Janayugom Online
Ockhi

ഉറ്റവരെത്തേടി മത്സ്യത്തൊഴിലാളികള്‍തന്നെ തെരച്ചിലിനിറങ്ങിയത് എന്തുകൊണ്ട്?

Web Desk
Posted on December 04, 2017, 10:44 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട്‌ കടലില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചു മത്സ്യത്തൊഴിലാളികള്‍ ഇന്നലെ മുതൽ തന്നെ തെരച്ചിലിനിറങ്ങിയിരുന്നു. ഇവർ തന്റെ ഉറ്റവരെത്തേടി കടലിൽ പോകാൻ ഒരു കാരണമുണ്ട്.

40 നോട്ടിക്കല്‍ മൈല്‍വരെ ഉള്‍ക്കടലില്‍ തെരഞ്ഞാല്‍ ഉറ്റവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണിവര്‍. 12 നോട്ടിക്കല്‍ മൈല്‍വരെയേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു തെരച്ചില്‍ നടത്താനാകൂ. രാജ്യാന്തര കപ്പല്‍ ചാലുകളില്‍ തെരച്ചിലിനു കേന്ദ്രാനുമതി വേണമെന്നതാണു തടസം. എന്നാൽ ഇതിനായി കേന്ദ്രത്തില്‍നിന്ന്‌ അനുമതി നേടിയെടുക്കാത്തത്‌ എന്തുകൊണ്ടാണെന്നു തീരവാസികള്‍ ചോദിക്കുന്നു.

55 വള്ളങ്ങളിലായി 220 പേരാണു സംഘത്തിലുള്ളത്‌. പൂന്തുറയില്‍നിന്നു നാല്‍പതും വിഴിഞ്ഞത്തുനിന്നു പതിനഞ്ചും വള്ളങ്ങളില്‍ ഇന്നലെ രാവിലെ 8.30‑നു തെരച്ചിലിനിറങ്ങിയവര്‍ ഒരു മൃതദേഹം കണ്ടെത്തി. വ്യോമ‑നാവികസേനകള്‍, തീരരക്ഷാസേന എന്നിവയ്‌ക്കൊപ്പം പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെയും തെരച്ചില്‍സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യമുയര്‍ന്നെങ്കിലും സാങ്കേതികതയുടെ പേരില്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഒരു വള്ളത്തില്‍ നാലുപേര്‍ വീതമാണ്‌ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്‌.

രാവിലെയോടെ 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി. നാവികസേന രക്ഷപ്പെടുത്തിയ ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. 84 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.  ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതീരാമന്‍ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.