Web Desk

September 14, 2020, 9:41 am

കടലിൽ ദുരൂഹമായി ഒഴുകി നടന്ന 3 ചാക്കുകൾ ബോട്ടിലാക്കി മത്സ്യത്തൊഴിലാളികൾ ; പിന്നീട് സംഭവിച്ചത്

Janayugom Online

കടലിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങളുടെ വലിയ ചാക്കുകൾ കണ്ടെത്തി.കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തിരച്ചിലിനിടെയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ നിറച്ച 3 ചാക്കുകളാണ് കണ്ടെടുത്തത്. അധികം പഴക്കമില്ലാത്ത ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിലേക്ക് കടത്തുന്നതിനിടെ കടലിൽ ഉപേക്ഷിച്ചതാകാമെന്നാണ് എക്സൈസ് വകുപ്പിന്റെ നിഗമനം.

കഴിഞ്ഞ ദിവസത്തെ കടലാക്രമണത്തിൽ അപകടാവസ്ഥയിലായ ബോട്ടിൽനിന്ന് കടലിൽ ഉപേക്ഷിച്ചതാകുമെന്നും കരുതുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കടൽ വഴി വലിയ തോതിൽ നിരോധിത പുകയിലകൾ കടത്തുന്നുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. വള്ളങ്ങൾ അപകടത്തിൽപെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി തിരച്ചിലിനിറങ്ങിയ ബുഷ്റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകൾ കടലിൽ ഒഴുകുന്നത് കണ്ടത്.

സംശയം തോന്നി തൊഴിലാളികൾ ചാക്കുകൾ ബോട്ടിലേക്ക് കയറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയിലയാണെന്ന് ബോധ്യമായത്. ഉടൻ തന്നെ എക്സൈസ് വകുപ്പിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. കരയ്ക്കെത്തിച്ച് നശിപ്പിച്ചു. പൂളക്കൽ ബാബു, സിദ്ദിഖ്, കോയ, അബ്ദുൽ ലത്തീഫ്, കെ. റസാഖ്, ബദറു, റസാഖ്, സക്കീർ എന്നിവരാണ് ബോട്ടിൽ തിരച്ചിലിനിറങ്ങിയത്.

you may also like this video