വ്യാഴാഴ്ച ആരംഭിച്ച മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) 17-ാമത് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ ആരംഭിച്ച പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസംഘടിത, പരമ്പരാഗത മേഖലകള്‍ ഉൾപ്പെടെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾക്ക് സംസ്ഥാന ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾക്കും തൊഴിൽ സംരക്ഷണത്തിനും വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതും പണിമുടക്കുന്നതും സർക്കാർ വിരുദ്ധമായി വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നത് തൊഴിലാളിവർഗത്തോടുള്ള വിവേചനമാണ്. തൊഴിലാളികളുടെ ഹൃദയത്തിലാണ് ഇടതുപക്ഷത്തിന്റെ അടിത്തറ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ചുള്ള എഐടിയുസിയുടെ പോരാട്ടമെന്നും അത് ഇടതുപക്ഷ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും യന്ത്രവല്‍ക്കരണവും മൂലം തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായാൽ അർഹമായ നഷ്ടപരിഹാരം നൽകി തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ‘മത്സ്യമേഖല കേന്ദ്ര‑സർക്കാർ സമീപനം’ എന്ന വിഷയത്തിലുള്ള സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് വിഷയാവതരണം നടത്തി. പി രാജു മോഡറേറ്ററായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.