ഒരേ വേദിയിൽ അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് റെക്കോർഡ്

Web Desk
Posted on November 01, 2019, 5:11 pm

ഷാർജ: ഒരേ വേദിയിൽ അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ഡോ. അമാനുല്ല വടക്കാങ്ങര റെക്കോർഡ് സൃഷ്ടിച്ചു. 38ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വ്യാഴാഴ്ച്ച വൈകുന്നേരം 6.30ന് റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിലാണ് വ്യത്യസ്ത വിഷയങ്ങളിലുള്ള തന്റെ അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്ത് ഷാർജാ ബുക്ക് ഫെയറിന്റെ ചരിത്രത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ചത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി ബുക്സാണ് അഞ്ച് പുസ്തകങ്ങളുടെയും പ്രസാധകർ.

മാനവ സ്നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ചു വിടപറഞ്ഞ പത്മശ്രീ അഡ്വ. സി. കെ മേനോനെക്കുറിച്ച് ‘സി. കെ മേനോൻ മനുഷ്യ സ്നേഹത്തിന്റെ മറുവാക്ക്’ ഇംഗ്ലീഷ് അറബിക് പിക്ടോറിയൽ ഡിക്‌ഷണറി, സ്പോക്കൺ അറബിക് മാസ്റ്റർ, യാത്ര വിവരണങ്ങളായ വടക്കാങ്ങരയിൽ നിന്നും വാഷിങ്ടണിലേക്ക്, തടാകങ്ങളുടെ താഴ്‌വരയിലൂടെ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദീൻ, മീഡിയ വൺ മിഡിൽ ഈസ്റ്റ് ഹെഡ് എം. സി. എ നാസർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിലീസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ജയ്ഹിന്ദ് ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് എൽവിസ് ചുമ്മാർ, മാതൃഭൂമി ബ്യൂറോ ചീഫ് പി. പി ശശീന്ദ്രൻ, മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടന്റ് സാദിഖ് കാവിൽ എന്നിവരാണ് പ്രകാശനം ചെയ്തത്.

ലിപി അക്ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യുണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കെ. കെ. എൻ കുറുപ്പ്, കവി വീരാൻകുട്ടി, കെ. കെ മൊയ്തീൻ കോയ, ഇസ്മയീൽ മേലടി തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. പുസ്തകങ്ങൾ ലിപി ബുക്ക്സിന്റെ സ്റ്റാളിൽ ലഭിക്കുന്നതാണ്.