19 April 2024, Friday

അഞ്ഞൂറ് രൂപ മൂലധനത്തില്‍ അഞ്ച് ലക്ഷം വരുമാനം; ഇത് ശ്രീലക്ഷ്മിയുടെ വിജയഗാഥ

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
January 31, 2022 10:33 pm

അഞ്ഞൂറ് രൂപ മൂലധനത്തിൽ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വരുമാനമുള്ള സംരംഭം കെട്ടിപ്പടുത്തുയർത്തിയ ശ്രീലക്ഷ്മിയുടെ വിജയഗാഥ ഏവർക്കും പ്രചോദനമാണ്. നാല് വർഷം മുമ്പ് ബന്ധു നൽകിയ അഞ്ഞൂറ് രൂപകൊണ്ട് കലവറ ഫുഡ്പ്രോഡക്ട് എന്ന സ്ഥാപനം തുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീലക്ഷ്മിയുടെ കഠിനാധ്വാനമാണ് അവരെ നാട് അറിയുന്ന സംരംഭകയാക്കി മാറ്റിയത്. വിവിധ തരം അച്ചാറുകൾ, പൊടികൾ തുടങ്ങിയവ ഉയർന്ന ഗുണനിലവാരം പുലർത്തിയാണ് കലവറയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 

ദരിദ്രമായ ചുറ്റുപാടിൽ നിന്നാണ് ശ്രീലക്ഷ്മി ജീവിത യാത്ര തുടങ്ങുന്നത്. മികച്ച ജീവിത നിലവാരം സ്വപ്നംകണ്ട് ഉയർന്നമാർക്കോടെ പഠനം പൂർത്തിയാക്കി. അധ്യാപികയാകുന്നതിന് വേണ്ടിയുള്ള യോഗ്യത പരീക്ഷകളും പാസായി. എന്നാൽ ജോലി അന്വേഷിച്ചുളള യാത്ര സമ്മാനിച്ചത് നിരാശകൾ മാത്രം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും 40 ലക്ഷം രൂപവരെയാണ് ജോലി നൽകുന്നതിനായി ആവശ്യപ്പെട്ടത്. അർഹമായ ജോലി പണം ഇല്ലെന്ന ഒറ്റക്കാരണത്താൽ നിഷേധിക്കപ്പെട്ടെങ്കിലും തോറ്റുകൊടുക്കുവാൻ ശ്രീലക്ഷ്മി തയ്യാറായില്ല. 

സ്വന്തമായി എന്തെങ്കിലും തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന ചിന്തയാണ് അവരെ ‘കലവറ’യിൽ എത്തിച്ചത്. അഞ്ഞൂറ് രൂപ മുടക്കി ആദ്യം ചെറിയ രീതിയിലാണ് ആരംഭിച്ചത്. ക്രമേണ അച്ചാറുകൾക്കും മുളക്പൊടി ഉൾപ്പെടെയുള്ളവയ്ക്കും ആവശ്യക്കാരേറി. കലവറയുടെ അടുക്കള കാഴ്ച്ചകൾ അവരുടെ ഫേസ്ബുക്കിലൂടെ ലൈവായി ആർക്കും കാണുവാൻ സാധിക്കും. തനി നാടൻ രീതിയിലാണ് പാചകം. ഒറ്റയ്ക്ക് തുടങ്ങിയ സംരംഭത്തിൽ ഇപ്പോൾ എട്ടോളം പേർക്ക് തൊഴിൽ നൽകുവാനും ശ്രീലക്ഷ്മിക്കായി. വെളുപ്പിനെ നാല് മണിക്ക് എറണാകുളം ചമ്പക്കര മാർക്കറ്റിൽ നിന്ന് മീൻ അച്ചാറിനുള്ള മീൻ വാങ്ങിയാണ് ശ്രീലക്ഷ്മിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഉച്ചവരെയാണ് പാചകത്തിനുളള സമയം. മുൻകൂറായി ഓർഡർ നൽകിയവർക്ക് പോസ്റ്റോഫീസ് കൊറിയർ വഴി അച്ചാറുകളും പൊടികളും അയച്ചുനൽകും. 10 വിദേശരാജ്യങ്ങളിലേക്കും കൊറിയർ വഴി കലവറയിലെ ഭക്ഷ്യപദാർത്ഥങ്ങൾ എത്തുന്നുണ്ട്. നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുകയാണ് ശ്രീലക്ഷ്മി തുടർന്നുവരുന്ന രീതി. 

സൂപ്പർമാർക്കറ്റുകളിലേക്ക് വില്പനയ്ക്കായി നൽകണമെങ്കിൽ ഏറെക്കാലം നിലനിൽക്കുന്ന രീതിയിൽ ചില ചേരുവകള്‍ ചേർക്കണമെന്നുള്ളത്കൊണ്ട് തന്നെ അതിന് മുതിർന്നില്ല. കലവറയുടെ ഫേസ്ബുക്ക് പേജിലെത്തി ആവശ്യക്കാർക്ക് ഓർഡർ നൽകാം. ദിവസങ്ങൾക്കുള്ളിൽ അച്ചാറുകൾ വീട്ടിലെത്തും. സ്വന്തമായി ഒരു കാർ എന്ന സ്വപ്നം നേടിയെടുത്ത ശ്രീലക്ഷ്മിയുടെ അടുത്ത ലക്ഷ്യം ഒരു വീടാണ്. കോവിഡ്കാലം ബിസിനസിനെ തളർത്തിയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് കലവറയും ശ്രീലക്ഷ്മിയും. കൂട്ടിന് എല്ലാപിന്തുണയും നൽകി ഭർത്താവ് അജീഷും ഒപ്പമുണ്ട്. 

ENGLISH SUMMARY:Five lakh income with a cap­i­tal of five hun­dred rupees; This is the suc­cess sto­ry of Sreelakshmi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.