രാജേഷ് ടി ദിവാകരൻ

കഥ

May 24, 2020, 5:25 am

ഏകാന്തതയുടെ അഞ്ചു ദിവസങ്ങൾ

Janayugom Online

ഞ്ചു ദിവസം കഴിഞ്ഞ് ആദ്യമായി വാതിൽ തുറക്കുന്നു. പുറത്തേക്കുള്ള മെയിൻ ഡോർ. അതിനുമുമ്പ് ഈ ദിവസങ്ങളിലെ ജീവിതവും ഒപ്പം ചെറിയൊരു സെൽഫ് ഇൻട്രൊഡക്ഷനും വേണം. കോർപ്പറേറ്റ് ജീവിയാണ്, വർഷങ്ങളായിട്ട്. ടെക്കി. കാക്കനാട് ഐ ടി പാർക്കിൽ വർക്ക് ചെയ്യുന്നു. ടീം ലീഡാണ്. വെറുതെയല്ല; നാലുവർഷം കിളച്ച് മറിഞ്ഞിട്ട് കിട്ടിയതാണ്. വീട്ടുകാർ കല്യാണാലോചനകൾ നടത്തുന്നു. നിലവിൽ ഫ്രീ സ്പിരിറ്റാണ്. അവസാന ഗേൾഫ്രണ്ടുമായി ബ്രേക്ക് അപ്പ് ആയിട്ട് മൂന്നുമാസം കഴിയുന്നു. ഇപ്പോൾ അപ്പാർട്മെന്റിൽ ഒറ്റയ്ക്ക് വാസം. നല്ല ഫ്ലാറ്റാണ്. പുതിയത്. ഹൗസോണറുടെ മരിച്ചുപോയ അച്ഛന്റെയും അമ്മയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ( ഭാരത് സ്റ്റുഡിയോ, കൊച്ചി) ഭിത്തിയിൽ തൂങ്ങുന്നത് ഇടയ്ക്കൊക്കെ അലോസരപ്പെടുത്തുന്നു. ആരൊക്കെയോ നോക്കുന്നതുപോലെ. ഒരു സിസിടിവി ഫീല്. ഒന്നും ചെയ്യാൻ പറ്റില്ല.

ഫ്ലാറ്റിന്റെ കീ തരുമ്പോൾ ഇത് മാറ്റണോന്ന് ഹൗസോണർ ചോദിച്ചതാണ്. ഏയ് വേണ്ടാന്ന് വലിയവായിൽ പറഞ്ഞു കീ കൈനീട്ടി വാങ്ങി. അല്ലെങ്കിൽ തന്നെ ബാച്ചിലേഴ്സിന് വീട് വാടകയ്ക്ക് കിട്ടാൻ പെടാപ്പാടാണ്. നാട് തൃശ്ശൂർ കണ്ടാണിശ്ശേരി. അച്ഛനും അമ്മയും പെൻഷനേഴ്സ്സ്. വീട്ടിൽ പൈസ കൊടുക്കണ്ട. പെങ്ങൾ കെട്ടി, അളിയനും പിള്ളേരുമായിട്ട് ഖത്തറിൽ. കൊറോണ ഇന്ത്യയിൽ. ദേശീയതലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു. ലീഡ് ആയതുകൊണ്ടും എന്റേത് യുകെ ക്ലൈന്റായത് കൊണ്ടും സ്റ്റേ ബാക്ക് ചെയ്യണമെന്ന് മാനേജ്മെന്റ്. ഓഫീസിൽ ചെല്ലണ്ട. കൊച്ചിയിൽ ഉണ്ടായാൽ മതി. വർക്ക് ഫ്രം ഹോം. എനിക്ക് നോ ഇഷ്യൂസ്. വീട്ടിൽ പോകാൻ അല്ലേലും വലിയ താത്പര്യമില്ല. തീറ്റ‑കുടി സാധനങ്ങൾ പരമാവധി വാങ്ങി അപ്പാർട്മെന്റിൽ കേറി വാതിലടച്ചു. കുക്കിംഗ് അന്നുമില്ല ഇന്നുമില്ല. റെഡി ടു ഈറ്റാണ് ഫ്രിഡ്ജ് നിറയെ. ആവശ്യമുള്ളത് എടുക്കുന്നു, ഓവനിൽ ഒന്ന് ചൂടാക്കുന്നു. ജോബ് ഡൺ. ചായയ്ക്ക് കൈറ്റിലുണ്ട്. പിന്നെ കാഴ്ച. നെറ്റ്ഫ്ലിക്സ്, ആമസോൺ, മുബി, ടെലഗ്രാഫ്, ടോറന്റ് ഡൗൺലോഡുകൾ, യൂട്യൂബ്. സീരീസാണ് ഇഷ്ടം.

