20 April 2024, Saturday

Related news

April 2, 2024
February 12, 2024
August 24, 2023
August 3, 2023
July 8, 2023
June 20, 2023
May 27, 2023
January 25, 2023
January 19, 2023
September 5, 2022

മത്സ്യത്തൊഴിലാളികള്‍ വള്ളവും വലയും വില്‍ക്കുന്നു

ആർ ബാലചന്ദ്രൻ
ആലപ്പുഴ
April 29, 2022 10:10 pm

വർധിച്ചുവരുന്ന കടബാധ്യതയിൽ നിന്ന് രക്ഷനേടാൻ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജീവനോപാധികൾ വിൽക്കാനൊരുങ്ങുന്നു. വള്ളങ്ങളും വലയും ഫൈബർ ബോട്ടുകളുമാണ് അവര്‍ വിൽക്കാനായി ഇട്ടിരിക്കുന്നത്. ആലപ്പുഴ, കൊല്ലം എറണാകുളം ജില്ലകളിലെ സ്ഥിതിയാണിത്. സാമുഹിക മാധ്യമങ്ങളിലടക്കം വില്പന സംബന്ധിച്ച് പ്രചരണം നടക്കുന്നുണ്ട്.
വിറ്റ് കിട്ടുന്ന പണം കൊണ്ട് കടബാധ്യത ഒഴിവാക്കാനുള്ള തിരക്കിട്ട ശ്രമമാണ് മത്സ്യത്തൊഴിലാളികൾ നടത്തുന്നത്. ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗം പേരും തൊഴിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽ നിന്നും എടുത്ത വായ്പ പോലും കൃത്യമായി തിരിച്ചടക്കാൻ മാർഗമില്ലാതായി. 

ജപ്തി അടക്കമുള്ള ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ വേറെ മാർഗമില്ലാത്ത സാഹചര്യത്തിലാണ് ഒരുവിഭാഗം മത്സ്യത്തൊഴിലാളികൾ ജീവിതോപാധികൾ തന്നെ വില്പനക്കായി വച്ചിരിക്കുന്നത്. രണ്ടു മാസത്തിലധികമായി ഏതാനും ചെറുവള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്. ആലപ്പുഴയിലെ അന്ധകാരനഴിയിലും പള്ളിത്തോട് ചാപ്പക്കടവിലും ചെല്ലാനം ഹാർബറിലും നിരവധി വള്ളങ്ങളാണ് പണിക്കുപോകാതെ കയറ്റിയിട്ടിരിക്കുന്നത്. 

ആലപ്പുഴ ജില്ലയിൽ സർക്കാർ പെർമിറ്റുള്ള എൻജിനുകൾ 14,332 ആണ്. പ്രതിദിനം വേണ്ടത് 12,000 ലിറ്റർ മണ്ണെണ്ണ. സബ്സിഡി വഴി കിട്ടുന്നത് 2000 ലിറ്ററാണ്. 2012ൽ ഇൻബോർഡ് വള്ളങ്ങളുടെ വരുമാനം 88,000 രൂപയായിരുന്നു. എന്നാൽ 2019ൽ വരുമാനം 45,000 രൂപയിലേക്ക് താഴ്ന്നു. ഓഖി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ എത്തിയതോടെ വരുമാനം വീണ്ടും താഴേക്ക് എത്തി. കടലിൽ പോകുന്ന ഓരോ വള്ളത്തിനും 150 മുതൽ 200 ലിറ്റർ മണ്ണെണ്ണ ഒരു ദിവസം വേണം. 50 പേർക്ക് മത്സ്യബന്ധനത്തിന് പോകാവുന്ന ഒരു ഇൻബോര്‍ഡ് വള്ളം ഒരു ദിവസം കടലിലിറങ്ങിയാൽ ചുരുങ്ങിയത് 45,000 രൂപയാണ് ചെലവ്. 

നാല് പേരടങ്ങുന്ന ഒരു മുറിവള്ളം ഒരു ദിവസം മത്സ്യബന്ധനത്തിന് പോകുന്നതിന് 8,000 രൂപയോളം ചെലവ് വരും.
ദിവസേന വർധിക്കുന്ന പെട്രോൾ, ഡീസൽ വില സാരമായി ബാധിക്കുന്ന ഒരു വിഭാഗമായി മത്സ്യത്തൊഴിലാളികളും മാറി കഴിഞ്ഞു. കേന്ദ്രസർക്കാർ മത്സ്യ ബന്ധനത്തിന് മുൻകാലങ്ങളിൽ സബ്സിഡി നിരക്കിൽ ലഭ്യമാക്കിയിരുന്ന മണ്ണെണ്ണ ക്വാട്ട നാമമാത്രമാക്കി മാറ്റിയതും തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കി. വിദേശ ട്രോളറുകളുടെ കടൽ അരിച്ചു പെറുക്കിയുള്ള മത്സ്യബന്ധനമുൾപ്പെടെ നിരോധിത മത്സ്യബന്ധന രീതികളും മേഖലയെ തകർത്തു കഴിഞ്ഞു. 

Eng­lish Summary:Fishermen sell boats and nets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.