Web Desk

December 28, 2020, 11:09 am

ജനുവരി ഒന്നു മുതല്‍ നിങ്ങളെ ബാധിക്കുന്ന അഞ്ച് ധനകാര്യ മാറ്റങ്ങള്‍

Janayugom Online

ചെക്ക് ഇടപാടുകള്‍ക്ക് പുതിയ രീതി

റിസര്‍വ് ബാങ്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചെക്ക് തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ‘പോസിറ്റീവ് പേ സിസ്റ്റം ’ അവതരിപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ ചട്ടപ്രകാരം, 50,000 രൂപയില്‍ കൂടുതല്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ചില സുപ്രധാന വിശദാംശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കേണ്ടതായി വരും. വഞ്ചനാപരമായ പ്രവര്‍ത്തനം കണ്ടെത്തുന്നതിന് രൂപകല്‍പ്പന ചെയ്ത രീതിയാണ് പോസിറ്റീവ് പേ. ക്ലിയറിംഗിനായി ഹാജരാക്കിയ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ചെക്ക് നമ്ബര്‍, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്ബര്‍, തുക, മറ്റ് വിശദാംശങ്ങള്‍ എന്നിവ പുനപരിശോധിക്കും.

ചെക്കിന്റെ ചില മിനിമം വിശദാംശങ്ങള്‍ ഗുണഭോക്താവിന്റെ / പണമടച്ചയാളുടെ പേര്, തുക, ഇലക്‌ട്രോണിക് വഴി എസ്‌എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, തുടങ്ങിയ ചാനലുകള്‍ വഴി പരിശോധിച്ച വിവരം ചെക്ക് നല്‍കിയ ബാങ്കിലേക്കും പിന്‍വലിക്കുന്ന ബാങ്കിലേക്കും നല്‍കും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടാല്‍ ചെക്ക് നല്‍കിയ ബാങ്കിനെയും പിന്‍വലിക്കുന്ന ബാങ്കിനെയും സി.ടി.എസ്. (ചെക്ക് ട്രാന്‍സാക്ഷന്‍ സിസ്റ്റം) ഈ വിവരങ്ങള്‍ തല്‍ക്ഷണം കൈമാറും. ചെക്ക് ഇടപാടുകള്‍ക്ക് ഇത്തരത്തില്‍ ഇരട്ടി സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ‘പോസിറ്റീവ് പേ’ സംവിധാനം തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാല്‍, അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ബാങ്കുകള്‍ പരിഗണിച്ചേക്കും

എല്ലാ കാറുകള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധം

ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് പുതുവര്‍ഷം മുതല്‍ എല്ലാ നാലു ചക്രവാഹനങ്ങള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍ എഫ് ഐ ഡി) അടിസ്ഥാനമാക്കുന്ന ഫാസ്റ്റാഗ് വഴി ടോള്‍ പിരിച്ച്‌ ഡിജിറ്റല്‍ ഐ ടി അധിഷ്ഠിത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനം പറയുന്നു. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്കു രാജ്യത്തെ എല്ലാ ടോള്‍ പ്‌ളാസകളിലും ജനുവരി ഒന്നുമുതല്‍ ഇരട്ടി തുക കൊടുക്കേണ്ടിവരും. മാത്രമല്ല അവിടെവച്ചുതന്നെ ഫാസ്ടാഗ് എടുക്കേണ്ടിയും വരും. നാലു ചക്രമുള്ളതും എം, എന്‍ വിഭാഗങ്ങളില്‍ പെടുന്നതുമായ പഴയ വാഹനങ്ങള്‍ക്കും 2021 ജനുവരി ഒന്നു മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാണെന്നാണു കേന്ദ്ര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ(സി എം വി ആര്‍)ത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണു 2017 ഡിസംബര്‍ ഒന്നിനു മുമ്ബ് വിറ്റ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2017 ഡിസംബര്‍ ഒന്നിനു ശേഷം വിറ്റ നാലു ചക്രവാഹനങ്ങള്‍ക്ക് നേരത്തെ തന്നെ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ വാഹനങ്ങളില്‍ വില്‍പനവേളയില്‍ തന്നെ പതിക്കാനായി വാഹന നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും ‘ഫാസ്റ്റാഗ്’ ലഭ്യമാക്കിയിട്ടുണ്ട്.

ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്കായി ഇ‑മാന്‍ഡേറ്റുകളില്‍ ഇളവ്

ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഇ‑മാന്‍ഡേറ്റുകള്‍ 2,000 രൂപ എന്നത് ഉയര്‍ത്തുന്നു. 2020 ഡിസംബറിലെ ദ്വൈമാസ ധന നയത്തില്‍, ഈ പരിധി 2000 എന്നതില്‍ നിന്ന് 2020 ജനുവരി 1 മുതല്‍ 5000 രൂപയായി ഉയര്‍ത്തുമെന്ന് തീരുമാനമായി. ഇത്തരത്തില്‍ ആവര്‍ത്തിച്ചുളള യുപിഐ, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് മാന്‍ഡേറ്റുകള്‍ 5,000 രൂപ വരെ പേയ്മെന്റ് നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കും. ഉപയോക്താക്കള്‍ക്ക് ചെറിയ മൂല്യമുള്ള പേയ്മെന്റുകള്‍ ഡിജിറ്റലായി നടത്തുന്നത് ഇത് എളുപ്പമാക്കും. റീറ്റെയ്ല്‍ വ്യാപാരികള്‍ക്കും ഇത് ഉപകാരപ്പെടും.

രണ്ട് വട്ട ഓതന്റിക്കേഷന്‍ കൂടാതെ 5000 വരെ ഇടപാടുകള്‍

ജനുവരി ഒന്നുമുതല്‍ രണ്ട് വട്ട ഓതന്റിക്കേഷന്‍ കൂടാതെ ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ 5,000 രൂപ വരെ ഇടപാടുകള്‍ നടത്താം. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ നീക്കം ഉപഭോക്താക്കളെ തടസ്സരഹിതമായ രീതിയില്‍ കൂടുതല്‍ സമ്ബര്‍ക്കമില്ലാത്ത പേയ്മെന്റുകള്‍ നടത്താനും അതുവഴി നിലവിലെ കോവിഡ് സാഹചര്യത്തില്‍ ബിസിനസ് തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ട് പോകാനും സഹായിക്കും.

നിര്‍ബന്ധിത സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ടേം ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) 2021 ജനുവരി 1 മുതല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ്v കമ്ബനികള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് വ്യക്തിഗത ലൈഫ് ടേം ഇന്‍ഷുറന്‍സ് പോളിസി നല്‍കല്‍ നിര്‍ബന്ധിതമാക്കി.
ഈ സ്റ്റാന്‍ഡേര്‍ഡ് ടേം ഇന്‍ഷുറന്‍സ് സരള്‍ ജീവന്‍ ബിമ എന്നാണ് അറിയപ്പെടുക. ഇതനുസരിച്ച്‌ ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 5 ലക്ഷം രൂപ മുതല്‍ പരമാവധി 25 ലക്ഷം രൂപ ഇന്‍ഷ്വര്‍ തുക ഉറപ്പു വരുത്തുന്നു. ഇത്തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ പുറത്തിറക്കാനാണ് ഇന്‍ഷുറന്‍സ് കമ്ബനികളോട് ഐആര്‍ഡിഎഐയുടെ നിര്‍ദേശം.

ENGLISH SUMMARY:Five finan­cial changes affect­ing you from Jan­u­ary 1st
You may also like this video