മാലപ്പടക്കത്തിന് തീ പിടിച്ചത് പോലെ. നിർത്താൻ പറ്റില്ല. എപ്പിസോഡുകൾ കത്തിത്തീർന്ന് സീസൺ കഴിയുമ്പോൾ പകല് രാത്രിയാകുന്നു രാത്രി പകലാകുന്നു. ഇടയ്ക്കിടയ്ക്ക് സൂമിൽ ടീം മീറ്റിംഗ്, മാനേജ്മെന്റ് മീറ്റിംഗ്, ക്ലൈന്റ് മീറ്റിംഗ്. യുകെ ഡൗണായതുകൊണ്ട് വലിയ തലവേദനകളില്ല. സായിപ്പ് പേടിച്ച് ചുരുണ്ടിരിപ്പാണ്. പഴയ പ്രകടനമൊന്നുമില്ല. ഹ.…ഹ.…. വീട്ടിൽ നിന്നും ഇടയ്ക്ക് അമ്മയുടെ വിളി. അമ്മയുടെ ആവലാതി ഗൾഫിലെ ചേച്ചിയുടെ കാര്യത്തിൽ. പിന്നെ ഫ്രണ്ട്സിന്റെ കോളുകൾ. ചിലരുമായി ചില വാട്സാപ്പ് ചാറ്റുകൾ. അധികം പറയുന്നില്ല. സെൻസേർഡ്. ഫേസ്ബുക്കിനോട് ഇപ്പൊ പഴയ ഇഷ്ടമില്ല. ഇൻസ്റ്റയാണ് കൂടുതൽ. മൂന്നുദിവസം കഴിഞ്ഞപ്പോൾ കുറച്ച് കോൺസ്റ്റിപേഷൻ പ്രശ്നങ്ങളുണ്ട്. പരിചയക്കാരൻ ഡോക്ടറെ വിളിച്ചു ചോദിച്ചു. തീരെ വർക്കൗട്ട് ഇല്ലാത്തതാണ് കുഴപ്പമെന്ന് മറുപടി. ഫൂട്ട്സ് കഴിക്കാൻ ഉപദേശം. ആപ്പിളും ഓറഞ്ചുമൊക്കെ ഇരിപ്പുണ്ട്. കഴിച്ചു തുടങ്ങുന്നു. അഞ്ചാം ദിവസം വല്ലാത്ത ബോറടി. രാവിലെ എഴുന്നേറ്റപ്പോൾ കണ്ണിന് നല്ല വേദന. ഫുൾ ടൈം ലാപ് ടോപ്പ്, പിന്നെ മൊബൈൽ. സൊ നോ വണ്ടർ. രാവിലെ എന്നുപറഞ്ഞാൽ എഴുന്നേറ്റപ്പോൾ മണി പതിനൊന്നര.

