പത്തോളം തോക്കുകളുമായി ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍. കോട്ടയം പള്ളിക്കത്തോട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. വെടിയുണ്ടകളും തോക്ക് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്തെ ബിജെപി പ്രാദേശിക നേതാവ് വിജയൻ, കൊമ്പിലാക്കൽ ബിനേഷ്കുമാര്‍, ആനിക്കാട് രാജന്, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്കുമാര്‍, രതീഷ് ചന്ദ്രന് എന്നിവരാണ് പിടിയിലായത്.
വിജയന്റെ വീട്ടിൽ നിന്നാണ് പത്ത് തോക്കുകൾ കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് മറ്റ് നാലു പേരുടെ പങ്കും വെളിവായത്. ഇവരില്‍ നിന്നും റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, പല തരം തോക്കുകളുടെ മോഡലുകള്‍, വ്യാജ വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50 ഓളം ഇരുമ്പുവടികള്‍ എന്നിവ പിടിച്ചെടുത്തു.
അറസ്റ്റിലായ അഞ്ചുപേർക്കും തോക്കുനിര്‍മ്മാണവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അനധികൃതമായി ആയുധ നിര്‍മ്മാണം, ആംസ് ആക്ട്, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
you may also like this video;