അറബിക്കടലിൽ ഈ വർഷം രൂപപ്പെട്ട ചുഴലിക്കാറ്റുകൾ ഇവയാണ്

Web Desk
Posted on December 06, 2019, 9:57 pm

ന്യൂഡൽഹി: അറബിക്കടലിൽ 2019 ൽ മാത്രം അഞ്ച് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇത് 117 വർഷം മുമ്പ് ഉണ്ടായ റെക്കോഡിന് തുല്യമാണെന്ന് കാലാവസ്ഥ പഠനകേന്ദ്രം പറയുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ വൈകാതെ പവൻ എന്ന ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണയായി വർഷത്തിൽ ഒരു ചുഴലിക്കാറ്റാണ് അറബിക്കടലിൽ രൂപപ്പെടാറുള്ളത്. എന്നാൽ ഇത്തവണ അഞ്ച് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളാണ് അറബിക്കടലിൽ രൂപപ്പെട്ടത്. ഇതിനുമുമ്പ് 1902 ലാണ് അഞ്ച് ചുഴലിക്കാറ്റുകൾക്ക് അറബിക്കടൽ സാക്ഷ്യം വഹിച്ചത്.

ഈ വർഷം ജൂൺ 10 മുതൽ 17 വരെ ‘വായു’, സെപ്റ്റംബർ 22 മുതൽ 25 വരെ ‘ഹിക്ക’, എന്നിങ്ങനെ അതിതീവ്രമായ രണ്ട് ചുഴലിക്കാറ്റുകളാണ് അറബിക്കടലിൽ രൂപപ്പെട്ടത്. തുടർന്ന് ഒക്ടോബർ 24 മുതൽ നവംബർ രണ്ട് വരെ തീവ്ര ചുഴലിക്കൊടുങ്കാറ്റായ (സൂപ്പർ സൈക്ലോണിക്) ക്യാറും ഒക്ടോബർ 30 മുതൽ നവംബർ ഏഴ് വരെ അതീവ ഗുരുതരമായ മഹാ ചുഴലിക്കാറ്റം അറബിക്കടലിൽ രൂപപ്പെട്ടിരുന്നു. കൂടാതെയാണ് ഇപ്പോൾ പവൻ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഡിസംബർ 2 നാണ് പവൻ ചുഴലിക്കാറ്റ് അറബിക്കടലിൽ ശക്തി പ്രാപിച്ചു തുടങ്ങിയത്. അതേസമയം സാധാരണയായി വർഷത്തിൽ നാല് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്ന ബംഗാൾ ഉൾക്കടലിൽ ഈ വർഷം പാപുക്ക്, ഫോനി, ബുൾ ബുൾ തുടങ്ങി മൂന്നു ചുഴലിക്കാറ്റുകൾ മാത്രമാണ് രൂപപ്പെട്ടത്.

you may also like this video


അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുകൾക്ക് തീവ്രത കൂടുതലായിരുന്നു. എന്നാൽ ഡിസംബർ മാസത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് വളരെ അസാധാരണമായ സംഭവമാണെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. സമുദ്രോപരിതല താപനില വർധിച്ചതാണ് ഇതിന് കാരണമാകുന്നതെന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ ഗവേഷകനായ അക്ഷയ് ഡിയോരസ് പറഞ്ഞു. 1981–2010 കാലയളവിനെ അടിസ്ഥാനപ്പെടുത്തിയാൽ സമുദ്രോപരിതലത്തിലെ താപനിലയില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ മേഖലയിൽ തുടർച്ചയായി ന്യൂനമർദ്ദത്തിലും ചാഞ്ചാട്ടമുണ്ടായി. മൺസൂണിനു ശേഷമുള്ള ചുഴലിക്കാറ്റ് അറബിക്കടലിൽ കൂടുതൽ സജീവമായതോടെ പ്രതിവർഷം ഒന്ന് എന്ന സ്ഥാനത്ത് അഞ്ച് ചുഴലിക്കാറ്റുകള്‍ വരെ അറബിക്കടലിൽ രൂപം പ്രാപിച്ചു. മൺസൂണിന് മുമ്പുള്ള ഒരു ചുഴലിക്കാറ്റിന്റെ സ്ഥാനത്ത് ഇത്തവണ രണ്ട് ചുഴലിക്കാറ്റുകളാണ് അറബിക്കടലിൽ ഉണ്ടായത്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പാനലിന്റെ റിപ്പോർട്ട് പ്രകാരം വരും വർഷങ്ങളിൽ അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ തീവ്രത വർദ്ധിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് സ്ഥിരീകരിക്കുന്നു. ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ രാജ്യത്ത് നടക്കുമ്പോൾ കേന്ദ്ര സർക്കാർ നിസ്സംഗരായിരിക്കാതെ നേരത്തേ തന്നെ തീരദേശ സംരക്ഷണത്തിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഒക്ടോബറിൽ നടന്ന ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ എഴുത്തുകാരിയായ അഞ്ജലി പ്രകാശ് വ്യക്തമാക്കിയിരുന്നു.