കിടന്നത് വെളുപ്പിനെ. മൊബൈലിൽ ഐട്യൂൺസ് എടുത്ത്, ഇയർഫോൺ ചെവിയിൽ തിരുകി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു സുഖവുമില്ല. ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി. പുറത്ത് കത്തിക്കാളുന്ന വെയിൽ. ഫ്ലാറ്റിന് പുറത്തെ റോഡ് ശൂന്യം. ലോകം അവസാനിച്ചോ? പുതുതായി ടാർ ചെയ്ത റോഡാണ്. പന്തലിച്ചു നിൽക്കുന്ന ഉറക്കം തൂങ്ങി മരത്തിന്റെ നീണ്ട കറുത്ത കായ്കൾ റോഡിൽ വീണ് ചിതറിക്കിടക്കുന്നു. തീപിടിച്ചത് പോലെ പൂത്തുനിൽക്കുന്ന വാക. കണിക്കൊന്നയുടെ മഞ്ഞപ്പ്. കണ്ണിന് വെയിലത്ത് നോക്കിയതിന്റെ പുളിപ്പ്. അപ്പാർട്മെന്റിന് പുറത്ത് ഷൂറാക്കിന് അടുത്തായി തന്റെ മൂന്ന് ചെടിച്ചട്ടികൾ? തോന്നൽ മിന്നി. പുറത്തേക്ക് നടക്കുന്നു. വാതിൽ തുറക്കുന്നു. ആദ്യം പറഞ്ഞ അഞ്ചു ദിവസത്തിന് ശേഷമുള്ള വാതിൽ തുറക്കൽ. ശരിയാണ്, പുറത്ത് മൂന്ന് ചെടിച്ചട്ടികൾ. ചട്ടികളിൽ പേരറിയാത്ത ചെടികൾ. വെള്ളമില്ലാതെ വാടിത്തളർന്ന് തണ്ട് കുഴഞ്ഞ് നിൽക്കുന്നു. ചട്ടികളിലെ മണ്ണ് വരണ്ടുണങ്ങി വിണ്ടുകീറിയിട്ടുണ്ട്. വിണ്ടുകീറിയ ഏതോ കണ്ടം ഓർമ്മവന്നു.

ചെടികൾക്ക് വെള്ളമില്ലാതായിട്ട് എത്ര ദിവസം? ഞാൻ ഒഴിക്കാറില്ല. വേസ്റ്റ് എടുക്കാനും കോമൺ ഏരിയ വൃത്തിയാക്കാനും വരുന്ന സ്ത്രീകളാവും വെള്ളമൊഴിക്കുന്നത്. അല്ലെങ്കിൽ ഇതൊക്കെ എന്നേ വാടിക്കരിഞ്ഞു പോകണ്ടതാണ്. ലോക്ഡൗൺ തുടങ്ങിയതോടെ ക്ലീനിംഗ് സ്റ്റാഫ് വരുന്നില്ല. വേസ്റ്റ് മാത്രം ഗേറ്റിലെ സെക്യൂരിറ്റി വന്നെടുക്കും. ഇനി ചെടികളുടെ ചരിത്രം പറയാം. ഇത് എന്റെ ചെടികളല്ല എന്നതാണ് സത്യം. ലാസ്റ്റ് ഗേൾഫ്രണ്ടിന് മുമ്പുണ്ടായിരുന്ന ഗേൾഫ്രണ്ടിന്റെയാണ് സംഗതി. ഞങ്ങളൊരുമിച്ച് താമസം തുടങ്ങിയപ്പോൾ വാങ്ങിച്ചതാണ്. കുറച്ച് സെൻസിറ്റീവ് ടൈപ്പ് കക്ഷി. വയലന്റായുള്ള ബന്ധം പിരിയലായിരിന്നു. ഒരു പൂച്ചയും ഉണ്ടായിരുന്നു. അതിനെ കൊണ്ടുപോയി. ചെടികൾ ബാക്കിയായി. അവസാന ഗേൾഫ്രണ്ടിന് ചെടികൾ കണ്ടപ്പോൾ സർപ്രൈസ്. ഗാർഡനിങ് ഇഷ്ടമാണ് അല്ലേ? ഞാൻ വെറുതെ ചിരിച്ചു. പിന്നെ വെള്ളം ഒഴിക്കൽ പോകുന്നതുവരെ ആളേറ്റെടുത്തു. ഇപ്പൊ പണിക്കാരി ചേച്ചിമാരായിരിക്കണം. നിന്ന് പഴങ്കഥ പറയാതെ, പോയി വെള്ളമെടുക്ക് മകനേ… ചെടികളുടെ തൊണ്ട വരണ്ട നിലവിളി. അക്വാഫിനയുടെ ബോട്ടിലിൽ ടാപ്പ് വെള്ളം നിറച്ചു കൊണ്ടുവന്ന് ഒഴിച്ചു.

