മത്സ്യ തൊഴിലാളികള്‍ക്ക് കടല്‍ അന്യമാകുന്നു പന്ന്യന്‍

Web Desk
Posted on January 25, 2019, 7:16 pm
കാഞ്ഞങ്ങാട്:  നാടിന്റെ സാമൂഹ്യ ജീവിതത്തില്‍ വേറിട്ട ജീവിതം നയിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ അന്യമായികൊണ്ടിരിക്കുകയാണെന്ന് സി പി ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ ഐ ടി യു സി നടത്തുന്ന വടക്കന്‍ മേഖല ജാഥ കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹു രാഷ്ട്ര കുത്തകളും  നാടന്‍ കുത്തകളും  ഇന്ന് കടല്‍ കൈയ്യടക്കി സാധാരണ മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ അന്യമാകുകയാണ്. പ്രളയം വന്നപ്പോള്‍ നാടൊന്നിച്ചു നിന്നു. നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ മത്സ്യതൊഴിലാളികള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് കണ്ടത് പ്രളയ സമയത്താണ്.
സമൂഹത്തിന്റെ രക്ഷകരായി കടലിന്റെ മക്കള്‍ മാറുന്ന കാഴ്ചയാണ് നാം കണ്ടത് എന്നും പന്ന്യന്‍ പറഞ്ഞു. എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജാഥ ഡെപ്യൂട്ടി ലീഡര്‍ കെ ജി ശിവാനന്ദന്‍, ഡയറക്ടര്‍ എ കെ ജബ്ബാര്‍, ടി രഘുവരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എലിസബത്ത് അസീസ്, താവം ബാലന്‍, സി.പി മുരളി , ടി. കൃഷ്ണന്‍, സി.പി ബാബു, എ. അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു .