മഹാരാഷ്ട്രയില്‍ മഴക്കെടുതി: മരണം 12 ആയി

Web Desk
Posted on September 26, 2019, 10:04 am

പൂനെ: മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ ഉണ്ടായ അപകടങ്ങളില്‍ മരണം പന്ത്രണ്ട് ആയി. പൂനെയില്‍ ഭിത്തിയിടിഞ്ഞുവീണുണ്ടായ അപകടത്തില്‍  പേര്‍ മരിച്ചു. പുനെയിലെ അരണ്യേശ്വറിലാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് നിരവധിപേരെ കാണാനില്ല. രണ്ട് ദിവസമായി തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് പൂനെയിലും സമീപപ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിവിധ സംഭവങ്ങളിലായി മരിച്ചവരുടെ എണ്ണം 12 ആയി.

മഴക്കെടുതിയില്‍പ്പെട്ട 574 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം സ്തംഭിച്ചമട്ടിലാണുള്ളത്. 27 ഓടെ മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇതിനിടെ ഇന്ന് പൂനെയുടെ വിവിധ താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ വിവിധിയിടങ്ങളില്‍ വിന്യസിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.

മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത തന്നെ വേദനിപ്പിച്ചെന്നും ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അധികൃതര്‍ നിരന്തരം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു.