ലേലം വിളിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം: വിഴിഞ്ഞത്ത് മത്സ്യ ബന്ധനം നിർത്തിവെച്ചു

Web Desk

വിഴിഞ്ഞം

Posted on April 17, 2020, 11:57 am

മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മീൻ ലേലം ചെയ്ത് വിൽക്കാൻ മത്സ്യഫെഡും ഫിഷറീസ് അധികൃതരും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വിഴിഞ്ഞം തീരത്തെ മത്സ്യബന്ധനം പൂർണ്ണമായി നിർത്തിവെച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ മത്സ്യബന്ധനം ഉണ്ടാവില്ലെന്ന് വിഴിഞ്ഞം സിന്ധു യാത്ര മാതാപളളി ഇടവക കൗൺസിലും അറിയിച്ചു.

എല്ലാ ദിവസവും അർദ്ധ രാത്രി മുതൽ വൈകിട്ട് അഞ്ചുവരെയാണ് വിഴിഞ്ഞം തീരത്ത് തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതോടെ മത്സ്യ തൊഴിലാളികൾ കൊണ്ടുവരുന്ന മത്സ്യം നേരിട്ട് ലേലം ചെയ്ത് വിൽക്കാൻ മത്സ്യഫെഡ് അധികൃതർ അനുവദിക്കുന്നില്ലെന്ന് ഇടവക കൗൺസിൽ ആരോപിച്ചു. ലേലം വിളി ഒഴിവാക്കി നിശ്ചിത തുകയിട്ട് വിൽക്കുകയോ അല്ലെങ്കിൽ മത്സ്യഫെഡിന് മീനുകൾ നിശ്ചിത വിലയിട്ട് കൈമാറുകയോ വേണമെന്നാണ് മത്സ്യഫെഡ് അധികൃതരുടെ ആവശ്യം.

ഇങ്ങനെ വാങ്ങുന്ന മീൻ മത്സ്യഫെഡ് കച്ചവടക്കാർക്ക് നേരിട്ട് വിൽക്കും. അങ്ങനെയെങ്കിൽ മത്സ്യഫെഡ് വാങ്ങുന്ന മീനിന് ന്യായമായ വില തൊഴിലാളികൾക്ക് നൽകണമെന്ന ആവശ്യം ഇടവക കൗൺസിലും മുന്നോട്ട് വെച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് അധികൃതരും മത്സ്യതൊഴിലാളികളും തമ്മിൽ അസ്വാരസ്യവും ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ അധികൃതർ ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

സർക്കാർ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മത്സ്യതൊഴിലാളികളും അധികൃതരും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങാൻ ഇടയുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിഴിഞ്ഞം തീരത്തെ മീൻപിടിത്തവും അനുബന്ധകച്ചവടവും താൽക്കാലികമായി നിർത്തിവെയ്ക്കുന്നതെന്ന് ഇടവക സെക്രട്ടറി ബെനാൻസൺ ലോപ്പസ് പറഞ്ഞു. ഇതുവരെയും മത്സ്യ തൊഴിലാളികൾ പിടിച്ചുകൊണ്ടു വരുന്ന മീനുകളുടെ വിൽപ്പന സർക്കാർ നിർദ്ദേശിച്ചിട്ടുളള സാമൂഹിക അകലം പാലിച്ചും പൊലീസിന്റെ നിയന്ത്രണത്തിലുമാണ് നടന്നുവന്നതെന്ന് മത്സ്യതൊഴിലാളികളും ഇടവക ഭാരവാഹികളും പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO