മത്സ്യബന്ധന മേഖല വറുതിയിലേയ്ക്ക്

Web Desk

കൊച്ചി

Posted on March 23, 2020, 9:28 pm

മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന മത്സ്യബന്ധന മേഖലയും മത്സ്യ കയറ്റുമതി മേഖലയും കൂടുതല്‍ വറുതിയിലേയ്ക്ക് പോകുന്നു. ഇപ്പോള്‍ കടലില്‍ പോയിട്ടുള്ള ബോട്ടുകള്‍ തിരികെ വന്നാല്‍ പുതിയതായി ബോട്ടുകള്‍ ഒന്നും കടലില്‍ പോവില്ല. മത്സ്യലേലവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നില്ല. മത്തിയടക്കമുള്ള മത്സ്യങ്ങളുടെ അഭാവവും ചെമ്മീനിന്റെ വിലക്കുറവും മണ്ണെണ്ണയടക്കമുള്ള ഇന്ധനങ്ങളുടെ ക്ഷാമവും മത്സ്യത്തൊഴിലാളികളെ ഏറെനാളായി വലച്ചുകൊണ്ടിരിക്കുകയാണ്.

ഇടനിലക്കാര്‍ പിടിമുറുക്കിയതോടെ തൊഴിലാളികള്‍ക്ക് മല്‍സ്യക്കൊയ്ത്തിന്റെ ഗുണഫലം ലഭിച്ചിരുന്നില്ല. വിദേശത്തേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായി നിലച്ചതോടെ മത്സ്യ സംസ്‌ക്കരണ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാവുകയാണ്. നേരത്തെ 50 കണ്ടൈയ്‌നര്‍ കയറിപോയിരുന്നു. നിലവില്‍ സംസ്‌ക്കരണം കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഫ്രീസിങ്ങ് സെന്ററുകളില്‍ സൂക്ഷിക്കുകയാണ്.

സമുദ്രോത്പന്ന കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ വിഹിതമുണ്ടായിരുന്നത് അമേരിക്കയ്ക്കാണ്. 35 ശതമാനം. ചൈനയിലേക്ക് കയറ്റുമതി പത്തു ശതമാനമാണ്. അതില്‍ ഞണ്ട് കൃഷിക്കാരാണ് വലഞ്ഞത്. ജീവനോടെ ഞണ്ടുകളെ കയറ്റി അയച്ചിരുന്ന മേഖലകളില്‍ കൊറോണ പടര്‍ന്നതോടെ നാട്ടില്‍ തുച്ഛമായ വിലയ്ക്ക് ഇവയെ വിറ്റഴിക്കേണ്ട ഗതികേടിലാണ് ഇവര്‍. നിലവില്‍ പാടങ്ങളില്‍ മത്സ്യകൃഷി നടത്തുന്നവരും പ്രതിസന്ധി നേരിടുന്നു. മാര്‍ച്ചു മാസം അവസാനത്തോടെ നിലം ഒഴിയുന്ന രീതിയിലുള്ള കരാറിലാണ് ഭൂരിഭാഗവും കൃഷി നടത്തുന്നത്. ഇവരും പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Eng­lish Sum­ma­ry; Fish­ing area cri­sis

YOU MAY ALSO LIKE THIS VIDEO