ആദ്യം ഒഴിച്ച് വെള്ളം എങ്ങോട്ടു പോയെന്ന് കണ്ടില്ല. അഞ്ചാറു കുപ്പി ഒഴിക്കേണ്ടി വന്നു, ചട്ടികളിലെ മറ്റൊന്ന് കുതിരാൻ. ആദ്യമായിട്ടാണ്; കൈക്കുമ്പിളിൽ വെള്ളമെടുത്ത് ചെടികളുടെ ഇലകളിൽ തളിച്ചു. അങ്ങനെ ചെയ്യാൻ തോന്നി. ഇലകളിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികൾ. പേരറിയാത്ത മൂന്ന് ചെടികൾ. നോക്കി നിൽക്കുന്ന ഞാൻ. ഇയർഫോൺ വീണ്ടും ചെവിയിൽ തിരുകി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വിളിച്ചു. അപ്പുറത്തെ അപാർട്മെന്റിന്റെ മുമ്പിൽ നിൽക്കുന്നു. ഒറ്റയ്ക്ക് ഒരു ചട്ടിയിൽ ഒരു വലിയ ചെടി. പ്രായം കൂടിയ ആളാണല്ലോ. പച്ചിലയല്ല, തവിട്ടിലയിൽ മഞ്ഞപ്പുള്ളികൾ. അവിടാരുമില്ലേ? ഒരു പെൺകൊച്ച് കേറി പോവുന്നത് കണ്ടിട്ടുണ്ട്. കണ്ണാടി വെച്ചൊരു ഗുണ്ടുമണി. കഴുത്തിൽ ടാഗുള്ള വേറൊരു ജീവി. പരിചയമില്ല.

ലിഫ്റ്റിൽ തിങ്ങി ഞെരുങ്ങി നിന്നാലും ആളുകൾ മുഖത്ത് നോക്കില്ല. Star­ing at strangers മര്യാദയല്ല. സായിപ്പിന്റെ കൾച്ചർ. ചെടി വിടുന്നില്ല. ഒരേ വിളി. പോകാനൊരു മടി. കുപ്പിയിൽ വെള്ളം ബാക്കിയാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കി. നേരെയും നോക്കി. ആരുമില്ല. ലിഫ്റ്റം അനങ്ങുന്നില്ല. പതുക്കെ ചെടിയുടെ അടുത്തേക്ക്. വെള്ളം ചുവട്ടിലെ മണ്ണിലേക്ക് ഗുമു ഗുമാന്ന് ഒഴുകി. അങ്കലാപ്പ് കാരണം കുപ്പി കൂടുതൽ കമഴ്ത്തി. അപാർട്ട്മെന്റിന്റെ വാതിൽ പിടി തിരിയുന്ന ശബ്ദം. തുറന്നു വരുന്ന ശബ്ദം. ഒഴിക്കൽ അവസാനിപ്പിച്ച് തിരക്കിട്ട് തിരികെ നടന്നു. അകത്തു കേറി മറയാൻ പറ്റിയില്ല. സ്വന്തം ചെടികൾക്കടുത്ത് കാവി നിന്നു. വെള്ളം ഒഴിക്കുന്നത് പോലെ നടിച്ചു. കുറച്ച് ഒഴിക്കുകയും ചെയ്തു. പുറകിൽ ആരോ ഉണ്ട്. ചെടിക്ക് വെള്ളമൊഴിച്ചത് കണ്ടു കാണും? തല പൊക്കി എന്റെ നേർക്ക് നോക്കുന്നു. നോട്ടം എന്റെ പുറത്ത് തട്ടിത്തെറിക്കുന്നു. തിരിഞ്ഞുനോക്കാൻ ശീലം സമ്മതിക്കുന്നില്ല. പരിചിതമല്ലാത്തൊരു സന്തോഷം ഉള്ളിൽ മുളപൊട്ടുന്നു.