത്തിന്റെ ലഭ്യതക്കുറവും ഇന്ധന വിലയിലുണ്ടായ കുതിപ്പും മൂലം കടലിൽപ്പോകാനാവാതെ മത്സ്യത്തൊഴിലാളികൾ. മൂന്നു വിശേഷാവസരങ്ങൾ ഒത്തുവന്നപ്പോൾ തീരദേശത്ത് വറുതിയുടെ കാലം. തീരക്കടലിൽ ചൂട് കൂടുന്ന മാർച്ച് — മെയ് മാസങ്ങളിൽ മത്സ്യങ്ങൾ പുറംകടലിലേക്കു പിൻവാങ്ങാറാണ് പതിവ്.

സാധാരണ ഗതിയിൽ വേനൽക്കാലത്ത് കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ജലത്തിന്റെ ഊഷ്മാവ് 25–30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷോഷ്മാവ് കൂടുന്നതിനനുസരിച്ച് തീരക്കടലിലെ ഊഷ്മാവിലും വർധനയുണ്ടാവും. ഇത് കടലിലെ ജൈവ വൈവിധ്യത്തെയും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെയും തകിടം മറിക്കുകയും ചെയ്യുമെന്ന് കൊച്ചി സെന്റർ മാരിടൈം ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ പറഞ്ഞു.

മത്സ്യങ്ങൾ ആഴം കൂടിയ പുറംകടലിലേക്കു നീങ്ങുന്നതിനാൽ ഈ സമയത്ത് മീൻ പിടിത്തം വളരെ ചെലവേറിയതാണ്. വള്ളങ്ങളുടെ ഇന്ധനച്ചെലവിനുള്ള മത്സ്യം പോലും കടലിൽ നിന്നു കിട്ടുന്നില്ല. ഇതിനിടയിലാണ് ഇടിത്തീ പോലെ മണ്ണെണ്ണ വില കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയത്. ജനുവരിയിൽ 96 രൂപയായിരുന്നു ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. പിന്നീടത് 104.42 രൂപയാക്കി. പിന്നീട്, ഒറ്റ ദിവസം കൊണ്ട് 22 രൂപ കൂട്ടി.

മണ്ണെണ്ണ വിഹിതം നാലിലൊയി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനൊക്കെ പുറമെ, മത്സ്യബന്ധന മേഖലയ്ക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ വഴി മണ്ണെണ്ണ നൽകരുതെന്ന് കേന്ദ്രത്തിന്റെ കർശന വിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ കൊള്ളവിലയ്ക്ക് മണ്ണെണ്ണ വാങ്ങിയൊഴിച്ച് കടലിൽപ്പോയിട്ടെന്തു കാര്യമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചോദ്യം.

വള്ളങ്ങൾ കടലിലിറങ്ങാതായതോടെ മത്സ്യങ്ങളുടെ വരവ് വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്. കരയിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നതും ഏറ്റവുമധികം ആവശ്യക്കാരുള്ളതുമായ ചാള, അയല എന്നിവയ്ക്കാണ് വലിയ ക്ഷാമം. മാർക്കറ്റിൽ കിട്ടുന്നത് മംഗലാപുരത്തു നിന്നും മറ്റും വരുന്ന ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളാണ്. ദിവസങ്ങൾക്കുമുമ്പ് ആഴക്കടലിൽ നിന്നു പിടിച്ചെടുത്ത് ശീതീകരണികളിൽ സൂക്ഷിക്കുന്നവയാണ് ഇവ.

കേരളത്തിന്റെ തീരമേഖലയിൽ 32,000 വഞ്ചികൾ കടലിൽ പോകുന്നതായിട്ടാണ് ഏകദേശ കണക്ക്. ഇവയ്ക്ക് പ്രതിവർഷം ആവശ്യമായിട്ടുള്ളത് മൂന്നു ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ്. സർക്കാർ പെർമിറ്റ് നൽകിയ വള്ളങ്ങളിലെ എഞ്ചിനുകളുടെ എണ്ണം 14,566 ആണ്. ഇവയ്ക്ക് പ്രതിമാസം 12,000 കിലോലിറ്റർ എണ്ണ വേണം. നിലവിൽ കിട്ടുന്നത് 2000 കിലോലിറ്ററും.

ആവശ്യം നടക്കാൻ കരിഞ്ചന്തയെ അശ്രയിക്കുകയേ വഴിയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു 9.9 കുതിര ശക്തിയുള്ള എഞ്ചിനുകൾക്കു പ്രതിമാസം 129 ലിറ്റർ മണ്ണെണ്ണയും 20 കുതിര ശക്തിയുള്ളവയു 179 ലിറ്റർ മണ്ണണ്ണയുമാണ് മത്സ്യഫെഡ് വഴി സബ്സിഡി നിരക്കിൽ കിട്ടുന്നത്. ഇത് അപര്യാപ്തമാണ്. സർക്കാരിന്റെ തന്നെ കണക്ക് ഒരു വഞ്ചിക്ക് ശരാശരി 2000 ലിറ്റർ എണ്ണ വേണ്ടിവരുമെന്നാണെന്ന് അവർ വ്യക്തമാക്കുന്നു.

Eng­lish summary;Fish scarci­ty and ris­ing fuel prices; Coastal famine

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.