Janayugom Online
fishermen to rescue janayugom

കടലില്‍ നിന്നെത്തിയ ദൈവപുത്രരും നമ്മുടെ കുഞ്ഞു മാലാഖമാരും

Web Desk
Posted on August 27, 2018, 1:05 am

കേരളത്തില്‍ 94 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു മഹാപ്രളയം സംഭവിച്ചു. കാണിപ്പയ്യൂരിന്റെയും കാലാവസ്ഥക്കാരുടെയും കണക്കുകളെല്ലാം തെറ്റിച്ച് കേരളത്തിലെ 11 ജില്ലകളില്‍ പേമാരിയുണ്ടായി. കേരള ജനസംഖ്യയുടെ നാലുശതമാനം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. ജീവനും സ്വത്തിനും വലിയ നാശമുണ്ടായി. 30 ശതമാനത്തോളം കന്നുകാലികള്‍ ഇല്ലാതായി. ചുരുങ്ങിയത് 30,000 കോടിയെങ്കിലും വേണം തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍. പ്രളയക്കെടുതിയില്‍പ്പെട്ട ജനങ്ങള്‍ക്കാവട്ടെ ജീവിതസമ്പാദ്യങ്ങള്‍ ആകെ നഷ്ടപ്പെട്ടു. ഒരു ശരാശരി മലയാളി അവന്റെ ജീവിതത്തില്‍ സ്വരൂക്കുട്ടിവയ്ക്കുന്നത് എന്താണ്. സ്വന്തമായി ഒരു വീട്, മക്കള്‍ക്ക് വിദ്യാഭ്യാസം, ഇതുരണ്ടും നേടുവാനായി ജീവിതം മുഴുവന്‍ അവന്‍ അധ്വാനിക്കുന്നു. ഈ പ്രളയം കൊണ്ടുപോയത് ആയിരക്കണക്കിന് ജനങ്ങളുടെ പാര്‍പ്പിടമാണ്. അതോടൊപ്പം അവന്റെ ഭൂതകാലത്തിന്റെ സകല ഓര്‍മ്മക്കുറിപ്പുകളും.… പക്ഷെ, പ്രളയകാലം മലയാളിയുടെ മനസിലെ നന്മയെ തട്ടിയുണര്‍ത്തി. ഒരു ജനത ഒരുമിച്ച് ദുരന്തത്തെ ചെറുത്തു. കേരള ചരിത്രത്തില്‍ ഈ മുഹൂര്‍ത്തം സ്വര്‍ണലിപികളാല്‍ വരുംകാലം രേഖപ്പെടുത്തും.
മനുഷ്യന്റെ മാറ്റുരയ്ക്കുന്നത് ദുരിതകാലങ്ങളാണ്. കല്ലും നെല്ലും വേര്‍തിരിയുന്ന കാലം. കടലിനോട് മല്ലടിച്ച് അന്നത്തെ അന്നം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികള്‍. കേരളത്തിലെ പൊതുസമൂഹത്തിന് അറബിക്കടലോളം വലിയ മനസിന്റെ ഉടമകളാണ് അവരോരോരുത്തരുമെന്ന് ബോധ്യമായ ദിനങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. ആരും നിര്‍ബന്ധിക്കാതെ സ്വന്തം വള്ളങ്ങളുമായി അവര്‍ വന്നു. രാപകലില്ലാതെ, പുഴകളുടെ കുത്തൊഴുക്കിനെ കടലിന്റെ മക്കള്‍ മുറിച്ചുകടന്നു. ആയിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് പേമാരി പെയ്യുന്ന രാത്രികളിലും അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഗലീലി നാടകത്തില്‍ കാറ്റും കോളും ശാന്തമാക്കി തടാകത്തിലൂടെ നടന്നുനീങ്ങിയ അവരുടെ വലിയ മുക്കുവനെ അക്ഷരാര്‍ഥത്തില്‍ അവര്‍ നെഞ്ചിലേറ്റി. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് നല്ല വാക്കുകള്‍ മാത്രം പറഞ്ഞ് അവര്‍ മടങ്ങി. ബോട്ടിലേക്ക് കയറാന്‍ ചവിട്ടുപടിയായി നിന്ന യുവാവ് ഒരു പ്രതീകമാണ്. പ്രളയത്തിലകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാന്‍ ചവിട്ടുപടിയായ് നിന്ന കേരളത്തിലെ കടലിന്റെ മക്കളുടെ പ്രതീകം. നമ്മള്‍ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു.
ദുരന്തകാലത്ത് നിശബ്ദമായി സേവനം ചെയ്തുകൊണ്ടിരുന്ന കേരളത്തിലെ ചെറുപ്പക്കാരാണ് മറ്റൊരു കൂട്ടര്‍. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കാനും ശേഖരിച്ചവ തരംതിരിച്ച് അവ ക്യാമ്പുകളിലേക്കെത്തിക്കാനും കേരളത്തിലെ ചെറുപ്പക്കാര്‍ മുഴുവന്‍ ഉണ്ടായിരുന്നു. ആരും ആവശ്യപ്പെട്ടുവന്നരായിരുന്നില്ല അവര്‍. കളക്ഷന്‍ സെന്ററുകളിലെത്തി മുഴുവന്‍ സമയം അവര്‍ ജോലി ചെയ്തു. കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം സഹായം ലഭ്യമാക്കി. എത്താവുന്നിടങ്ങളിലെല്ലാം എത്തിച്ചു. നമ്മുടെ ചെറുപ്പക്കാരുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും നിസ്വാര്‍ഥതയും വെളിവാക്കിയ ഒരു സന്ദര്‍ഭമായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷിമൃഗാദികള്‍ക്കും രക്ഷനല്‍കാന്‍ അവര്‍ അക്ഷീണം യത്‌നിച്ചു. മൃഗസംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ആനിമല്‍സ്, സ്ട്രീറ്റ് ഡോഗ് വാച്ച്, ഹാന്‍സ് ഫോര്‍ പോസ് എന്നീ സംഘടനകള്‍ ഒന്നിച്ച് സേവ് ആനിമല്‍സ് കേരള എന്ന കൂട്ടായ്മയിലൂടെ പ്രളയബാധിത പ്രദേശത്തെ നൂറുകണക്കിന് കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കുകയും കാലിത്തീറ്റയും മൃഗങ്ങള്‍ക്കുള്ള മറ്റു ഭക്ഷണവും എത്തിക്കുകയും ചെയ്തു. ഈ കുറിപ്പ് എഴുതുമ്പോഴും അവര്‍ പ്രവര്‍ത്തനം തുടരുകയാണ്. ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ നിറകണ്ണുകളോടെയാണ് അവരുടെ വളര്‍ത്തുമൃഗങ്ങളെ ഏറ്റുവാങ്ങിയത് എന്ന് അവര്‍ പറയുന്നു.
നമുക്ക് ഈ ദുരന്തകാലത്ത് ഏറ്റവും പ്രത്യാശ നല്‍കിയവര്‍ നമ്മുടെ കൊച്ചുകുഞ്ഞുങ്ങളാണ്. വരുംകാലത്ത് ജീവിക്കേണ്ടവര്‍ തന്റെ മണ്‍കുടുക്കയിലെ സമ്പാദ്യം പ്രളയബാധിതര്‍ക്ക് നല്‍കണമെന്ന് അച്ഛനോട് പറയുന്ന കോട്ടണ്‍ഹില്‍ സ്‌കൂളിലെ രണ്ടാംക്ലാസുകാരന്‍ സെഫിന്‍. നാലുവര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ സ്വരൂക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു നല്‍കിയ തമിഴ്‌നാട്ടിലെ വില്ലുപുരത്തെ ഒന്‍പതു വയസുകാരി അനുപ്രിയ. ആളുകള്‍ വലിച്ചെറിയുന്ന കുടിവെള്ള കുപ്പികള്‍ പെറുക്കി അതില്‍ ക്ലീനിങ് ലോഷന്‍ തയ്യാറാക്കി വിറ്റ് ആ പണം കൊണ്ട് പഠിക്കുന്ന ആകാശ് എന്ന പ്ലസ് ടു വിദ്യാര്‍ഥി. ആയിരത്തിലധികം കുപ്പി ലോഷനാണ് അവന്‍ ശുചീകരണത്തിനായി സംഭാവന ചെയ്തത്. പയ്യന്നൂരിലെ വി എസ് സ്വാഹ എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയും അനുജന്‍ ഒമ്പതാം ക്ലാസുകാരന്‍ ബ്രഹ്മയും സംഭാവന ചെയ്തത് ഒരേക്കര്‍ ഭൂമിയാണ്. ഈ കുഞ്ഞുങ്ങളാണ് നമ്മുടെ നാളയെക്കുറിച്ചുള്ള പ്രതീക്ഷകളെ പ്രോജ്വലമാക്കുന്നത്. പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന ആഴ്ചയില്‍ രണ്ടുദിവസം ഡയാലിസിസ് ആവശ്യമുള്ള യു എന്‍ ഷാജിയെന്ന ചെറുപ്പക്കാരന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കാന്‍ പോവുന്നത് കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്.
കേരളം ഒന്നിച്ചൊറ്റ മനസായി പ്രളയത്തെ നേരിട്ടു. ഇനിയുള്ള പുനരധിവാസവും ഒരേമനസോടെ സാധ്യമാക്കുകതന്നെ ചെയ്യും. ഇതിനിടയില്‍ ചില അപസ്വരങ്ങള്‍ ഉയരുന്നുണ്ട്. വ്യാജവാര്‍ത്തകളും കേരളത്തെയൊട്ടാകെ അപമാനിക്കുന്ന പ്രസ്താവനകളും മറ്റും ചില മനോവൈകൃതം ബാധിച്ചവര്‍ നടത്തുന്നുണ്ട്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഈ പ്രളയകാലത്ത് ഒരു കൈത്താങ്ങെത്തിക്കാന്‍ വിസമ്മതിച്ചവരുടെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരുടെ മനോനിലയെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുകയാണ് ഉചിതം. അവര്‍ മനസിനെ ബാധിച്ച മാറാരോഗത്തിന് ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ കിംഗ്‌ലിയര്‍ നാടകത്തിലെ ലിയര്‍ രാജാവിന്റെ അന്തരംഗത്തെ അനുസ്മരിപ്പിക്കുന്നതായിരിക്കും അവരുടെ ജീവിതാന്ത്യം. കേരളം അതിജീവിക്കുകതന്നെ ചെയ്യും. ഓരോ മലയാളിയും പ്രതിജ്ഞ ചെയ്യണം നമുക്ക് ദുരന്തങ്ങളെ അതിജീവിച്ചേ മതിയാവൂ. അവ പ്രകൃതിയിലായാലും സമൂഹത്തിലായാലും.